അന്ന് ഇന്ത്യയിൽ നിന്ന് ഒളിമ്പിക്സ് ഓഫർ, ഇന്ന് മകളുടെ മധ്യനാമം 'ഇന്ത്യ'; സെബാസ്റ്റ്യൻ കോ പ്രത്യേക അഭിമുഖം
വേൾഡ് അത്ലറ്റിക്സ് പ്രസിഡന്റ് സെബാസ്റ്റ്യൻ കോ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുന്നു.
ദില്ലി: ഒളിമ്പിക്സിൽ ഒരു അത്‌ലറ്റായി ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി വേൾഡ് അത്ലറ്റിക്സ് പ്രസിഡന്റ് സെബാസ്റ്റ്യൻ കോ. ചില കാരണങ്ങളാൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തനിയ്ക്ക് അന്ന് കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ്പ് എക്സിക്യുട്ടീവ് ചെയര്‍മാൻ രാജേഷ് കൽറ നടത്തിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സെബാസ്റ്റ്യൻ കോയുടെ പ്രതികരണം.
തന്റെ മുത്തച്ഛൻ ഒരു ഇന്ത്യക്കാരനായിരുന്നുവെന്ന് സെബാസ്റ്റ്യൻ കോ പറഞ്ഞു. അതിനാൽ തന്നെ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തനിയ്ക്ക് കഴിയുമായിരുന്നു. ഈ സമയത്ത് താൻ ബ്രീട്ടീഷ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട സമയം കൂടിയായിരുന്നു. ഒട്ടും വൈകാതെ തന്നെ ഇന്ത്യൻ നാഷണൽ ഒളിമ്പിക് കമ്മിറ്റി തന്നെ ബന്ധപ്പെടുകയും ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ യോഗ്യത ലഭിക്കുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ, രണ്ടാമതൊരു രാജ്യത്തെ പ്രതിനിധീകരിക്കണമെങ്കിൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ കാലയളവ് വേണമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ബ്രിട്ടീഷ് ഒളിമ്പിക് കമ്മിറ്റിയും അറിയിച്ചതായി അദ്ദേഹം പറഞ്ഞു. അതിനാലാണ് തനിയ്ക്ക് ഇന്ത്യയുടെ ഓഫർ അംഗീകരിക്കാൻ കഴിയാതിരുന്നതെന്ന് പറഞ്ഞ അദ്ദേഹം തന്റെ മക്കളിൽ ഒരാളുടെ മധ്യനാമം ഇന്ത്യ എന്നാണെന്നും കൂട്ടിച്ചേർത്തു. സെബാസ്റ്റ്യൻ കോയുടെ നാല് മക്കളിൽ ഒരാളുടെ പേര് ആലിസ് ഇന്ത്യ വയലറ്റ് കോ എന്നാണ്.
അതേസമയം, അത്‌ലറ്റ്, അഡ്മിനിസ്ട്രേറ്റർ എന്നിവയിൽ ഏത് തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് രണ്ടും തനിയ്ക്ക് ഒരുപോലെയാണെന്നും രണ്ടിനും അതിന്റേതായ ഗുണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്‌ലറ്റായിരിക്കുമ്പോൾ പ്രതിബദ്ധതയും നിശ്ചയദാർഢ്യവും എന്താണെന്ന് മനസിലാക്കാൻ സാധിക്കും. അസ്വസ്ഥതകളെ മറികടക്കാനും പരിക്കുകളിൽ നിന്ന് കരകയറാനും ലോകോത്തര പരിശീലകരുമായി സഹകരിച്ച് പ്രവർത്തിക്കാനും തനിയ്ക്ക് സാധിച്ചു. എന്നാൽ, അത്‌ലറ്റാകാൻ പോകുന്നുവെന്ന് തിരിച്ചറിയുന്നതിനേക്കാൾ വളരെ നേരത്തെ തന്നെ രാഷ്ട്രീയത്തിൽ ഏർപ്പെടാൻ ആഗ്രഹമുണ്ടെന്നാണ് സ്വയം മനസിലായത്. രാഷ്ട്രീയത്തിൽ എല്ലാ ദിവസവും ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധിയിൽ അകപ്പെടാൻ സാധ്യത കൂടുതലാണെന്നും ഇതുവഴി സമ്മർദങ്ങളെ അതിജീവിക്കാനുള്ള കഴിവ് നേടാൻ കഴിഞ്ഞെന്നും സെബാസ്റ്റ്യൻ കോ കൂട്ടിച്ചേർത്തു. നിലവിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി.) പ്രസിഡന്റാവാനുള്ള മത്സരത്തിലാണ് സെബാസ്റ്റ്യൻ കോ.