അതേ ഊർജം, അതേ തീവ്രത! പ്രായത്തില്‍ എന്ത് കാര്യം, ഡൈവ് ചെയ്ത് പന്ത് കൈപ്പിടിയിലാക്കി അമിത് മിശ്ര, വീഡിയോ
40 വയസ് ആയ താരം താരത്തില്‍ നിന്ന് യുവതാരങ്ങള്‍ക്ക് ഒരുപാട് പഠിക്കാനുണ്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ ഉയരുന്നത്.
ലഖ്നൗ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്നലെ തുടര്‍ച്ചയായ രണ്ടാം തോല്‍വി വഴങ്ങിയിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഹൈദരാബാദ് പരാജയപ്പെട്ടത്. മൂന്ന് വിക്കറ്റും 34 റണ്‍സും നേടിയ ക്രുനാല്‍ പാണ്ഡ്യയുടെ ഓണ്‍റൗണ്ട് മികവാണ് സണ്‍റൈസേഴ്സിനെ തകര്‍ത്തത്. മത്സരത്തില്‍ ഒരു ഘട്ടത്തില്‍ പോലും ഹൈദരാബാദിന് മികവിലേക്ക് ഉയരാൻ സാധിച്ചിരുന്നില്ല.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനാണ് സാധിച്ചത്. 41 പന്തില്‍ 35 റണ്‍സ് നേടിയ രാഹുല്‍ ത്രിപാഠിയാണ് ടോപ് സ്‌കോറര്‍. ഇപ്പോള്‍ രാഹുല്‍ ത്രിപാഠിയെ പുറത്താക്കിയ അമിത് മിശ്രയുടെ ക്യാച്ച് ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുള്ളത്. യഷ് താക്കൂറിന്‍റെ പന്തില്‍ പിന്നിലേക്ക് കളിക്കാനുള്ള ത്രിപാഠിയുടെ ശ്രമം ഒന്ന് പാളി. ഷോര്‍ട്ട് തേര്‍ഡ് മാനില്‍ നിന്നിരുന്ന അമിത് മിശ്ര ഡൈവ് ചെയ്ത് പന്ത് കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു.
40 വയസ് ആയ താരം താരത്തില്‍ നിന്ന് യുവതാരങ്ങള്‍ക്ക് ഒരുപാട് പഠിക്കാനുണ്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ ഉയരുന്നത്. മത്സരത്തില്‍ 23 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടാനും അമിത് മിശ്രയ്ക്ക് സാധിച്ചിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരില്‍ നാലാം സ്ഥാനത്താണ് അമിത് മിശ്രയുള്ളത്. 168 വിക്കറ്റുകള്‍ ഇതിനകം മിശ്രയ്ക്ക് വീഴ്ത്താൻ കഴിഞ്ഞിട്ടുണ്ട്.
അതേസമയം, മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനാണ് സാധിച്ചത്. 41 പന്തില്‍ 35 റണ്‍സ് നേടിയ രാഹുല്‍ ത്രിപാഠിയെ കൂടാതെ അന്‍മോല്‍പ്രീത് സിംഗ് (31) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗിനെത്തിയ ലഖ്‌നൗ 16 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. കെ എല്‍ രാഹുല്‍ (31 പന്തില്‍ 35), ക്രുനാല്‍ പാണ്ഡ്യ (23 പന്തില്‍ 34) എന്നിവരാണ് തിളങ്ങിയത്.