അഭിഭാഷകർ ഹാജരായില്ല, ചിന്മയ് കൃഷ്ണദാസിന് ഒരു മാസം ജാമ്യമില്ല; കേസ് ജനുവരി 2 ലേക്ക് മാറ്റി
കൃഷ്ണദാസിന്‍റെ ജാമ്യാപേക്ഷയെ ബംഗ്ലാദേശ് സർക്കാർ ശക്തമായി എതിർക്കുകയായിരുന്നു
ധാക്ക: ബംഗ്ലാദേശിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിന് കോടതിയിൽ തിരിച്ചടി. ജാമ്യം തേടിയുള്ള ചിന്മയ് കൃഷ്ണദാസിന്‍റെ അപേക്ഷ കോടതി ഇന്ന് അംഗീകരിച്ചില്ല. കൃഷ്ണദാസിന് വേണ്ടി അഭിഭാഷകരാരും കോടതിയിൽ ഹാജരായിരുന്നില്ല. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചിന്മയ് കൃഷ്ണദാസിൻ്റെ അഭിഭാഷകൻ റീഗൻ ആചാര്യയെ ആക്രമിക്കുകയും അദ്ദേഹത്തിന്‍റെ ഓഫീസ് തകർക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അഭിഭാഷകൻ ഹാജരാകാഞ്ഞത്. കൂടാതെ കൃഷ്ണദാസിന്‍റെ ജാമ്യാപേക്ഷയെ ബംഗ്ലാദേശ് സർക്കാർ ശക്തമായി എതിർക്കുകയും ചെയ്തതോടെ കേസ് പരിഗണിക്കുന്നത് ജനുവരി 2 ലേക്ക് മാറ്റുകയായിരുന്നു. അതായത് ഈ ഒരു മാസക്കാലം കൃഷ്ണദാസിന് ജയിലിൽ കഴിയേണ്ടിവരുമെന്നാണ് വ്യക്തമാകുന്നത്.
അതേസമയം ചിന്മയ് കൃഷ്ണദാസിന് പുറമേ രണ്ട് ഹിന്ദു സന്യാസിമാർ കൂടി കസ്റ്റഡിയിലുണ്ടെന്ന് ബംഗ്ലാദേശ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇസ്കോൺ അംഗങ്ങളായ രുദ്ര പതി കേശവ് ദാസ്, രംഗനാഥ് ശ്യാമ സുന്ദർദാസ് എന്നിവരെ കസ്റ്റഡിയിലെടുത്തതായാണ് ബംഗ്ലാദേശ് സർക്കാർ സ്ഥിരീകരിച്ചത്. കൂടാതെ 17 പേരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. ചിന്മയ് കൃഷ്ണദാസിൻ്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായവർക്കെതിരെയാണ് നടപടിയെന്നാണ് വിശദീകരണം.
അതിനിടെ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാനായി ഇന്ത്യയിലേക്ക് തിരിച്ച 54 ഇസ്കോൺ സന്യാസിമാരെ ബംഗ്ലാദേശ് തടഞ്ഞതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മതിയായ യാത്ര രേഖകളുണ്ടായിട്ടും സന്യാസിമാരെ അതിർത്തി കടക്കാൻ അനുവദിച്ചില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതിർത്തിയിൽ വെച്ച് സന്യാസിമാരെ തടഞ്ഞ അധികൃതർ മണിക്കൂറുകളോളം കാത്തിരിപ്പിന് ശേഷം ഇന്ത്യയിലേക്കുള്ള യാത്രക്ക് അനുമതി നൽകാനാവില്ലെന്ന് അറിയിക്കുകയായിരുന്നു എന്നാണ് വിവരം. യാത്ര സംഘത്തിന് ഇന്ത്യയിലേക്ക് പോകാൻ അനുവാദം നൽകരുതെന്ന് ഉന്നത അധികാരികൾ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പ്രതികരിച്ചത്.
അതേസമയം ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആർ എസ് എസ് രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തിയിരുന്നു. ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടരുതെന്ന് ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടതായാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം