നാണംകെട്ട് വീണ്ടും ചെന്നൈ; ധോണിപ്പടയെ പുറത്തേക്ക് അടിച്ച് ബട്‌ലറും രാജസ്ഥാനും

ജയത്തോടെ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്ക് രാജസ്ഥാന്‍ കുതിച്ചപ്പോള്‍ പത്ത് മത്സരങ്ങളില്‍ ആറ് പോയന്‍റ് മാത്രമുള്ള ചെന്നൈ അവസാന സ്ഥാനത്തേക്ക് വീണു. 

IPL2020 Rajasthan Royals beat Chennai Super Kings by 7 wickets

ദുബായ്: ഐപിഎല്ലിലെ ജീവന്‍മരണ പോരാട്ടത്തില്‍  രാജസ്ഥാന്‍ റോയല്‍സിന് മുന്നിലും അടിയറവ് പറഞ്ഞ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കാണാതെ പുറത്താവുന്നതിന്‍റെ വക്കില്‍. ചെന്നൈ ഉയര്‍ത്തിയ 126 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ തുടക്കത്തില്‍ തകര്‍ന്നെങ്കിലും ജോസ് ബട്‌ലറുടെയും സ്റ്റീവ് സ്മിത്തിന്‍റെയും ബാറ്റിംഗ് മികവില്‍ ഏഴ് വിക്കറ്റ് വിജയവുമായി പ്ലേ ഓഫ്  സാധ്യത സജീവമാക്കിയപ്പോള്‍ കൂറ്റന്‍ തോല്‍വി വഴങ്ങിയ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യത തീര്‍ത്തും മങ്ങി.

ജയത്തോടെ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്ക് രാജസ്ഥാന്‍ കുതിച്ചപ്പോള്‍ പത്ത് മത്സരങ്ങളില്‍ ആറ് പോയന്‍റ് മാത്രമുള്ള ചെന്നൈ അവസാന സ്ഥാനത്തേക്ക് വീണു.  ഇനിയുള്ള നാല് മത്സരങ്ങളും ജയിച്ചാലും ചെന്നൈക്ക് പ്ലേ ഓഫ് സാധ്യത വിദൂരമാണ്. സ്കോര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 125/5, രാജസ്ഥാന്‍ റോയല്‍സ്  17.3 ഓവറില്‍ 126/3.

രാജസ്ഥാന്‍റെ തലയരിഞ്ഞ് ചാഹര്‍

ചെന്നൈ ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്ഥാന്‍ ആദ്യ മൂന്നോവറില്‍ 26 റണ്‍സടിച്ച് തകര്‍പ്പന്‍ തുടക്കമിട്ടെങ്കിലും മൂന്നാം ഓവറിലെ അവസാന പന്തില്‍ ബെന്‍ സ്റ്റോക്സിനെ(19) ബൗള്‍ഡാക്കി ചാഹര്‍ ഞെട്ടിച്ചു. തൊട്ടടുത്ത ഓവറില്‍ റോബിന്‍ ഉത്തപ്പയെ(4) ഹേസല്‍വുഡും, തന്‍റെ മൂന്നാം ഓവറില്‍ സഞ്ജു  സാംസണെ(0) ചാഹറും മടക്കിയതോടെ രാജസ്ഥാന്‍ വിറച്ചു.

അനായാസം ബട്‌ലര്‍

ചാഹറിന്‍റെയും ഹേസല്‍വുഡിന്‍റെയും ഓവറുകള്‍ ആദ്യമെ എറിഞ്ഞു തീര്‍ത്ത ധോണി തന്‍റെ മറ്റ് ബൗളര്‍മാരെ പന്തേല്‍പ്പിച്ചതോടെ രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമായി. 36 പന്തില്‍ അര്‍ധസെഞ്ചുറിയടിച്ച ബട്‌ലര്‍(48 പന്തില്‍ 70*) ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനൊപ്പം(34 പന്തില്‍ 26) നാലാം വിക്കറ്റില്‍ 98റണ്‍സിന്‍റെ അപരാജിത കൂട്ടുകെട്ടുയര്‍ത്തി രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചു. ചെന്നൈക്കായി ചാഹര്‍ രണ്ടും ഹേസല്‍വുഡ് ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ധോണിയുടെയും ജഡേജയുടെയും ബാറ്റിംഗ് മികവിലാണ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്തത്. 35 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജഡേജയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. ധോണി 28 റണ്‍സെടുത്തു. രാജസ്ഥാനായി ആര്‍ച്ചറും കാര്‍ത്തിക് ത്യാഗിയും ശ്രേയസ് ഗോപാലും രാഹുല്‍ തിവാട്ടിയയും ഓരോ വിക്കറ്റ് വീഴ്ത്തി.

Latest Videos
Follow Us:
Download App:
  • android
  • ios