ഒന്ന് സൂക്ഷിച്ച് നോക്കിയേ! കണ്ണുകളെ വിശ്വസിക്കാൻ കഴിയാത്ത അവസ്ഥ; ബസിന് അടിയിൽ കിടക്കുന്ന യുവാവ്, വീഡിയോ വ്യാജം
പൂനെയിലെ സംഭവം വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനിടെയാണ് ഹൈദരാബാദിലെ യൂസുഫ് ഗഡ മെയിൻ റോഡിൽ നിന്നുള്ള ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.
ഹൈദരാബാദ്: വൈറലാകാൻ നടത്തുന്ന സാഹസിക അഭ്യാസങ്ങളാണ് ഇപ്പോള്‍ സോഷ്യൽ ലോകത്ത് ചര്‍ച്ച. പൂനെയിൽ റീൽസ് എടുക്കാനായി ജീവൻ പണയപ്പെടുത്തിയുള്ള പെൺകുട്ടിയുടെ അഭ്യാസ പ്രകടനത്തിന്‍റെ വീഡിയോ വൈറലായി മാറിയിരുന്നു. ബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് ഒറ്റകൈയിൽ തൂങ്ങിയാടി ദൃശ്യമെടുക്കുന്ന പൂനെ സ്വദേശിയായ പെൺകുട്ടിയുടെ ദൃശ്യങ്ങളാണ് പ്രചരിച്ചത്.
ഈ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാഹസികമായി റീൽസ് ചെയ്ത പെൺകുട്ടിയും സുഹൃത്തുമാണ് പിടിയിലായത്. 23 കാരി മീനാക്ഷി സുളങ്കെയും സുഹൃത്ത് 27കാരൻ മിഹിർ ഗാന്ധിയുമാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം റീൽസ് ചിത്രീകരിച്ച മൂന്നാമനെ കണ്ടെത്താൻ കഴിഞ്ഞട്ടില്ല.
പൂനെയിലെ സംഭവം വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനിടെയാണ് ഹൈദരാബാദിലെ യൂസുഫ് ഗഡ മെയിൻ റോഡിൽ നിന്നുള്ള ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഇൻസ്റ്റാഗ്രാമിൽ റീലുണ്ടാക്കാൻ ബസിന് മുന്നിൽ അപകടകരമായ അഭ്യാസം നടത്തുന്ന യുവാവാണ് വീഡിയോയിലുള്ളത്. ഓടുന്ന ബസിന് മുന്നിലേക്ക് കയറി നിന്ന് റോഡിൽ കിടക്കുന്ന യുവാവിനെ വീഡിയോയിൽ കാണാം.
ബസിന്‍റെ താഴെ റോഡിൽ മധ്യഭാഗത്തായാണ് കിടന്നത് എന്നതിനാൽ അപകടം ഒന്നും യുവാവിന് സംഭവിച്ചില്ല. ബസ് പോയിക്കഴിഞ്ഞ ശേഷം എഴുന്നേറ്റ് യുവാവ് റോഡിലെ മറ്റ് വാഹനങ്ങളെയും മറികടന്ന് ഓടി മാറുന്നതും കാണാം. ഈ വീഡിയോ പുറത്ത് വന്നതോടെ പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍, ഈ വീഡിയോ ഫേക്ക് ആണെന്നുള്ളതാണ് സത്യം. സൂക്ഷിച്ച് നോക്കിയാല്‍ റോഡിലെ ലൈൻ മിന്നുന്നതായി കാണാം. വൈറലാകാൻ വേണ്ടി ആരോ എഡിറ്റ് ചെയ്ത വീഡിയോ പുറത്ത് വിടുകയായിരുന്നുവെന്ന് സാരം. സോഷ്യല്‍ ലോകത്ത് വൈറലാകാൻ വേണ്ടി നടത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം