ഗുരുവും ശിഷ്യനും ഇന്ന് നേർക്കുനേർ; പോരാട്ടം തീപാറുമെന്ന് രവി ശാസ്ത്രി
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസമായി മാറിക്കഴിഞ്ഞ ധോണിയാകട്ടെ രാജ്യാന്തര ക്രിക്കറ്റില് നിന്ന് വിരമിച്ചശേഷം ഐപിഎല്ലില് മാത്രമാണ് കളിക്കാനിറങ്ങുന്നത്. നായകൻ ശ്രേയസ് അയ്യർക്ക് പരിക്കേറ്റ് പിൻമാറിയതിനാൽ നായകന്റെ അധിക ഉത്തരവാദിത്തവും കൂടി ചുമലിലേറ്റിയാണ് റിഷഭ് പന്ത് ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്.
മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സും ഡൽഹി ക്യാപിറ്റൽസും പതിനാലാം ഐപിഎൽ സീസണിലെ ആദ്യ പോരാട്ടത്തിനിറങ്ങുമ്പോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് എം എസ് ധോണിയും റിഷഭ് പന്തും തമ്മിലുള്ള പോരാട്ടം കാണാൻ കൂടിയാണ്. ഇന്ത്യൻ ക്രിക്കറ്റിൽ ധോണിയുടെ പിൻഗാമിയെന്ന് വാഴ്ത്തപ്പെട്ട റിഷഭ് പന്ത് ഇടക്കൊന്ന് നിറം മങ്ങിയെങ്കിലും ഇപ്പോൾ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമെല്ലാം ഇന്ത്യ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതിപ്പോൾ റിഷഭ് പന്തിന്റെ ബാറ്റിനെയാണ്.
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസമായി മാറിക്കഴിഞ്ഞ ധോണിയാകട്ടെ രാജ്യാന്തര ക്രിക്കറ്റില് നിന്ന് വിരമിച്ചശേഷം ഐപിഎല്ലില് മാത്രമാണ് കളിക്കാനിറങ്ങുന്നത്. നായകൻ ശ്രേയസ് അയ്യർക്ക് പരിക്കേറ്റ് പിൻമാറിയതിനാൽ നായകന്റെ അധിക ഉത്തരവാദിത്തവും കൂടി ചുമലിലേറ്റിയാണ് റിഷഭ് പന്ത് ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്. അതുകൊണ്ടുതന്നെ ചെന്നൈയും ഡൽഹിയും ഏറ്റുമുട്ടുമ്പോൾ അത് ധോണിയിലെ നായകന്റെ മികവുമായി റഷിഭ് പന്തിലെ നായക മികവ് മാറ്റുരക്കുന്ന പോരാട്ടം കൂടിയാവും.
ഇക്കാര്യം അടിവരയിട്ട് പറയുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായ രവി ശാസ്ത്രിയും. ഗുരുവും ശിഷ്യനും ഇന്ന് നേർക്കുനേർ വരുമ്പോൾ പോരാട്ടം പൊടിപാറുമെന്നാണ് രവി ശാസ്ത്രിയുടെ ട്വീറ്റ്. വിക്കറ്റിന് പിന്നിൽ ക്യാപ്റ്റൻ കൂളാണ് ധോണിയെങ്കിൽ എതിരാളിരളെ വാക്കുകൾകൊണ്ടും തമാശകൾകൊണ്ടും പ്രകോപിപ്പിക്കാൻ മിടുക്കനാണ് റിഷഭ് പന്ത്.
അതുകൊണ്ടുതന്നെ ഇന്നത്ത് സ്റ്റംപ് മൈക്ക് സംഭാഷണങ്ങൾ കേൾക്കുന്നത് ഏറെ രസകരമായിരിക്കുമെന്നും രവി ശാസ്ത്രി പറയുന്നു. ഐപിഎല്ലിൽ ആദ്യമായാണ് റിഷഭ് പന്ത് നായകനാവുന്നത്. ധോണിയാകട്ടെ ഐപിഎല്ലിന്റെ തുടക്കം മുതൽ ചെന്നൈയുടെ തലയാണ്. ധോണിയോടൊപ്പം ടോസിനിറങ്ങുന്നത് തന്നെ വളരെ സ്പെഷ്യൽ ആണെന്ന് റിഷഭ് പന്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ആരാധകർ കാത്തിരിക്കുന്ന പോരാട്ടത്തിൽ എരിവും പുളിയും പകർന്ന് ഇന്ത്യൻ പരിശീലകൻ തന്നെ രംഗത്തെത്തിയ ഇരു ടീമുകളുടെയും ആരാധകരെയും ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.