ഇത്ര ദയനീയമായി എത്രനാള്‍ മുന്നോട്ട് പോവും? ആര്‍സിബിക്കെതിരെ കടുത്ത വിമര്‍ശനവുമായി വിരേന്ദര്‍ സെവാഗ്
കൊല്‍ക്കത്ത ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആര്‍സിബി 17.4 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. 81 റണ്‍സിന്റെ തോല്‍വിയാണ് ആര്‍സിബിക്കുണ്ടായത്. ഫാഫ് ഡു പ്ലെസിസ് (23), വിരാട് കോലി (21) എന്നിവര്‍ ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും മുതലാക്കാന്‍ ശേഷിക്കുന്ന താരങ്ങള്‍ക്ക് സാധിച്ചില്ല.
കൊല്‍ക്കത്ത: റോയല്‍ ചലഞ്ചേഴ്്‌സ് ബാംഗ്ലൂരിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ദയനീയ തോല്‍വിക്ക് ശേഷമാണ് സെവാഗ് ആര്‍സിബിക്കെതിരെ തിരിഞ്ഞത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആര്‍സിബി 17.4 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. 81 റണ്‍സിന്റെ തോല്‍വിയാണ് ആര്‍സിബിക്കുണ്ടായത്. ഫാഫ് ഡു പ്ലെസിസ് (23), വിരാട് കോലി (21) എന്നിവര്‍ ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും മുതലാക്കാന്‍ ശേഷിക്കുന്ന താരങ്ങള്‍ക്ക് സാധിച്ചില്ല.
സെവാഗ് പറയുന്നതും ഇക്കാര്യമാണ്. ആര്‍സിബി ഫാഫിനേയും കോലിയേും ഏറെ ആശ്രിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തല്‍. ''എപ്പോഴും രണ്ട് താരങ്ങളെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോവാനാവില്ല. ഗ്ലെന്‍ മാക്‌സ്‌വെല്ലും ദിനേശ് കാര്‍ത്തികും അവസരത്തിനൊത്ത് ഉയരണം. ബാക്കിയുള്ള താരങ്ങളും ഉത്തരവാദിത്തം കാണിക്കണം.'' സെവാഗ് പറഞ്ഞു.
എന്നാല്‍ പിന്തുണച്ചും സെവാഗ് സംസാരിച്ചു. ''ഐപിഎല്ലില്‍ ഇത്തരമൊരു സാഹചര്യം എല്ലാ ടീമുകള്‍ക്കുമുണ്ടാവും. ബാറ്റിംഗ് തകര്‍ച്ച എല്ലാ ടീമുകളും അഭിമുഖീകരിക്കാറുണ്ട്. ഐപിഎല്ലിന്റെ ചരിത്രം അങ്ങനെയാണ്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ ആര്‍സിബിക്ക് ഇത്തരത്തില്‍ സംഭവിച്ചത്, നല്ലതിനാണെന്ന് കരുതാം. 8-9 മത്സരങ്ങള്‍ക്ക് ശേഷമാണ് സംഭവിക്കുന്നതെങ്കില്‍, അത് പോയിന്റ് ടേബിളില്‍ വലിയ വ്യത്യാസമുണ്ടാക്കും. ആര്‍സിബിക്ക് ഇനിയും തിരിച്ചുവരാനുള്ള അവസരമുണ്ട്.'' സെവാഗ് പറഞ്ഞുനിര്‍ത്തി.
ആര്‍സിബി ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തപ്പോള്‍ മുന്നില്‍ നിന്ന് നയിച്ചത് കോലി- ഫാഫ് സഖ്യമായിരുന്നു. 172 റണ്‍സ് വിജയലക്ഷ്യവുമായിട്ടാണ് ആര്‍സിബി ബാറ്റിംഗിനെത്തിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 148 റണ്‍സ് കൂട്ടിചേര്‍ത്ത് വിജയം എളുപ്പമാക്കി. എന്നാല്‍ അതേ ഫോം കൊല്‍ക്കത്തയ്‌ക്കെതിരെ പുറത്തെടുക്കാന്‍ ഇരുവര്‍ക്കുമായില്ല.