ഇതാണ് പഞ്ചാബിന്റെ തന്ത്രമെങ്കിൽ അടുത്ത കളിയിൽ ഷമി ഓപ്പണറാകട്ടെ; രാഹുലിനെതിരെ വിമർശനവുമായി നെഹ്റ

ടീമിലെ പ്രധാന ബൗളറായ ലിറെ മെറിഡിത്തിനെ രാഹുൽ പന്തേൽപ്പിക്കുന്നത് പത്തോവർ കഴിഞ്ഞാണ്. ആദ്യ ഓവറിൽ തന്നെ സ്റ്റീവ് സ്മിത്തിനെ മെറിഡിത്ത് പുറത്താക്കുകയും ചെയ്തു.

Ashish Nehra criticizes KL Rahul on his poor strategy against Delhi Capitals

മുംബൈ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ആദ്യം ബാറ്റ് ചെയ്ത് വമ്പൻ സ്കോർ കുറിച്ചിട്ടും പ‍ഞ്ചാബ് കിം​ഗ്സ് തോൽവി വഴങ്ങിയതിന് നായകൻ കെ എൽ രാഹുലിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ രം​ഗത്ത്. നായകനെന്ന നിലയിൽ രാഹുലിന് തന്റെ ബൗളർമാരെ ഫലപ്രദമായി വിനിയോ​ഗിക്കാൻ കഴിയാഞ്ഞതാണ് പഞ്ചാബിന്റെ തോൽവിക്ക് കാരണമെന്ന് നെഹ്റ പറഞ്ഞു.

ടീമിലെ പ്രധാന ബൗളറായ ലിറെ മെറിഡിത്തിനെ രാഹുൽ പന്തേൽപ്പിക്കുന്നത് പത്തോവർ കഴിഞ്ഞാണ്. ആദ്യ ഓവറിൽ തന്നെ സ്റ്റീവ് സ്മിത്തിനെ മെറിഡിത്ത് പുറത്താക്കുകയും ചെയ്തു. അതുപോലെ സ്ട്രൈക്ക് ബൗളറായ മുഹമ്മദ് ഷമിയുടെ നാലോവർ പൂർത്തിയാക്കുന്നത് നാല് വ്യത്യസ്ത സ്പെല്ലുകളായിട്ടാണ്. അർഷദീപ് സിം​ഗാണ് പഞ്ചാബിന്റെ ബൗളിം​ഗ് തുടങ്ങിയത്. ഒന്നുകിൽ തുടക്കത്തിൽ കളി നിയന്ത്രിക്കണം, അല്ലെങ്കിൽ ഒടുക്കം കളി നിയന്ത്രിക്കണം.

ഇത് രണ്ടുമല്ലാത്ത രീതിയിലാണ് രാഹുൽ തന്റെ ബൗളർമാരെ വിനിയോ​ഗിച്ചത്. ക്രിക്കറ്റിൽ വമ്പൻ ജയവും തോൽവിയുമെല്ലാം ഉണ്ടാകും. അതെല്ലാം കളിയുടെ ഭാ​ഗവുമാണ്. എന്നാൽ ചില കാര്യങ്ങളെങ്കിലും നമ്മുടെ നിയന്ത്രണത്തിലുള്ളതാണ്. അതെങ്കിലും ക്യാപ്റ്റനെന്ന നിലയിൽ രാഹുൽ ചെയ്യേണ്ടതായിരുന്നു.

തന്റെ പ്രധാന ബൗളർമാരെ അവസാനത്തേക്ക് മാറ്റിവെക്കുന്നതാണ് രാഹുലിന്റെ തന്ത്രമെങ്കിൽ അടുത്ത മത്സരത്തിൽ രാഹുൽ ഓപ്പണറായി ഇറങ്ങേണ്ട ആവശ്യമില്ല. പകരം ജലജ് സക്സേനയെയോ മുഹമ്മദ് ഷമിയോ ഷാരൂഖ് ഖാനോ ഓപ്പണറായി ഇറങ്ങിയാൽ മതിയല്ലോ. അതുകൊണ്ടുതന്നെ ക്യാപ്റ്റനെന്ന നിലയിൽ രാഹുൽ കോച്ച് അനിൽ കുംബ്ലയെുമായി ചേർന്ന് പുതിയ തന്ത്രങ്ങൾ മെനയണമെന്നാണ് എന്റെ അഭിപ്രായം. എന്നാൽ മാത്രമെ മത്സരങ്ങളിലെങ്കിലും പഞ്ചാബിന് തിരിച്ചുവരാനാവു എന്നും നെഹ്റ പറഞ്ഞു.

ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് രാഹുലിന്റെയും മായങ്കിന്റെ അർധസെഞ്ചുറികളുടെ മികവിൽ 196 റൺസെടുത്തെങ്കിലും ഡൽഹി 10 പന്ത് ബാക്കി നിൽത്തി നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

Latest Videos
Follow Us:
Download App:
  • android
  • ios