സ്റ്റൈല്‍ വേറെ ലെവല്‍, ബുമ്രയെ നേരിട്ട് അഭിനന്ദിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി; കോലിയുമായി ചിരി ചാറ്റ്
ഇതില്‍ക്കൂടുതല്‍ എന്ത് വേണം... ഓസീസിനെ വെള്ളംകുടിപ്പിച്ച പെര്‍ത്ത് ടെസ്റ്റിലെ ജസ്പ്രീത് ബുമ്ര, വിരാട് കോലി എന്നിവരുടെ മാച്ച് വിന്നിംഗ് പ്രയത്നത്തെ വാഴ്‌ത്തി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
കാൻബറ: ബോർഡർ- ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കിടെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസിനെ സന്ദര്‍ശിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ ദ്വിദിന സന്നാഹമത്സരം കളിക്കാൻ എത്തിയപ്പോഴാണ് രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ഓസീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ്. ഇന്ത്യക്കായുള്ള പെര്‍ത്ത് ടെസ്റ്റിലെ ജസ്പ്രീത് ബുമ്ര, വിരാട് കോലി എന്നിവരുടെ മാച്ച് വിന്നിംഗ് പ്രയത്നത്തെ ആല്‍ബനീസ് അഭിനന്ദിച്ചു.
ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയുടെ ആക്ഷന്‍ മറ്റുള്ള ബൗളര്‍മാരില്‍ നിന്ന് വ്യത്യസ്തമാണ് എന്ന് കൂടിക്കാഴ്‌ചയ്‌ക്കിടെ ഓസീസ് പ്രധാനമന്ത്രി പ്രശംസിച്ചു. ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിക്കും ആല്‍ബനീസിന്‍റെ പ്രത്യേക പരാമര്‍ശങ്ങളുണ്ടായിരുന്നു. കോലിയുടെ 30-ാം ടെസ്റ്റ് സെഞ്ചുറിയെ (143 പന്തില്‍ 100) അദേഹം അഭിനന്ദിച്ചു. നര്‍മ്മകരമായിരുന്നു കോലി-ആല്‍ബനീസ് സംഭാഷണം. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുമായി ഇന്ത്യന്‍ താരങ്ങള്‍ കൂടിക്കാഴ്‌ച നടത്തുന്ന വീഡിയോ ഇതിനകം വൈറലാണ്. സീനിയര്‍ സ്‌പിന്‍ ഓള്‍റൗണ്ടര്‍മാരായ രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നീ താരങ്ങളെയും വീഡിയോയില്‍ കാണാം. സന്ദർശനത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റന് രോഹിത് ശർമ്മ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
നാളെയും മറ്റന്നാളും രാത്രിയും പകലുമായി പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനുമായാണ് ഇന്ത്യൻ ടീം സന്നാഹമത്സരം കളിക്കുക. ഡിസംബർ ആറിന് തുടങ്ങുന്ന ഡേ-നൈറ്റ് ടെസ്റ്റിന് മുന്നോടിയായാണ് ഇന്ത്യ സന്നാഹമത്സരം കളിക്കുന്നത്. പെർത്ത് വേദിയായ ആദ്യ ടെസ്റ്റില്‍ 295 റൺസിന്‍റെ തകർപ്പൻ ജയം നേടിയ ഇന്ത്യ ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിൽ 1-0ന് മുന്നിലാണ്. രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുമ്രയായിരുന്നു പെര്‍ത്ത് ടെസ്റ്റില്‍ ടീം ഇന്ത്യയെ നയിച്ചത്. മത്സരത്തില്‍ ബുമ്ര 8 വിക്കറ്റ് വീഴ്ത്തിയിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ കോലിക്ക് പുറമെ യശസ്വി ജയ്‌സ്വാളിന്‍റെ സെഞ്ചുറിയും (297 പന്തില്‍ 161) നിര്‍ണായകമായി.
Read more: ഐസിസി ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാന്‍ വേദിയാകുമോ? ഇന്നറിയാം, കര്‍ശന നിലപാടുമായി ബിസിസിഐ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം