ചിന്നസ്വാമിയിലെ തല്ലുമാലയില്‍ പതിരാനയെ ഉപയോഗിച്ച 'തല'; ധോണിയെ പ്രശംസകൊണ്ട് മൂടി ആരാധകര്‍
സ്ലോഗ് ഓവറുകളില്‍ ബൗളര്‍മാരെ വിദഗ്‌ധമായി ഉപയോഗിച്ച് പരിചയമുള്ള സിഎസ്‌കെ നായകന്‍ എം എസ് ധോണി അവസാന നാല് ഓവറുകളില്‍ മത്സരം തിരികെ പിടിക്കുകയുണ്ടായത്
ബെംഗളൂരു: അവിശ്വസനീയം, അവിസ്‌മരണീയം... ഐപിഎല്ലില്‍ ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 226 റണ്‍സ് നേടിയിട്ടും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍-ഫാഫ് ഡുപ്ലസിസ് വെടിക്കെട്ടില്‍ ചേസിംഗ് ടോപ് ഗിയറിലാക്കിയപ്പോള്‍ ആരും ഇങ്ങനെയൊരു മത്സര ഫലം പ്രതീക്ഷിച്ചുകാണില്ല. സ്ലോഗ് ഓവറുകളില്‍ ബൗളര്‍മാരെ വിദഗ്‌ധമായി ഉപയോഗിക്കുന്നതില്‍ കേമനായ സിഎസ്‌കെ നായകന്‍ എം എസ് ധോണി അവസാന നാല് ഓവറുകളില്‍ മത്സരം തിരികെ പിടിക്കുകയും ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചെന്നൈക്ക് എട്ട് റണ്‍സിന്‍റെ ഐതിഹാസിക ജയം സമ്മാനിക്കുകയും ചെയ്യുന്നതാണ് ആരാധകര്‍ കണ്ടത്. ഇതോടെ സിഎസ്‌കെയെയും നായകന്‍ 'തല'യേയും വാഴ്‌ത്തിപ്പാടുകയാണ് ക്രിക്കറ്റ് ലോകം.
പതിരാനയെ ഉപയോഗിച്ച 'തല'
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുന്നോട്ടുവെച്ച 227 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഗ്ലെന്‍ മാക്‌സ്‌വെല്‍, ഫാഫ് ഡുപ്ലസി എന്നിവരുടെ വെടിക്കെട്ടില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ റോയലായി ഒരുവേള എത്തുമെന്ന് കരുതിയതാണ്. 36 പന്തില്‍ 76 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലും 33 ബോളില്‍ 62 നേടിയ ഫാഫ് ഡുപ്ലസിസും പുറത്താകുമ്പോള്‍ ആര്‍സിബി 13.6 ഓവറില്‍ 159ല്‍ എത്തിയിരുന്നു. എന്നാല്‍ ദിനേശ് കാര്‍ത്തിക്(14 പന്തില്‍ 28), ഷഹ്‌ബാസ് അഹമ്മദ്(10 പന്തില്‍ 12) വെയ്‌ന്‍ പാര്‍നല്‍(5 പന്തില്‍ 2), സുയാഷ് പ്രഭുദേശായി(11 പന്തില്‍ 19) എന്നിവരെ പുറത്താക്കി ചെന്നൈ എട്ട് റണ്‍സിന്‍റെ ജയം സ്വന്തമാക്കി. സ്കോര്‍: സിഎസ്‌കെ- 226/6 (20), ആര്‍സിബി- 218/8 (20). നാല്‍പത്തിയഞ്ച് റണ്‍സിന് മൂന്ന് വിക്കറ്റുമായി തുഷാര്‍ ദേശ്‌പാണ്ഡെ തിളങ്ങി. എന്നാല്‍ എംഎസ്‌ഡിയുടെ വജ്രായുധം ചെന്നൈയ്‌ക്കടുത്ത കടല്‍ കടന്നെത്തിയ മതീഷ പതിരാനയായിരുന്നു.
സ്ലോഗ് ഓവറുകളിലേക്ക് ധോണി കരുതിവെച്ച ആയുധമായിരുന്നു ലസിത് മലിംഗയുടെ ആക്ഷനോട് സാമ്യമുള്ള മതീഷ പതിരാന. 18-ാം ഓവറില്‍ ഷഹ്‌ബാസിനെ മടക്കുകയും നാല് റണ്‍സ് മാത്രം വിട്ടുകൊടുക്കുകയും ചെയ്‌ത ലങ്കന്‍ യുവ പേസര്‍ അവസാന ഓവറില്‍ സുയാഷിനേയും പുറത്താക്കി സിഎസ്‌കെയെ ജയിപ്പിക്കുകയായിരുന്നു. ക്യാപ്റ്റന്‍ ധോണി പന്തേല്‍പിച്ചപ്പോള്‍ ഇന്നിംഗ്‌സിലെ 20-ാം ഓവറില്‍ 20കാരനായ പതിരാന 10 റണ്‍സേ വിട്ടുകൊടുത്തുള്ളൂ. 19 റണ്‍സായിരുന്നു ജയിക്കാന്‍ ഈ ഓവറില്‍ ആര്‍സിബിക്ക് വേണ്ടിയിരുന്നത്.
അടി തന്നെ അടി
ആദ്യം ബാറ്റ് ചെയ്‌ത സിഎസ്‌കെ ദേവോണ്‍ കോണ്‍വേ, ശിവം ദുബെ എന്നിവരുടെ മിന്നല്‍ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 226 റണ്‍സ് പടുത്തുയര്‍ത്തി. 16 റണ്‍സ് സ്കോര്‍ ബോര്‍ഡിലുള്ളപ്പോള്‍ റുതുരാജ് ഗെയ്‌ക്‌വാദിനെ നഷ്‌ടമായ ശേഷം സിക്‌സര്‍ മഴയുമായി തിരിച്ചെത്തുകയായിരുന്നു ചെന്നൈ. 45 പന്തില്‍ ആറ് വീതം ഫോറും സിക്‌സും സഹിതം 83 റണ്‍സെടുത്ത ഓപ്പണര്‍ ദേവോണ്‍ കോണ്‍വേയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ശിവം ദുബെ 27 പന്തില്‍ 52 നേടി. നാലാമനായി ക്രീസിലെത്തിയ ദുബെ രണ്ട് ഫോറും അഞ്ച് സിക്‌സറും നേടിയപ്പോള്‍ 192.59 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. 20 പന്തില്‍ 37 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയും ചെന്നൈയുടെ ഇന്നിംഗ്‌സില്‍ നിര്‍ണായമായി. മൂന്നാം വിക്കറ്റില്‍ കോണ്‍വേയും ദുബെയും ചേര്‍ത്ത 80 റണ്‍സ് നിര്‍ണായകമായി.
Read more: ഫാഫ്-മാക്‌സി വെടിക്കെട്ട്, ഒടുവില്‍ കീഴടങ്ങി ആര്‍സിബി; ചിന്നസ്വാമി റണ്‍ ഫെസ്റ്റ് ജയിച്ച് സിഎസ്‌കെ