മുത്തയ്യ മുരളീധരൻ ഇന്ന് ആശുപത്രി വിടും; മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്
ആന്‍ജിയോപ്ലാസ്റ്റി വിജയകരമായി പൂര്‍ത്തിയായെന്നും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും ആശുപത്രി അധികൃതര്‍.
ചെന്നൈ: നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്നലെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ സ്‌പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരൻ ഇന്ന് ആശുപത്രി വിടും.
നാല്‍പത്തിയൊമ്പതുകാരനായ മുന്‍ ശ്രീലങ്കന്‍ താരത്തിന്‍റെ ആന്‍ജിയോപ്ലാസ്റ്റി വിജയകരമായി പൂര്‍ത്തിയായെന്നും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും ആശുപത്രി അധികൃതര്‍ പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനില്‍ പറയുന്നു.
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ബൗളിംഗ് പരിശീലകനായ മുരളീധരന്‍ ഉടന്‍ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദിന്റെ പരിശീലക സംഘത്തില്‍ 2015 മുതലുണ്ട് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരന്‍.
ലങ്കയ്‌ക്കായി 133 ടെസ്റ്റുകളും 350 ഏകദിനങ്ങളും 12 ടി20കളും കളിച്ച മുത്തയ്യ മുരളീധരന്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 1347 വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്. ടെസ്റ്റില്‍ 800ഉം ഏകദിനത്തില്‍ 534ഉം ടി20യില്‍ 13 വിക്കറ്റുമാണ് സമ്പാദ്യം. 1996ല്‍ ലോകകപ്പ് ഉയര്‍ത്തിയ ശ്രീലങ്കന്‍ ടീമില്‍ അംഗമായിരുന്നു. മുരളീധരന്‍ 2011ലാണ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
നെഞ്ചുവേദനയെ തുടര്‍ന്ന് ആൻജിയോപ്ലാസ്റ്റി; മുത്തയ്യ മുരളീധരന്റെ ആരോഗ്യനില തൃപ്‌തികരം