ഗംഭീറിന് മറുപടിയുമായി സെവാഗ്; കോലിയെ മാറ്റിയാല്‍ ബാംഗ്ലൂരിന്‍റെ തലവര മാറില്ല
ഒരു ക്യാപ്റ്റന് എല്ലായ്പ്പോഴും ടീമിനോളം മികച്ചതാവാനെ കഴിയു. ഇന്ത്യന്‍ നായകനായിരിക്കുന്ന കോലിക്ക് ടെസ്റ്റിലും, ടി20യിലും ഏകദിനത്തിലുമെല്ലാം മികച്ച ഫലം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ദുബായ്: ഐപിഎല്ലില്‍ ഇത്തവണയും കിരീടമില്ലാത്ത മടങ്ങിയ സാഹചര്യത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിന്‍റെ നായകസ്ഥാനത്തുനിന്ന് വിരാട് കോലിയെ മാറ്റണമെന്ന മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന്‍റെ പ്രസ്താവനക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. കോലി മികച്ച നായകനാണെന്നും സന്തുലിതമല്ലാത്ത ടീമാണ് കോലിയെ ചതിക്കുന്നതെന്നും അതുകൊണ്ടുതന്നെ കോലിയെ മാറ്റിയാല്‍ ബാംഗ്ലൂരിന്‍റെ തലവര മാറില്ലെന്നും സെവാഗ് ക്രിക്ക്ബസിനോട് പറഞ്ഞു.
നിലവാരമുള്ള കൂടുതല്‍ കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്താനാണ് ടീം മാനേജ്മെന്‍റ് ശ്രമിക്കേണ്ടത്. ഒരു ക്യാപ്റ്റന് എല്ലായ്പ്പോഴും ടീമിനോളം മികച്ചതാവാനെ കഴിയു. ഇന്ത്യന്‍ നായകനായിരിക്കുന്ന കോലിക്ക് ടെസ്റ്റിലും, ടി20യിലും ഏകദിനത്തിലുമെല്ലാം മികച്ച ഫലം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷെ ബാംഗ്ലൂര്‍ നായകനായിരിക്കുമ്പോള്‍ അദ്ദേഹത്തിന് മികവ് കാട്ടാനാവുന്നില്ല. അതിന് കാരണം മികച്ച ടീമില്ലാത്തത് തന്നെയാണ്. അതുകൊണ്ടുതന്നെ ക്യാപ്റ്റനെ മാറ്റുന്നതിന് പകരം ടീം മാനേജ്മെന്‍റ് മികച്ച കളിക്കാരെ ടീമിലെടുക്കാനാണ് ശ്രമിക്കേണ്ടത്.
അങ്ങനെ മാത്രമെ ഒരു ടീമെന്ന നിലയില്‍ മികവ് കാട്ടാനാവു. ആര്‍സിബിയ്ക്ക് എല്ലാക്കാലത്തും സെറ്റായ ബാറ്റിംഗ് നിര ഉണ്ടായിട്ടില്ല. കോലിയെയും ഡിവില്ലിയേഴ്സിനെയുമാണ് എല്ലായ്പ്പോഴും അവര്‍ അമിതമായി ആശ്രയിക്കുന്നത്. എല്ലാ ടീമുകള്‍ക്കും സെറ്റായ ഒറു ബാറ്റിംഗ് നിരയുണ്ടാകും. എന്നാല്‍ ബാംഗ്ലൂരിന് ഒരിക്കലും അതില്ല. അതുകൊണ്ടുതന്നെ അവര്‍ എല്ലായ്പ്പോഴും ബാറ്റിംഗ് ഓര്‍ഡര്‍ അഴിച്ചു പണിതുകൊണ്ടിരിക്കും.
ദേവ്ദത്ത് പടിക്കലിനൊപ്പം മികച്ചൊരു ഓപ്പണറും ലോവര്‍ ഓര്‍ഡര്‍ ബാറ്റ്സ്മാനുമാണ് ആര്‍സിബിക്ക് ഇപ്പോള്‍ ആവശ്യം. മികച്ച അഞ്ച് ബാറ്റ്സ്മാന്‍മാരുണ്ടെങ്കില്‍ അവര്‍ക്ക് അനായാസം മത്സരങ്ങള്‍ ജയിക്കാനാകും. അതുപോലെ ഇന്ത്യന്‍ പേസര്‍മാരില്‍ അവര്‍ വിശ്വാസമര്‍പ്പിക്കുകയും വേണം. അടികൊള്ളാത്തവര്‍ ആരുമില്ല, റബാദയും മോറിസുമെല്ലാം അടി വാങ്ങിയിട്ടുമ്ട്. അതുകൊണ്ട് ഇന്ത്യന്‍ പേസര്‍മാരില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോവാനാണ് ബാംഗ്ലൂര്‍ ശ്രമിക്കേണ്ടതെന്നും സെവാഗ് പറഞ്ഞു.
Powered by