അനുരാഗ് കശ്യപിന്റെ ആദ്യ ചിത്രം പാഞ്ച് 22 കൊല്ലത്തിന് ശേഷം റിലീസിന് ഒരുങ്ങുന്നു
അനുരാഗ് കശ്യപിന്റെ സംവിധാനത്തിലുള്ള ആദ്യ ചിത്രം പാഞ്ച് റിലീസിന് ഒരുങ്ങുന്നു. 2002-ൽ ചിത്രീകരിച്ച ഈ ചിത്രം ജോഷി-അഭ്യങ്കർ കൊലപാതക പരമ്പരകളെ ആസ്പദമാക്കിയുള്ളതാണ്.
മുംബൈ: അനുരാഗ് കശ്യപ് 18 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്‍റെ ആദ്യ ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ പാഞ്ച് എന്ന അനുരാഗ് കശ്യപിന്റെ ആദ്യ ചിത്രം ഇപ്പോള്‍ റിലീസിന് ഒരുങ്ങുകയാണ്. നിർമ്മാതാവ് ടുട്ടു ശർമ്മയാണ് ഈ കാര്യം വ്യക്തമാക്കിയത് എന്നാണ് ഹോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നത്.
“അടുത്ത വർഷം പാഞ്ച് തീർച്ചയായും റിലീസ് ചെയ്യും. ആറ് മാസത്തിനകം തീയറ്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതി. ചിത്രം നിരോധിച്ചിരുന്നതിനാല്‍ നെഗറ്റീവുകൾ ചെറുതായി മോശമായി. ഇവ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. അത് തയ്യാറായാലുടൻ ഞങ്ങൾ പാഞ്ച് റിലീസ് ചെയ്യും” ടുട്ടു ശർമ്മ സ്ഥിരീകരിച്ചു.
“ചിത്രവുമായി ബന്ധപ്പെട്ട് സെന്‍സര്‍ പ്രശ്നങ്ങൾ പരിഹരിച്ചു. എന്നാൽ പിന്നീട് ഞങ്ങൾ ചില വെല്ലുവിളികൾ നേരിട്ടു. അതിനാൽ സിനിമ പെട്ടിയില്‍ കിടക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ റീ റിലീസുകള്‍ ട്രെന്‍റായി മാറുന്നുണ്ട്. അതിനാൽ പാഞ്ചിന് വലിയ സാധ്യതയുണ്ട്. അത് വളരെ നല്ലൊരു ലക്ഷണമാണ്. കൂടാതെ, അത്തരം സിനിമകൾക്ക് പ്രേക്ഷകരും വര്‍ദ്ധിച്ചിട്ടുണ്ട്” ടുട്ടു കൂട്ടിച്ചേർത്തു.
2008 ഇറങ്ങിയ അജയ് ദേവ്ഗൺ നായകനായ അനീസ് ബസ്മിയുടെ നാം വീണ്ടും തീയറ്ററില്‍ എത്തിയിരുന്നു. 1990 കളിലെയും 2000 കളിലെയും നിരവധി ഹിറ്റുകൾ അടുത്തിടെ വീണ്ടും റിലീസായിരുന്നു. ഈ അനുകൂല ഘടകം മുതലെടുക്കാനാണ് പാഞ്ച് എത്തുന്നത്.
1976-77 കാലഘട്ടത്തില്‍ പൂനെ നഗരത്തെ നടുക്കിയ ജോഷി-അഭ്യങ്കർ കൊലപാതക പരമ്പരകളെ അധികരിച്ചാണ് പാഞ്ച് ഒരുക്കിയിരിക്കുന്നത്. കെകെ മേനോന്‍ ആണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്. ആദിത്യ ശ്രീവാസ്തവ, വിജയ് മൗര്യ, തേജസ്വിനി കോലാപുരെ എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്. 2002 ലാണ് ഈ ചിത്രം എടുത്തത്.
അതേ സമയം അനുരാഗ് കശ്യപ് സംവിധാനം ചെയ്ത കെന്നഡി എന്ന ചിത്രവും റിലീസ് ചെയ്യാനുണ്ട്. കാന്‍ ചലച്ചിത്ര മേളയില്‍ അടക്കം പ്രദര്‍ശിപ്പിച്ച ചിത്രത്തില്‍ സണ്ണി ലിയോണ്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
'കൊറിയന്‍ ന്യൂവേവ് പടം പോലെ': ജോജുവിന്‍റെ 'പണി' കണ്ട് ഞെട്ടി അനുരാഗ് കശ്യപ്
നീലവെളിച്ചത്തിന് ശേഷം ആഷിഖ് അബു ചിത്രം; 'റൈഫിള്‍ ക്ലബ്' റിലീസ് പ്രഖ്യാപിച്ചു