വ്യക്തമായ കാഴ്ച്ചപാടുണ്ടായിരുന്നു; കൊല്‍ക്കത്തയെ കുടുക്കിയ ബൗളിങ്ങിനെ കുറിച്ച് ചാഹര്‍
മത്സരശേഷം മാന്‍ ഓഫ് മാച്ച് പുരസ്‌കാരവും ചാഹറിനായിരുന്നു. നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങിയാണ് താരം നാല് വിക്കറ്റ് വീഴ്ത്തിയത്.
ചെന്നൈ: ഐപിഎല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ തകര്‍പ്പന്‍ പ്രകടനമായിരുന്നു രാഹുല്‍ ചാഹറിന്റേത്. മുന്‍നിര താരങ്ങളായ ശുഭ്മാന്‍ ഗില്‍, നിതീഷ് റാണ, രാഹുല്‍ ത്രിപാഠി, ഓയിന്‍ മോര്‍ഗന്‍ എന്നിവരെ പുറത്താക്കിയത് ചാഹറായിരുന്നു. മത്സരശേഷം മാന്‍ ഓഫ് മാച്ച് പുരസ്‌കാരവും ചാഹറിനായിരുന്നു. നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങിയാണ് താരം നാല് വിക്കറ്റ് വീഴ്ത്തിയത്.
ഇപ്പോള്‍, കഴിഞ്ഞ ദിവസം പുറത്തെടുത്ത പ്രകടനത്തിന് പിന്നിലെ കാരണം വ്യക്തമാക്കുകയാണ് ചാഹര്‍. ''മാനസികമായി ഞങ്ങള്‍ക്കായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. ആക്രമിച്ച് കളിക്കുകയെന്ന ശൈലിയായിരുന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേത്. സ്പിന്നാര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ രാഹുല്‍ ത്രിപാഠിക്കെതിരെ സ്ലിപ്പില്‍ ഫീല്‍ഡറുണ്ടായിരുന്നു. ഓയിന്‍ മോര്‍ഗനെതിരെ ലെഗ് സ്ലിപ്പിലും ഫീല്‍ഡറെ നിര്‍ത്തിയാണ് പന്തെറിഞ്ഞത്. കഴിഞ്ഞ രണ്ട്, മൂന്ന് സീസണായി ഐപിഎല്‍ കളിക്കുന്നു. അതുകൊണ്ടുതന്നെ ഗില്ലിനെ കുടുക്കാന്‍ കഴിയുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു.
എന്റെ ശക്തി വേഗത്തില്‍ ടേണ്‍ ചെയ്യുകയെന്നതാണ്. ത്രിപാഠിയുടേതാണ് ഈ മത്സരത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിക്കറ്റ്. റാണയെ എങ്ങനെ പുറത്താക്കാമെന്നും എനിക്ക് നിശ്ചയമുണ്ടായിരുന്നു. രോഹിത് ശര്‍മ കൂടുതലൊന്നും സംസാരിക്കാറില്ല. നന്നായി പന്തറിയുന്നുണ്ടെന്ന് പറയും. ആത്മവിശ്വാസത്തോടെ കളിക്കാനാണ് രോഹിത് എപ്പോഴും പറയാറ്. കൊല്‍ക്കത്തയ്‌ക്കെതിരെ പന്ത് നന്നായി ടേണ്‍ ചെയ്യിക്കാന്‍ രോഹിത് ആവശ്യപ്പെടുകയായിരുന്നു. ഈ മത്സരത്തില്‍ മത്സരം മാറ്റിമറിക്കുന്നത് ഒരു സ്പിന്നറായിരുക്കുമെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു.'' ചാഹര്‍ കൂട്ടിച്ചേര്‍ത്തു.
10 റണ്‍സിനാണ് മുംബൈ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 152ന് എല്ലാവരും പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്തയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനാണ് സാധിച്ചത്.