ശക്തികേന്ദ്രമായ പാലക്കാട് കുറഞ്ഞത് പതിനായിരം വോട്ടുകള്‍; ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം
പാലക്കാട്ടെ തോൽവിക്ക് സംസ്ഥാന ബിജെപിയിലുണ്ടാകുന്നത് വലിയ പൊട്ടിത്തെറി. ശക്തി കേന്ദ്രത്തിൽ ബിജെപിക്ക് കുറഞ്ഞത് പതിനായിരം വോട്ടുകള്‍. കെ സുരേന്ദ്രനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമാകാനും സാധ്യത
തിരുവനന്തപുരം: പാലക്കാട്ടെ തോൽവിക്ക് സംസ്ഥാന ബിജെപിയിലുണ്ടാകുന്നത് വലിയ പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷൻ നേരിട്ട് നേതൃത്വം നൽകിയിട്ടും വോട്ട് ചോർന്നത് ചർച്ചയാകും. നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാകാനും സാധ്യതയുണ്ട്. ചേലക്കരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ശക്തികേന്ദ്രമായ പാലക്കാട് പതിനായിരത്തോളം വോട്ട് കുറഞ്ഞതാണ് നേതൃത്വത്തെ വെട്ടിലാക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരായ വിമർശനത്തിന് തയ്യാറെടുക്കുകയാണ് കൂടുതൽ നേതാക്കൾ.
ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പാലക്കാടും വയനാടും വെച്ച് യുഡിഎഫിന് ആഹ്ളാദിക്കാം. ചേലക്കര ഉന്നയിച്ച് എൽഡിഎഫിനും. എന്നാൽ, കേരളം പിടിക്കാനിറങ്ങുന്ന ബിജെപിക്ക് ബാക്കിയുള്ളത് കടുത്ത നിരാശ. സംസ്ഥാനത്ത് പാർട്ടി ഏറ്റവും പ്രതീക്ഷ വെച്ച മികച്ച സംഘടനാ സംവിധാനമുള്ള പാലക്കാടാണ് തോറ്റത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കയ്യിലുള്ള പാലക്കാട് നഗരസഭയിൽ പോലും കടുത്ത നിരാശയാണുണ്ടായത്.
പാലക്കാട് മത്സരിച്ചത് കൃഷ്ണകുമാറാണെങ്കിലും ശരിക്കും തോറ്റത് സുരേന്ദ്രൻ ആണെന്നാണ് പാർട്ടിയിലെ വിമർശകർ പറയുന്നത്. മണ്ഡലത്തിൽ ക്യാമ്പ് ചെയത് സുരേന്ദ്രൻ മെനഞ്ഞ തന്ത്രങ്ങളെല്ലാം പാളി. കഴിഞ്ഞ തവണത്തെക്കാൾ പതിനായിരം വോട്ടാണ് ഇത്തവണ ബിജെപിക്ക് കുറഞ്ഞത്. സുരേന്ദ്രൻ വളരെ കുറച്ച് മാത്രം പോയ ചേലക്കരയിൽ പാർട്ടിക്ക് കൂടിയത് 9000 ത്തിലേറെ വോട്ടുകൾ. കണ്ണായ പാലക്കാടൻ കോട്ടയിലെ തോൽവിയുടെ ആഘാതം ഉടനൊന്നും മാറില്ല.
സംഘടനാ സംവിധാനത്തിൽ പാളിച്ചകളുണ്ടായെന്ന് ബി ഗോപാലകൃഷ്ണനെ പോലുള്ള നേതാക്കൾ പരസ്യമായി വിമർശിച്ച് തുടങ്ങി. എഫ് ബി പോസ്റ്റായി കമൻറായും നേതാക്കള്‍ വിമർശനങ്ങൾ ഉന്നയിച്ചുകഴിഞ്ഞു. കടുത്ത അതൃപ്തിയുള്ള ശോഭാ സുരേന്ദ്രന്‍റെ അടുത്ത നീക്കവും നിർണ്ണായകമാണ്. ശോഭയായിരുന്നെങ്കിൽ ഇതല്ല ഫലമെന്നാണ് പാർട്ടിയിലെ ഭൂരിപക്ഷത്തിന്‍റെയും നിലപാട്. കൃഷ്ണദാസ് പക്ഷവും അധ്യക്ഷനെതിരായ പടയൊരുക്കത്തിലാണ്. സുരേന്ദ്രനിൽ അടിയുറച്ച് വിശ്വസിച്ച ആർഎസ്എസിനും കിട്ടിയത് കനത്ത തിരിച്ചടി. സംഘടനാപ്രശ്നങ്ങളിൽ സുരേന്ദ്രനൊപ്പം നിന്ന കേന്ദ്ര നേതൃത്വം ഇനി മാറ്റിച്ചിന്തിക്കാൻ സാധ്യതയേറെയാണ്. സുരേന്ദ്രനെ മാറ്റണമെന്ന മുറവിളിയെ ഇനി അങ്ങനെ ദേശീയനേതൃത്വത്തിന് കണ്ടില്ലെന്ന് നടിക്കാനാകില്ല.