ട്വിസ്റ്റ്, അര്‍ഷ്ദീപിനെ തിരിച്ചെത്തിച്ച് പഞ്ചാബ് കിംഗ്‌സ്! കഗിസോ റബാദയ്ക്കും പുതിയ ടീം
ഗുജറാത്ത് 10.75 വിളിച്ചപ്പോള്‍ ആര്‍സിബിയും പിന്മാറി. പിന്നീടുള്ള മത്സരം സണ്‍റൈസേഴ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലായി.
ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ അര്‍ഷ്ദീപ് സിംഗിനെ തിരിച്ചെത്തിച്ച് പഞ്ചാബ് കിംഗ്‌സ്. ആര്‍ടിഎം ഓപ്ഷന്‍ ഉപയോഗിച്ചാണ് അര്‍ഷ്ദീപിനെ പഞ്ചാബ് തിരിച്ചെത്തിച്ചത്. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന അര്‍ഷ്ദീപിന് വേണ്ടി തുടക്കത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഡല്‍ഹി കാപിറ്റല്‍സുമാണ് ശ്രമിച്ചത്. ഡല്‍ഹി 7.5 കോടി വരെ പോയപ്പോള്‍ ചെന്നൈ പിന്മാറി. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സ് 10 കോടി വിളിച്ചു. ഇതോടെ ഡല്‍ഹി പിന്മാറി. പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ചിത്രത്തിലേക്ക് വന്നു.
ഗുജറാത്ത് 10.75 വിളിച്ചപ്പോള്‍ ആര്‍സിബിയും പിന്മാറി. പിന്നീടുള്ള മത്സരം സണ്‍റൈസേഴ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലായി. ഇരുവരും 15.75 കോടി വരെ പോയി. ഇതോടെ രാജസ്ഥാന്‍ കൈവിട്ടു. ലേലം അര്‍ഷ്ദീപ് ഉറപ്പിച്ചിരിക്കെ പഞ്ചാബ് ആര്‍ടിഎം ഓപ്ഷനുമായി മുന്നോട്ടുവന്നു. ഇതോടെ അര്‍ഷ്ദീപ് വീണ്ടും പഞ്ചാബില്‍. അതേസമയം, ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാദ ഗുജറാത്തിന് വേണ്ടി കളിക്കും. 10.75 കോടിക്കാണ് ഗുജറാത്ത് താരത്തെ ടീമിലെത്തിച്ചത്. ആര്‍സിബി, മുംബൈ ഇന്ത്യന്‍സ് എന്നിവരെല്ലാം പിന്നാലെ ഉണ്ടായിരുന്നെങ്കിലും പിന്‍വലിയേണ്ടി വന്നു.
പുത്തന്‍ പേരിലും സഞ്ജുവിന് നല്ല രാശി! എന്തായിരിക്കും പേരിന് പിന്നിലെ രഹസ്യം?
ഇന്ത്യക്ക് പുറത്ത് നടക്കുന്ന രണ്ടാമത്തെ ഐപിഎല്‍ മെഗാ താരലേലമാണിത്. ജിദ്ദയിലെ അബാദി അല്‍ ജോഹര്‍ അറീനയിലാണ് ലേലം. രണ്ട് ദിവസവും ലേലം രണ്ട് ഘട്ടമായി 3.30 മുതല്‍ 5 വരെയും, 5.45 മുതല്‍ രാത്രി 10.30 വരെയുമാണ് ലേലം നടക്കുക. 367 ഇന്ത്യക്കാരും 210 വിദേശികളും ഉള്‍പ്പടെ ആകെ 577 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10 ടീമുകളിലായി താരലേലത്തില്‍ അവസരം കിട്ടുക 70 വിദേശികള്‍ അടക്കം 204 താരങ്ങള്‍ക്കാണ്. രണ്ട് കോടി രൂപയാണ് ഉയര്‍ന്ന അടിസ്ഥാന വില. 12 മാര്‍ക്വീ താരങ്ങള്‍ ഉള്‍പ്പടെ രണ്ട് കോടി പട്ടികയില്‍ 81 പേര്‍ ഇടംപിടിച്ചു.
42 വയസുള്ള ഇംഗ്ലണ്ട് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സനാണ് ലേലത്തിലെ പ്രായമേറിയ താരം. ബിഹാറിന്റെ പതിമൂന്നു വയസുകാരന്‍ വൈഭവ് സൂര്യവംശി ഏറ്റവും പ്രായം കുറഞ്ഞ താരവും. നിലനിര്‍ത്തിയ താരങ്ങള്‍ ഉള്‍പ്പടെ ഓരോ ടീമിനും ചെലവഴിക്കാവുന്ന പരമാവധി തുക 120 കോടി രൂപയാണ്.