കിംഗ് കോലിയെ മറികടന്നു; വിമര്‍ശനങ്ങള്‍ക്കിടെയും റെക്കോര്‍ഡിട്ട് വാര്‍ണര്‍, എലൈറ്റ് പട്ടികയിലും സ്ഥാനം
ദില്ലിയില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന മത്സരത്തോടെയൊണ് ഡേവിഡ് വാര്‍ണര്‍ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്
ദില്ലി: ഐപിഎല്‍ 16-ാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി റണ്‍സ് കണ്ടെത്തുമ്പോഴും ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ടെസ്റ്റ് കളിക്കുകയാണ് എന്ന വിമര്‍ശനം ശക്തമാണ്. ബാറ്റിംഗില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കേണ്ട താരം പവര്‍പ്ലേയില്‍ പോലും ആക്രമിച്ച് കളിക്കുന്നില്ല എന്നാണ് വിമര്‍ശനം. ഒരുകാലത്ത് സിക്‌സുകള്‍ അനായാസം ഗ്യാലറിയിലേക്ക് ഒഴുകിയിരുന്ന വാര്‍ണറുടെ ബാറ്റ് കൂറ്റന്‍ ഷോട്ടുകള്‍ കണ്ടെത്താന്‍ പാടുപെടുമ്പോഴും സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഏറെ പിന്നിലല്ല. ഇതിനൊപ്പം മറ്റൊരു ചരിത്ര നേട്ടവും വാര്‍ണര്‍ ഇതിനകം സ്വന്തമാക്കി.
ദില്ലിയില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന മത്സരത്തോടെയാണ് ഡേവിഡ് വാര്‍ണര്‍ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. ഐപിഎല്ലില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കിയ വാര്‍ണര്‍ വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന താരമെന്ന നാഴികക്കല്ലിലെത്തി. ആര്‍സിബി നായകനായിരിക്കേ 81 ഇന്നിംഗ‌്‌സുകളില്‍ മൂവായിരം റണ്‍സ് തികച്ച വിരാട‍് കോലിയെയാണ് വാര്‍ണര്‍ മറികടന്നത്.
ക്യാപ്റ്റന്‍ എന്ന നിലയില്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്‍റെ റെക്കോര്‍ഡ് ഇപ്പോഴും കോലിയുടെ പേരിലാണ്. ആര്‍സിബിയുടെ ക്യാപ്റ്റനായിരിക്കേ 4881 റണ്‍സാണ് കിംഗ് കോലി പേരിലാക്കിയത്. എം എസ് ധോണി(4582), രോഹിത് ശര്‍മ്മ(3696), ഗൗതം ഗംഭീര്‍(3518) എന്നിവരാണ് മൂവായിരത്തിലേറെ റണ്ണുമായി വാര്‍ണര്‍ക്ക് മുന്നിലുള്ള മറ്റ് താരങ്ങള്‍. കോലി 81 ഇന്നിംഗ്‌സുകളില്‍ എങ്കില്‍ ഗൗതം ഗംഭീര്‍ 71 ഉം രോഹിത് ശര്‍മ്മയും എം എസ് ധോണിയും യഥാക്രമം 115, 117 ഇന്നിംഗ്‌സുകളിലാണ് ക്യാപ്റ്റന്‍റെ തൊപ്പിയഞ്ഞുകൊണ്ട് 3000 റണ്‍സ് ക്ലബിലെത്തിയത്.
ഐപിഎല്‍ ചരിത്രത്തില്‍ വേഗത്തില്‍ 6000 റണ്‍സ് നേടുന്ന താരമായി ഡേവിഡ് വാര്‍ണര്‍ അടുത്തിടെ മാറിയിരുന്നു. ഐപിഎല്ലിലെ 166 ഇന്നിംഗ്‌സില്‍ 6090 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം. റണ്‍വേട്ടയില്‍ വാര്‍ണറിന് മുന്നിലുള്ള വിരാട് കോലിയും(6788 റണ്‍സ്, 218 ഇന്നിംഗ്‌സ്), ശിഖര്‍ ധവാനും(6469 റണ്‍സ്, 208 ഇന്നിംഗ്‌സ്) അദേഹത്തേക്കാള്‍ കൂടുതല്‍ ഇന്നിംഗ്‌സുകള്‍ കളിച്ചവരാണ്. ഐപിഎല്ലിന്‍റെ പതിനാറാം സീസണില്‍ നാല് മത്സരങ്ങളില്‍ മൂന്ന് ഫിഫ്റ്റി വാര്‍ണര്‍ നേടിയെങ്കിലും താരത്തിന്‍റെ സ്‌ട്രൈക്ക് റേറ്റ് വിമര്‍ശനം നേരിടുകയാണ്.
Read more: ഐപിഎല്ലിലെ ഫോമില്ലായ്‌മയിലും ടി20 റാങ്കിംഗില്‍ സൂര്യോദയം തുടരുന്നു; ബാബര്‍ അസമിനും നേട്ടം