'ഇന്ത്യയുമായി അഗാധബന്ധം'; ഏഷ്യാനെറ്റ് ന്യൂസുമായി ഓർമ്മകൾ പങ്കിട്ട് വേൾഡ് അത്‌ലറ്റിക്‌സ് ചീഫ് സെബാസ്റ്റ്യൻ കോ
സെബാസ്റ്റ്യൻ കോയുമായി ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ്പ് എക്സിക്യുട്ടീവ് ചെയര്‍മാൻ രാജേഷ് കൽറ നടത്തിയ പ്രത്യേക അഭിമുഖം.
ദില്ലി: ഇന്ത്യയുമായുള്ള ബന്ധത്തെ കുറിച്ച് വാചാലനായി വേൾഡ് അത്‌ലറ്റിക്‌സ് പ്രസിഡന്റ് സെബാസ്റ്റ്യൻ കോ. തന്റെ ജീവിതത്തിൽ ഇന്ത്യൻ സ്വാധീനം എല്ലായ്പ്പോഴും വളരെ അഗാധമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ്പ് എക്സിക്യുട്ടീവ് ചെയര്‍മാൻ രാജേഷ് കൽറ നടത്തിയ അഭിമുഖത്തിലാണ് സെബാസ്റ്റ്യൻ കോ ഇന്ത്യയുമായുള്ള ബന്ധം വിശദീകരിച്ചത്.
ഇന്ത്യക്കാരനായ സദാരി ലർക്ക് മലുത്രയുടെ കൊച്ചുമകനാണ് സെബാസ്റ്റ്യൻ കോ. പഞ്ചാബ് സ്വദേശിയായ തന്റെ മുത്തച്ഛൻ ദില്ലിയിലെ ഒരു പ്രമുഖ ഹോട്ടലിന്റെ ഉടമായായിരുന്നുവെന്നും കൊണാട്ട് സ്‌ക്വയറിലെ മറീന ഹോട്ടൽ ഇപ്പോഴും നിലവിലുണ്ടെന്നും സെബാസ്റ്റ്യൻ കോ പറഞ്ഞു. അഭിഭാഷകനായി ജീവിതം ആരംഭിച്ച മലുത്ര ലണ്ടനിലാണ് പരിശീലനം നേടിയത്. അവിടെ വെച്ചാണ് അദ്ദേഹം തന്റെ മുത്തശ്ശിയെ കണ്ടുമുട്ടിയതെന്നും സെബാസ്റ്റ്യൻ കോ വെളിപ്പെടുത്തി. മുത്തശ്ശി പകുതി ഐറിഷും പകുതി വെൽഷുമായിരുന്നു. പിന്നീട് അവർ ദില്ലിയിലേയ്ക്ക് എത്തിയെങ്കിലും വിവാഹ ബന്ധം അധിക നാൾ നീണ്ടുനിന്നില്ല. 10-11 വയസുള്ളപ്പോൾ തന്റെ അമ്മ ലണ്ടനിലേയ്ക്ക് പോകുകയും ചെയ്തു. അതിനാൽ തന്റെ ഇംഗ്ലീഷ് അത്ര മികച്ചതല്ലെന്നും സെബാസ്റ്റ്യൻ കോ തമാശരൂപേണ പറഞ്ഞു.
ഇന്ത്യയുമായുള്ള ബന്ധം വിശദീകരിക്കവെ തന്റെ അമ്മാവൻ ഇന്ത്യയ്‌ക്ക് വേണ്ടി ജോലി ചെയ്‌തിട്ടുണ്ടെന്ന് സെബാസ്റ്റ്യൻ കോ വെളിപ്പെടുത്തി. വർഷങ്ങളോളം അദ്ദേഹം യുഎന്നിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായിരുന്നു. കൂടാതെ തൻ്റെ ഒരു ബന്ധവും ഇന്ത്യ ഗവൺമെൻ്റിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ടെന്നും അതിനാൽ തന്റെ ജീവിതത്തിൽ ഇന്ത്യൻ സ്വാധീനം വളരെ ശക്തമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അമ്മ സ്ഥിരമായി ഇന്ത്യയിൽ വരുമായിരുന്നു. എല്ലാ വർഷവും കുറച്ച് മാസങ്ങൾ അമ്മ ഇന്ത്യയിൽ ചെലവഴിക്കുമായിരുന്നു. അതിനാൽ തന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയുമായുള്ള ബന്ധം എല്ലായ്പ്പോഴും ജീവിതത്തിൻ്റെ ഭാഗമാണെന്നും സെബാസ്റ്റ്യൻ കോ കൂട്ടിച്ചേർത്തു.
അതേസമയം, 2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ശ്രമിക്കുന്നതിനിടെയാണ് സെബാസ്റ്റ്യൻ കോ ദില്ലിയിൽ എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കായികമന്ത്രി മൻസൂഖ് മാണ്ഡവ്യയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. നാല് തവണ ഒളിമ്പിക് മെഡലുകൾ നേടിയിട്ടുള്ള അദ്ദേഹം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി.) പ്രസിഡന്റാവാനുള്ള മത്സരത്തിലാണ്. ഈ സാഹചര്യത്തിൽ സെബാസ്റ്റ്യൻ കോയുടെ വരവിനെ ഏറെ പ്രാധാന്യത്തോടെയാണ് കായിക ലോകം ഉറ്റുനോക്കുന്നത്.