ഐപിഎല്ലിലെ റെക്കോഡ് ബുക്കില്‍ ധോണിക്ക് മറ്റൊരിടം; ഹിറ്റ്മാന്‍ തൊട്ടുപിന്നാലെ
ഏറ്റവും കൂടുതല്‍ ജയമങ്ങള്‍ സ്വന്തമാക്കിയ ക്യാപ്റ്റനും ധോണി തന്നെ. ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ മറ്റൊരു റെക്കോഡ് കൂടി ധോണി സ്വന്തമാക്കി.
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിരവധി റെക്കോഡുകള്‍ക്ക് ഉടമയാണ് ചെന്നൈ സൂപ്പര്‍ കിംഗ്്‌സ് ക്യാപ്റ്റന്‍ എം എസ് ധോണി. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്റ്റംപിങ് നടത്തിയ വിക്കറ്റ് കീപ്പര്‍ ധോണിയാണ്. ഏറ്റവും കൂടുതല്‍ ജയമങ്ങള്‍ സ്വന്തമാക്കിയ ക്യാപ്റ്റനും ധോണി തന്നെ. ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ മറ്റൊരു റെക്കോഡ് കൂടി ധോണി സ്വന്തമാക്കി.
ഐപിഎല്ലില്‍ 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമായിരിക്കുകയാണ് ധോണി. ഐപിഎല്‍ പ്രഥമ സീസണ്‍ മുതല്‍ ചെന്നൈയ്‌ക്കൊപ്പമാണ് ധോണി. 170 മത്സരങ്ങള്‍ അദ്ദേഹം മഞ്ഞ ജേഴ്‌സിയില്‍ പൂര്‍ത്തിയാക്കി. 30 മത്സരങ്ങള്‍ റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സിന് വേണ്ടിയായിരുന്നു. ചെന്നൈയ്ക്ക് രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയപ്പോഴാണ് ധോണി പൂനെയ്ക്ക് കളിച്ചത്.
മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ധോണിക്ക് പിന്നിലുള്ള താരം 197 മത്സരങ്ങളാണ് രോഹിത്തിന്റെ അക്കൗണ്ടിലുള്ളത്. സുരേഷ് റെയ്‌ന 193 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് നാലാം സ്ഥാനത്തുണ്ട്. 191 മത്സരങ്ങളാണ് കാര്‍ത്തിക് കളിച്ചത്.
4568 റണ്‍സാണ് ധോണി ഇതുവരെ ഐപിഎല്ലില്‍ നേടിയത്. ഇതില്‍ 3994 റണ്‍സും ചെന്നൈയ്‌ക്കൊപ്പമായിരുന്നു.