ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കു, രക്ഷപ്പെടാം; മോശം ഫോമിലുള്ള ധോണിക്ക് മിയാന്‍ദാദിന്റെ ഉപദേശം
കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ധോണിയുടെ പ്രകടനത്തില്‍ ആരാധകരും നിരാശരാണ്. ബാറ്റിംഗ് പൊസിഷനില്‍ വിവിധ സ്ഥാനങ്ങളില്‍ ഇറങ്ങിയെങ്കിലും കാര്യമൊന്നുമുണ്ടായില്ല.
കറാച്ചി: ഇന്ത്യന്‍ പ്രീമയിര്‍ ലീഗില്‍ മോശം ഫോമിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണി. ഇതുവരെ കളിച്ച ഒരു മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ഒരിക്കല്‍ യുഎഇയിലെ കാലാവസ്ഥയില്‍ ഏറെ ക്ഷീണിതനായ ധോണിയേയും കാണേണ്ടിവന്നു. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ധോണിയുടെ പ്രകടനത്തില്‍ ആരാധകരും നിരാശരാണ്. ബാറ്റിംഗ്് പൊസിഷനില്‍ വിവിധ സ്ഥാനങ്ങളില്‍ ഇറങ്ങിയെങ്കിലും കാര്യമൊന്നുമുണ്ടായില്ല.
എന്നാല്‍ ധോണിക്ക് ഫോമിലേക്ക് മടങ്ങിയെത്താനുള്ള ഒരു മാര്‍ഗം നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ജാവേദ് മിയാന്‍ദാദ്. ''ധോണി ശാരീരികമായി ഫിറ്റാണെന്നുള്ളതില്‍ സംശയമൊന്നുമില്ല. എന്നാല്‍ ചെന്നൈ ്ക്യാപ്റ്റന്‍ മാച്ചിന് വേണ്ടി ഫിറ്റല്ല. പ്രായം കൂടുന്തോറും താരങ്ങളുടെ ഫിറ്റ്‌നെസ് കുറയും. നിലനിര്‍ത്തണമെങ്കില്‍ കഠിനാധ്വാം ചെയ്യണം. ടൈമിങും റിഫ്ളക്സുകളുമാണ് ധോണിയുടെ പ്രശ്നമെന്നാണ് തനിക്കു തോന്നിയിട്ടുള്ളത്. ധോണിയെപ്പോലൊരു താരത്തിന് ഈ പ്രായത്തില്‍ മാച്ച് ഫിറ്റ്നസ് നേടുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.
ചില ഷോട്ടുകള്‍ ശ്രദ്ദിച്ചപ്പോള്‍ എനിക്ക് തോന്നിയത് അദ്ദേഹത്തിന്റെ ശരീരത്തിന്റെ ബാലന്‍സ് ശരിയല്ലെന്നായിരുന്നു. ഇത് ശരിയാക്കണമെങ്കില്‍ വ്യായാമം ഇരട്ടിയാക്കണം. നെറ്റ്സില്‍ ബാറ്റിങിന്റെ സമയം കൂട്ടണം. ഉദാഹരണത്തിന് അഞ്ചു സ്പ്രിന്റുകളാണ് ധോണി ഇപ്പോള്‍ ചെയ്യുന്നതെങ്കില്‍ അത് എട്ടാക്കണം. 20 സിറ്റപ്പുകളാണ് ഇപ്പോള്‍ ധോണി ചെയ്യുന്നതെങ്കില്‍ അത് 30 ആക്കി ഉയര്‍ത്തണം. നെറ്റ്സില്‍ ഒരു മണിക്കൂറാണ് ചെലവഴിക്കുന്നതെങ്കില്‍ അത് രണ്ട മണിക്കൂറാക്കണം.'' മിയാന്‍ദാദ് പറഞ്ഞു.
ധോണിയുടെ നിഴല്‍ മാത്രമേ ഈ സീസണില്‍ കാണാനായിട്ടുള്ളൂ. ഫിനിഷിങ് സ്പെഷ്യലിസ്റ്റായ അദ്ദേഹത്തിന് ഇത്തവണ പക്ഷെ ഈ റോളിലും തിളങ്ങാനായിട്ടില്ല. ഒമ്പത് മത്സരങ്ങളില്‍ നിന്നും 27.20 ശരാശരിയില്‍ 136 റണ്‍സ് മാത്രമേ ധോണിക്കു നേടാനായിട്ടുള്ളൂ. പുറത്താവാതെ നേടിയ 47 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.