'ലോകത്ത് യോഗ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്നു'; ശ്രീനഗറിൽ യോഗയിൽ പങ്കെടുത്ത് പ്രധാനമന്ത്രി
അന്താരാഷ്ട്ര സർവകലാശാലകളിൽ യോഗയെ കുറിച്ച് ഗവേഷണ പഠനങ്ങൾ വരെ നടക്കുന്നുണ്ട്. യോഗ ഇന്ന് സമ്പദ് രംഗത്തിന് കൂടി മുതൽ കൂട്ടാകുന്നുവെന്ന് പ്രധാനമന്ത്രി.
ദില്ലി: പത്താമത് അന്താരാഷ്ട്ര യോഗ ദിനത്തില്‍ ജമ്മുകശ്മീരില്‍ യോഗദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള നന്മക്കായുള്ള പ്രതിനിധി ആയാണ് യോഗയെ ലോകം കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിമാർ ഉള്‍പ്പെടെയുള്ളവർ വിവിധയിടങ്ങളില്‍ സംഘടിപ്പിച്ച യോഗ പരിപാടികളില്‍ പങ്കെടുത്തു.
കർത്തവ്യപഥിലും ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്തുമെല്ലാം ആണ് മുൻവർഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗ ദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതെങ്കില്‍ ഇത്തവണ തെരഞ്ഞെടുത്തത് ജമ്മുകശ്മീര്‍ ആണ്. ദാല്‍ തടാകത്തിന്റെ കരയില്‍ ഏഴായിരം പേർ പങ്കെടുക്കുന്ന വലിയ യോഗാഭ്യാസത്തിന് തീരുമാനിച്ചിരുന്നതെങ്കിലും മഴയെ തുടർന്ന് പരിപാടി ഒരു ഹോളിലേക്ക് ചുരുക്കി. . അന്താരാഷ്ട്ര സർവകലാശാലകളിൽ യോഗയെ കുറിച്ച് ഗവേഷണ പഠനങ്ങൾ വരെ ഇപ്പോള്‍ നടക്കുന്നുവെന്നും കേരളം വരെ നീളുന്ന യോഗ ടൂറിസത്തിലൂടെ സമ്പദ് രംഗത്തിന് കൂടി മുതൽ കൂട്ടാകുന്നുവെന്നും മോദി പറഞ്ഞു.
മഴ മാറിയതോടെ പിന്നീട് ദാല്‍ തടാകകരയിലെത്തി പരിപാടിക്കെത്തിയവരെ മോദി അഭിസംബോധന ചെയ്തു ഇവരോടൊപ്പം പ്രധാനമന്ത്രി സെല്‍ഫി എടുക്കുകയും ചെയ്തു. കേന്ദ്രമന്ത്രിമാരും വിവിധിയിടങ്ങളില്‍ യോഗ ചെയ്ത് യോഗദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. കേന്ദ്രമന്ത്രിമാരായ ജെപി നദ്ദ, കിരണ്‍ റിജിജു, സഹമന്ത്രി ജോർജ് കുര്യൻ ഉള്‍പ്പെടെയുള്ളവർ ദില്ലിയിലെ യോഗദിനാഘോഷ പരിപാടികളില്‍ പങ്കെടുത്തു.
അന്താരാഷ്ട്ര തലത്തിലും ഇന്ന് യോഗ ദിനാഘോഷത്തോട് അനുബന്ധിച്ച് പരിപാടികള്‍ നടക്കും. നയതന്ത്രപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവർ ആഘോഷങ്ങളില്‍ ഭാഗമാകും. ദില്ലിയിൽ കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷി, ബി എൽ വർമ എന്നിവർ യോഗയിൽ പങ്കെടുത്തു. യുപിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലക്നൗവിലെ രാജ്ഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു.