'ഞങ്ങള്‍ക്ക് അങ്ങനെയൊരു പരിപാടിയെ ഇല്ല'; ചെന്നൈ ഡ്രസിംഗ് റും രഹസ്യം വെളിപ്പെടുത്തി ബ്രാവോ
തങ്ങള്‍ക്ക് പ്രത്യേക പദ്ധതികളൊന്നുമില്ല, ടീം മീറ്റിംഗുകളുമില്ല. ഏത് ദിവസവും പോലെ ഒഴുക്കിനനുസരിച്ച് കളിയിലേക്ക് ഇറങ്ങുന്നു. സാഹചര്യങ്ങള്‍ക്കനുസരിച്ച് പെട്ടെന്ന് പ്രതികരിക്കുന്നു. അതാണ് പരിചയസമ്പത്തിന്‍റെ ഗുണമെന്നും എന്നും ബ്രാവോ
ദില്ലി: മത്സരങ്ങള്‍ക്ക് മുന്‍പ് ടീം മീറ്റിംഗുകള്‍ പതിവില്ലെന്ന് വെളിപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്‌ന്‍ ബ്രാവോ. പരിചയസമ്പത്തും മത്സര സാഹചര്യങ്ങളുമാണ് ചെന്നൈയുടെ വിജയ തന്ത്രങ്ങള്‍ക്ക് പിന്നിലെന്ന് ബ്രാവോ പറയുന്നു.
തങ്ങള്‍ക്ക് പ്രത്യേക പദ്ധതികളൊന്നുമില്ല, ടീം മീറ്റിംഗുകളുമില്ല. ഏത് ദിവസവും പോലെ ഒഴുക്കിനനുസരിച്ച് കളിയിലേക്ക് ഇറങ്ങുന്നു. സാഹചര്യങ്ങള്‍ക്കനുസരിച്ച് പെട്ടെന്ന് പ്രതികരിക്കുന്നു. അതാണ് പരിചയസമ്പത്തിന്‍റെ ഗുണമെന്നും എന്നും ബ്രാവോ പറഞ്ഞു.
കഴിഞ്ഞ സീസണില്‍ ഇത് തങ്ങള്‍ തെളിയിച്ചതാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ആളുകള്‍ പ്രായം എടുത്തിടും. തങ്ങള്‍ 60 വയസുകാരല്ല, 35, 30, 32 പ്രായക്കാര്‍ മാത്രമാണ്. തങ്ങള്‍ ഇപ്പോളും ചെറുപ്പമാണ്. എന്നാല്‍ വളരെയധികം അനുഭവസമ്പത്തുണ്ട്. പരിചയസമ്പത്തിനെ ഒരു കായികയിനത്തിലും, ഏതൊരു ടൂര്‍ണമെന്‍റിലും മറികടക്കാനാവില്ല. ഫീല്‍ഡില്‍ 'ഫാസ്റ്റസ്റ്റ്' ടീമല്ല ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, എന്നാല്‍ 'സ്‌മാര്‍ട്ടസ്റ്റ്' ടീമാണ് എന്നും ബ്രാവോ പറഞ്ഞു.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആറ് വിക്കറ്റിന് വിജയിച്ചിരുന്നു. ഡൽഹിയുടെ 147 റൺസ് ചെന്നൈ രണ്ട് പന്ത് ശേഷിക്കേ മറികടക്കുകയായിരുന്നു. ഷെയ്ൻ വാട്‌സൺ 44 റണ്‍സും സുരേഷ് റെയ്ന 30 റണ്‍സും കേദാർ ജാദവ് 27 റണ്‍സുമെടുത്തപ്പോൾ നായകന്‍ എം എസ് ധോണി 32 റൺസുമായി പുറത്താവാതെ നിന്നു. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ബ്രാവോയുടെ പ്രകടനവും ജയത്തില്‍ നിര്‍ണായകമായി.