2018ല്‍ നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രയിൽ അറസ്റ്റിൽ, 6 വർഷത്തിനിപ്പുറം കഠിന തടവ്; പിടിച്ചത് 2.5 കിലോ എംഡിഎംഎ
ട്രോളി ബാഗിനകത്ത് തുണികൾ നിറച്ച ശേഷം സൈഡിൽ പ്രത്യേക അറകളിലായാണ് മയക്കുമരുന്ന് കടത്തിയത്
കൊച്ചി: കൊച്ചിയില്‍ നിന്നും വിദേശത്തേക്ക് രാസലഹരി കടത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് 11 വര്‍ഷം കഠിന തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.
2018 ഫെബ്രുവരിയില്‍ നെടുമ്പാശ്ശേരിയിലേക്ക് വരികയായിരുന്ന കാറിൽ നിന്ന് രണ്ടര കിലോഗ്രാം എംഡിഎംഎയാണ് എക്സൈസ് കണ്ടെടുത്തത്. ഈ കേസിൽ മണ്ണാര്‍ക്കാട് സ്വദേശികളായ ഫൈസല്‍, അബ്ദുല്‍ സലാം എന്നിവർ അറസ്റ്റിലായി. ട്രോളി ബാഗിനകത്ത് തുണികൾ നിറച്ച ശേഷം സൈഡിൽ പ്രത്യേക അറകളിലായാണ് മയക്കുമരുന്ന് കടത്തിയത്. വിമാനത്താവളത്തിൽ സ്കാൻ ചെയ്യുമ്പോൾ പെടാതിരിക്കാൻ കറുത്ത പോളിത്തീൻ കവറിലാണ് പ്രതികൾ മയക്കുമരുന്ന് നിറച്ചത്.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജി ലക്ഷ്മണും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആറ് വർഷത്തിനിപ്പുറം എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പറഞ്ഞു. ഇരു പ്രതികള്‍ക്കും 11 വര്‍ഷം കഠിന തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും വിധിച്ചു. മൂന്നാം പ്രതിയെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു.
രഹസ്യ വിവരം, രണ്ടിടങ്ങളിലായി പരിശോധന; പിടികൂടിയത് 35.8 കിലോഗ്രാം കഞ്ചാവ്, ബംഗാൾ സ്വദേശികൾ പിടിയിൽ