Asianet News MalayalamAsianet News Malayalam

യാത്രക്കാരൻ കൊണ്ടുവന്ന ഹാന്റ് ബാഗ് സ്കാൻ ചെയ്തപ്പോൾ രണ്ട് ഗ്രനേഡുകൾ; ഹവായ് വിമാനത്താവളം ഒഴിപ്പിച്ച് അധികൃതർ

പതിവ് പോലെ യാത്രക്കാരുടെ ബാഗേജുകൾ എക്സ്റേ സ്കാനിങ് മെഷീനിലൂടെ കടത്തിവിട്ട് പരിശോധിപ്പിച്ചപ്പോഴാണ് ഗ്രനേഡുകൾ പോലെയുള്ള രണ്ട് വസ്തുക്കൾ കണ്ടത്.

two grenades found inside the hand baggage of passenger while x ray scanning at airport
Author
First Published Jul 12, 2024, 12:06 AM IST | Last Updated Jul 12, 2024, 12:06 AM IST

ഹവായ്: യാത്രക്കാരന്റെ ഹാന്റ് ബാഗേജിൽ നിന്ന് ഗ്രനേഡുകൾ കണ്ടെത്തിയതിന് പിന്നാലെ അമേരിക്കയിലെ ഹവായ് വിമാനത്താവളത്തിൽ നിന്ന് ആളുകളെ ഒളിപ്പിച്ചു. യാത്രയ്ക്ക് മുന്നോടിയായി നടത്തുന്ന ബാഗുകളുടെ പതിവ് എക്സ്റേ പരിശോധനയ്ക്കിടെയാണ് ഗ്രനേഡുകളെന്ന് സംശയിക്കുന്ന രണ്ട് വസ്തുക്കൾ കണ്ടതെന്ന് ട്രാൻസ്‍പോർട്ടേഷൻ സെക്യൂരിറ്റി അഡ്‍മിനിസ്ട്രേഷൻ വിഭാഗം അറിയിച്ചു. അമേരിക്കയിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യാനെത്തിയ ഒരു ജപ്പാൻ പൗരന്റെ ബാഗുകളായിരുന്നു ഇത്. പുലർച്ചെ 5.44ന് ആയിരുന്നു സംഭവം. 

തുടർന്ന് അടിയന്തിര ജാഗ്രതാ നിർദേശം നൽകുകയും വിമാനത്താവളത്തിലെ ടെർമിനൽ കെട്ടിടം ഒഴിപ്പിക്കുകയും ചെയ്തു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. സംഭവങ്ങളെ തുടർന്ന് ഹിലോ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഒരു മണിക്കൂറിലേറെ തടസ്സപ്പെട്ടതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബോംബ് സ്ക്വാഡിന്റെ പരിശോധനയിൽ ബാഗിലുണ്ടായിരുന്ന രണ്ട് വസ്തുക്കളും ഗ്രനേഡുകൾ തന്നെയെന്ന് സ്ഥിരീകരിച്ചു. എന്നാൽ ഇവ പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള അവസ്ഥയിലായിരുന്നില്ല. അതുകൊണ്ടുതന്നെ ഭീഷണി ഒഴിവായെന്ന് അധികൃതർ അറിയിച്ചു.

ഗ്രനേഡുമായി വിമാന യാത്രയ്ക്ക് എത്തിയ അകിറ്റോ ഫുകുഷിമ എന്ന 41 കാരനായ ജപ്പാൻ പൗരനെ അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ തീവ്രവാദ ഭീഷണിക്കുറ്റം ചുമത്തിയിരിക്കുകയാണ്. ഒരു മണിക്കൂറോളം കഴി‌ഞ്ഞ് 6.50നാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം പുനഃരാരംഭിച്ചത്. ഗ്രനേഡുമായി എത്തിയ ജപ്പാൻ പൗരൻ ഏത് രാജ്യത്തേക്കാണ് യാത്ര ചെയ്യാൻ എത്തിയതെന്ന് വിവരം യു.എസ് അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios