ഷാ, റിഷഭ്, ഹെറ്റ്‌മയര്‍ വെടിക്കെട്ട്; ചെന്നൈക്കെതിരെ ഡല്‍ഹിക്ക് മികച്ച സ്‌കോര്‍
പൃഥ്വി ഷാ, റിഷഭ് പന്ത് എന്നിവരുടെ അര്‍ധ സെഞ്ചുറിയിലും ഷിമ്രോന്‍ ഹെറ്റ്‌മയറുടെ അതിവേഗ സ്‌കോറിംഗിലുമാണ് ഡല്‍ഹിയുടെ നേട്ടം.
ദുബായ്: ഐപിഎല്‍ പതിനാലാം സീസണിലെ(IPL 2021) ആദ്യ ക്വാളിഫയറില്‍(Qualifier 1) ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ(Chennai Super Kings), ഡല്‍ഹി ക്യാപിറ്റല്‍സിന്(Delhi Capitals) മികച്ച സ്‌കോര്‍. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 172 റണ്‍സെടുത്തു. പൃഥ്വി ഷാ, റിഷഭ് പന്ത് എന്നിവരുടെ അര്‍ധ സെഞ്ചുറിയിലും ഷിമ്രോന്‍ ഹെറ്റ്‌മയറുടെ അതിവേഗ സ്‌കോറിംഗിലുമാണ് ഡല്‍ഹിയുടെ നേട്ടം.
ഹേസല്‍വുഡിന്‍റെ ഇരട്ട വെടിക്ക് ഷായുടെ മറുപടി
പൃഥ്വി ഷാ ബൗണ്ടറികള്‍ അനായാസം പായിച്ചപ്പോള്‍ കരുതലോടെ തുടങ്ങുകയായിരുന്നു ശിഖര്‍ ധവാന്‍. എന്നാല്‍ ഇന്നിംഗ്‌സിലെ നാലാം ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറി നേടിയ ധവാനെ(7) തൊട്ടടുത്ത പന്തില്‍ ഹേസല്‍വുഡ് ധോണിയുടെ കൈകളിലെത്തിച്ചു. ഹേസല്‍വുഡ് വീണ്ടുമെത്തിയപ്പോള്‍ ആറാം ഓവറിലെ മൂന്നാം പന്തില്‍ ശ്രേയസും(1) വീണു. എങ്കിലും പവര്‍പ്ലേയില്‍ 51 റണ്‍സ് കണ്ടെത്താന്‍ ഡല്‍ഹിക്കായി. വ്യക്തിഗത സ്‌കോര്‍ 42ല്‍ നില്‍ക്കേ ഷായുടെ ക്യാച്ച് ധോണി പാഴാക്കിയത് ചെന്നൈക്ക് തിരിച്ചടിയായി. അവസരം മുതലാക്കിയ ഷാ 27 പന്തില്‍ 50 തികച്ചു.
നാലാമനായി സ്ഥാനക്കയറ്റം കിട്ടിയ അക്‌സര്‍ പട്ടേലിന് അവസരം മുതലാക്കാനായില്ല. അലിയുടെ 10-ാം ഓവറില്‍ സിക്‌സറിന് ശ്രമിച്ച് അക്‌സര്‍(10) സബ്‌സ്റ്റിറ്റ്യൂട്ട് ഫീല്‍ഡര്‍ സാന്‍റ്‌നറുടെ കൈകളില്‍ ഒതുങ്ങി. തൊടുടുത്ത ഓവറില്‍ ജഡേജ ഡല്‍ഹിക്ക് കനത്ത പ്രഹരമേല്‍പിച്ച് ഷായെ മടക്കി. 34 പന്തില്‍ ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സും സഹിതം ഷാ 60 റണ്‍സ് നേടി. ഷാ പുറത്താകുമ്പോള്‍ ഡല്‍ഹി സ്‌കോര്‍ 80-4.
ഹെറ്റ്‌മയര്‍-റിഷഭ് ഹിറ്റ്
ക്രീസിലൊന്നിച്ച റിഷഭ് പന്തും-ഷിമ്രോന്‍ ഹെറ്റ്‌മയറും 14-ാം ഓവറില്‍ ഡല്‍ഹിയെ 100 കടത്തി. 15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 114 റണ്‍സാണ് ഡല്‍ഹിക്കുണ്ടായിരുന്നത്. 19-ാം ഓവറിലെ നാലാം പന്തില്‍ ഹെറ്റ്‌മയറെ(24 പന്തില്‍ 37) ജഡേജയുടെ കൈകളില്‍ ബ്രാവോ എത്തിക്കുംവരെ ഈ കൂട്ടുകെട്ട് നീണ്ടു. ഹെറ്റ്‌മയര്‍-റിഷഭ് സഖ്യം 83 റണ്‍സ് ചേര്‍ത്തു. അവസാന അഞ്ച് ഓവറില്‍ 58 റണ്‍സ് പിറന്നപ്പോള്‍ റിഷഭും(35 പന്തില്‍ 51*), ടോം കറനും(0*) പുറത്താകാതെ നിന്നു.
ടോസ് ജയിച്ച് ധോണി
ടോസ് നേടിയ ചെന്നൈ നായകന്‍ എം എസ് ധോണി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടീമില്‍ മാറ്റമില്ലാതെ സിഎസ്‌കെ ഇറങ്ങിയപ്പോള്‍ റിഷഭിന്‍റെ ഡല്‍ഹി റിപാല്‍ പട്ടേലിന് പകരം ടോം കറനെ ഉള്‍പ്പെടുത്തി.
ഡല്‍ഹി ക്യാപിറ്റല്‍സ്: ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, റിഷഭ് പന്ത്(ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ഷിമ്രോന്‍ ഹെറ്റ്‌മയര്‍, അക്‌സര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, കാഗിസോ റബാഡ, ടോം കറന്‍, ആവേഷ് ഖാന്‍, ആന്‍റിച്ച് നോര്‍ജെ.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റുതുരാജ് ഗെയ്‌ക്‌വാദ്, ഫാഫ് ഡുപ്ലസിസ്, മൊയീന്‍ അലി, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, എം എസ് ധോണി(ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ഡ്വെയ്‌ന്‍ ബ്രാവോ, ഷര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍, ജോഷ് ഹേസല്‍വുഡ്.
ജയിക്കുന്നവര്‍ ഫൈനലില്‍
തുടർച്ചയായ മൂന്നാം തവണയാണ് ഡൽഹി പ്ലേ ഓഫിലെത്തുന്നത്. 2019ൽ പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ ഡൽഹി രണ്ടാം ക്വാളിഫയറിൽ പുറത്തായിരുന്നു. കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ഡൽഹി ഫൈനലിൽ മുംബൈ ഇന്ത്യൻസിനോട് തോറ്റു. ഇത്തവണ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായാണ് ഡൽഹി ക്വാളിഫയറിൽ കളിക്കാനിറങ്ങുന്നത്. മൂന്ന് തവണ ചാമ്പ്യൻമാരായ ചെന്നൈ കഴിഞ്ഞ സീസണിൽ പ്ലേ ഓഫിൽ എത്താതെ പുറത്തായ ടീമാണ്.
സീസണില്‍ രണ്ട് തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും ജയം ഡല്‍ഹിക്കൊപ്പമായിരുന്നു. എന്നാല്‍ ഐപിഎല്ലിലെ പ്ലേ ഓഫ് ചരിത്രം ചെന്നൈക്കൊപ്പമാണ്. ഡല്‍ഹി-ചെന്നൈ പോരാട്ടത്തില്‍ ജയിക്കുന്നവർ ഫൈനലിലേക്ക് നേരിട്ട് പ്രവേശിക്കുമ്പോള്‍ തോൽക്കുന്നവർക്ക് ഒരവസരം കൂടി കിട്ടും. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എലിമിനേറ്ററിലെ വിജയികളെയാണ് രണ്ടാം ക്വാളിഫയറിൽ അവര്‍ നേരിടുക.