ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; സൗദി അറേബ്യയിൽ കാലാവസ്ഥ മുന്നറിയിപ്പ്
ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
റിയാദ്: സൗദി അറേബ്യയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പ്. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച വരെ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
മക്കയില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കനത്ത മഴയ്ക്കൊപ്പം ആലിപ്പഴ വര്‍ഷവും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നുണ്ട്. റിയാദ്, മദീന, ഖസീം, ഹായില്‍, വടക്കന്‍ അതിര്‍ത്തികള്‍, കിഴക്കന്‍ പ്രവിശ്യ, അല്‍ ബാഹ, അസീര്‍ എന്നിവിടങ്ങളില്‍ മിതമായ മഴയോ കനത്ത മഴയോ പ്രതീക്ഷിക്കുന്നു. തബൂക്ക്, അല്‍ ജൗഫ്, നജ്റാന്‍ എന്നീ പ്രദേശങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും.
കാലാവസ്ഥ മുന്നറിയിപ്പ് കണക്കിലെടുത്ത് അധികൃതര്‍ ജനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലൂടെയും വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലൂടെയും യാത്ര ചെയ്യരുതെന്നും ഔദ്യോഗിക കാലാവസ്ഥ മുന്നറിയിപ്പുകള്‍ പിന്തുടരണമെന്നും അധികൃതര്‍ വ്യക്തമാക്കി. മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Read Also - ഇന്ത്യക്കാരുടെ പ്രിയപ്പെട്ട നഗരങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ നേരിട്ട് പറക്കാം; പുതിയ 2 സർവീസുകൾ തുടങ്ങി ഇൻഡിഗോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം