വിമാനത്തിന്‍റെ എമർജൻസി എക്സിറ്റ് തുറന്ന് യുവാവ്; കാരണം 'വിചിത്രം', നിലവിളിച്ച് യാത്രക്കാർ, 9 പേർ ചികിത്സ തേടി
അടുത്തിടെ ജോലി നഷ്‌ടപ്പെട്ടതിനെത്തുടർന്ന് മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ദേഗു ഡോങ്ബു പൊലീസിനോട് യുവാവ് പറഞ്ഞതായി ദക്ഷിണ കൊറിയയിലെ യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സോള്‍: വിമാനം ലാൻഡ് ചെയ്യാൻ തയാറെടുക്കുന്നതിനിടെ എമർജൻസി എക്സിറ്റ് തുറന്ന സംഭവത്തില്‍ യാത്രക്കാരന്‍റെ മറുപടിയില്‍ ഞെട്ടി അധികൃതർ. വിമാനത്തിൽ നിന്ന് വേഗത്തിൽ ഇറങ്ങാൻ ആഗ്രഹിച്ചതിനാലാണ് എമർജൻസി എക്സിറ്റ് തുറന്നതെന്നാണ് ഏകദേശം മുപ്പത് വയസുള്ള യുവാവ് പൊലീസിനോട് പറഞ്ഞത്. അടുത്തിടെ ജോലി നഷ്‌ടപ്പെട്ടതിനെത്തുടർന്ന് മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ദേഗു ഡോങ്ബു പൊലീസിനോട് യുവാവ് പറഞ്ഞതായി ദക്ഷിണ കൊറിയയിലെ യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച ഏഷ്യാന എയർലൈൻസ് വിമാനത്തിലാണ് സംഭവമുണ്ടായത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെങ്കിലും നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സോളില്‍ നിന്ന് ഏകദേശം 240 കിലോമീറ്റർ (149 മൈൽ) തെക്കുകിഴക്കായി ഡേഗു ഇന്റർനാഷണൽ എയർപോർട്ടില്‍ ലാൻഡ് ചെയ്യാൻ തയാറെടുക്കുകയായിരുന്നു ഏഷ്യാന എയര്‍ലൈൻസ് വിമാനം. എയർബസ് എ 321-200ല്‍ ഏകദേശം 200 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
വിമാനം ഭൂമിയിൽ നിന്ന് 200 മീറ്റർ (650 അടി) മാത്രം ഉയരത്തിൽ ആയിരിക്കുമ്പോൾ എമർജൻസി എക്സിറ്റിന് സമീപം ഇരുന്ന ഒരു യാത്രക്കാരൻ ലിവർ സ്പർശിച്ച് സ്വമേധയാ വാതിൽ തുറക്കുകയായിരുന്നുവെന്ന് ദക്ഷിണ കൊറിയൻ എയര്‍ലൈൻസിന്‍റെ പ്രതിനിധി എ എഫ് പിയോട് പറഞ്ഞു. അപ്രതീക്ഷിതമായി വാതിൽ തുറന്നത് ചില യാത്രക്കാർക്ക് ശ്വാസതടസമുണ്ടാക്കി. ഇതോടെ ലാൻഡിംഗിന് ശേഷം ചില യാത്രക്കാരെ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നു.
അതേസമയം, വലിയ പരിക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും ഏഷ്യാന എയര്‍ലൈൻസ് അധികൃതര്‍ പറഞ്ഞു. ഒമ്പത് പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ദക്ഷിണ കൊറിയയിലെ യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യാത്രക്കാരൻ എമര്‍ജൻസി എക്സിറ്റ് തുറന്നതിന് ശേഷം വിമാനത്തിനുള്ളില്‍ സംഭവിച്ച കാര്യങ്ങളുടെ ചെറിയൊരു വീഡിയോ പുറത്ത് വന്നിട്ടുണ്ട്. വിമാനത്തിനുള്ളിലേക്ക് അതിവേഗത്തില്‍ കാറ്റ് കയറുന്നതും ആളുകള്‍ നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. തുറന്ന വാതിലിനോട് ചേർന്നുള്ള വരിയിൽ ഇരിക്കുന്ന യാത്രക്കാര്‍ ശക്തമായ കാറ്റിൽ വീഴുന്നുമുണ്ട്.