എറിഞ്ഞിട്ട് ചാമ്പ്യന്‍ ബ്രാവോ; ചെന്നൈയ്ക്ക് 148 റണ്‍സ് വിജയലക്ഷ്യം
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ ആറ് വിക്കറ്റിന് 147 റണ്‍സെടുത്തു. മൂന്ന് വിക്കറ്റുമായി ഡ്വെയ്ന്‍ ബ്രാവോയാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ ചെറിയ സ്‌കോറില്‍ ചുരുട്ടിക്കെട്ടിയത്.
ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 148 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ ആറ് വിക്കറ്റിന് 147 റണ്‍സെടുത്തു. മൂന്ന് വിക്കറ്റുമായി ഡ്വെയ്ന്‍ ബ്രാവോയാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ ചെറിയ സ്‌കോറില്‍ ചുരുട്ടിക്കെട്ടിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്കായി പൃഥ്വി ഷാ തുടക്കത്തിലെ അടി തുടങ്ങിയെങ്കിലും 16 പന്തില്‍ 24 റണ്‍സെടുത്ത് പുറത്തായി. ഷായെ അഞ്ചാം ഓവറില്‍ ദീപക് ചഹാര്‍, വാട്‌സന്‍റെ കൈകളിലെത്തിച്ചു. ഓപ്പണര്‍ ശിഖര്‍ ധവാനെ കൂട്ടുപിടിച്ച് നായകന്‍ ശ്രേയാസ് അയ്യര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. എന്നാല്‍ 12-ാം ഓവറില്‍ അയ്യറെ(18) താഹിര്‍ എല്‍ബിയില്‍ കുടുക്കി.
പിന്നാലെ കണ്ടത് ആദ്യ മത്സരം ഓര്‍മ്മിപ്പിച്ച് ഋഷഭ് പന്തിന്‍റെ വിളയാട്ടം. എന്നാല്‍ അതിനും അധികം ആയുസുണ്ടായിരുന്നില്ല. 16-ാം ഓവര്‍ എറിഞ്ഞ ഡ്വെയ്ന്‍ ബ്രാവോ ഡല്‍ഹിയെ പിടിച്ചുകുലുക്കി. രണ്ടാം പന്തില്‍ ഠാക്കൂറിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ ഋഷഭ് പന്ത്(13 പന്തില്‍ 25) പുറത്ത്. നാലാം പന്തില്‍ ഇന്‍ഗ്രാം(2) റെയ്‌നയുടെ കൈയില്‍. തൊട്ടടുത്ത ഓവറില്‍ കീമോ പോളിനെ(0) ജഡേജ ബൗള്‍ഡാക്കി.
ഇതിനിടയില്‍ ധവാന്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ 17-ാം ഓവറിലെ ആദ്യ പന്തില്‍ ധവാനെ(51) ബ്രാവോ പറഞ്ഞയച്ചു. അക്ഷാര്‍ പട്ടേലും(9) രാഹുല്‍ തിവാട്ടിയയും(11) പുറത്താകാതെ നിന്നു.