ഫിസിക്സിന് 85% മാർക്ക്, കെമിസ്ട്രിക്ക് 5 ശതമാനവും! ചോദ്യപേപ്പർ മുമ്പേ ലഭിച്ച വിദ്യാർഥിയുടെ മാർക്ക് ലിസ്റ്റ്
പരീക്ഷയുടെ തലേദിവസം രാത്രി തനിക്ക് ചില ചോദ്യങ്ങളും ഉത്തരങ്ങളും ലഭിച്ചതായി വിദ്യാർഥി പറഞ്ഞു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി നൽകിയ അനുരാഗിൻ്റെ സ്‌കോർകാർഡിൽ 720-ൽ 185 മാർക്ക് നേടിയതായി കാണിക്കുന്നു.
പട്‌ന: നീറ്റ് പരീക്ഷ വിവാദത്തിനിടെ ചോദ്യപേപ്പർ ചോർന്ന് കിട്ടിയ വിദ്യാർഥിയുടെ മാർക്ക് ലിസ്റ്റ് പുറത്ത്. നാല് വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റാണ് എൻഡിടിവിക്ക് ലഭിച്ചത്. ഇതിൽ രണ്ട് മാർക്ക് ലിസ്റ്റുകൾ വിചിത്രമാണ്. സംഭവത്തിൽ വിദ്യാർഥികളടക്കം അഞ്ച് പേർ അറസ്റ്റിലായി. അറസ്റ്റിലായവരിൽ ഉൾപ്പെട്ട അനുരാഗ് യാദവ് എന്ന വിദ്യാർഥി, അമ്മാവൻ സിക്കന്ദറിന്റെ നിർദേശ പ്രകാരമാണ് കോട്ടയിലെ പരിശീലന കേന്ദ്രത്തിൽ നിന്ന് സമസ്തിപൂരിലേക്ക് മടങ്ങിയതെന്ന് പൊലീസിനോട് പറഞ്ഞു.
പരീക്ഷയുടെ തലേദിവസം രാത്രി തനിക്ക് ചില ചോദ്യങ്ങളും ഉത്തരങ്ങളും ലഭിച്ചതായി വിദ്യാർഥി പറഞ്ഞു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി നൽകിയ അനുരാഗിൻ്റെ സ്‌കോർകാർഡിൽ 720-ൽ 185 മാർക്ക് നേടിയതായി കാണിക്കുന്നു. മൊത്തം ശരാശരി സ്‌കോർ 54.84 ആണെങ്കിലും ഓരോ വിഷയത്തിലും നേടിയ മാർക്കുകൾ പൊരുത്തക്കേട് വ്യക്തമാക്കുന്നു. അനുരാഗ് ഫിസിക്‌സിൽ 85.8 ശതമാനവും ബയോളജിയിൽ 51 ശതമാനവും നേടി. എന്നാൽ രസതന്ത്രം 5 ശതമാനത്തിൽ താഴെയാണ് മാർക്ക്. പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പ് തനിക്ക് ചോദ്യങ്ങൾ ലഭിച്ചുവെന്ന് അനുരാഗ് സമ്മതിച്ചിരുന്നു. രസതന്ത്ര ഉത്തരങ്ങൾ മനഃപാഠമാക്കാൻ വേണ്ടത്ര സമയം ലഭിച്ചില്ലെന്നാണ് ഈ മാർക്കുകൾ സൂചിപ്പിക്കുന്നത്. അനുരാഗിൻ്റെ അഖിലേന്ത്യാ റാങ്ക് 10,51,525 ഉം ഒബിസി റാങ്ക് 4,67,824 ഉം ആണ്.
Read More... നീറ്റ് ചോദ്യപേപ്പർ ചോർന്ന് കിട്ടിയെന്ന് വിദ്യാർത്ഥി; മൊഴി നൽകിയത് ബീഹാർ സ്വദേശിയായ 22കാരൻ, ഹർജികൾ കോടതിയിൽ
ചോദ്യപേപ്പറുമായി ബന്ധപ്പെട്ട് അമിത് ആനന്ദ്, നിതീഷ് കുമാർ എന്നീ വിദ്യാർഥികളുമായി ബന്ധപ്പെട്ടതായി അറസ്റ്റിലായ സിക്കന്ദർ യാദവേന്ദു പൊലീസിനോട് പറഞ്ഞു. ഓരോ വിദ്യാർഥിയിൽനിന്നും 30-32 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഒരാൾക്ക് 720-ൽ 300 മാർക്ക് ലഭിച്ചു. മറ്റ് രണ്ട് വിദ്യാർത്ഥികളുടെ സ്കോർകാർഡുകൾ സംശയമുണർത്തില്ല. ഒരാൾ 720ൽ 581ഉം മറ്റേയാൾ 483ഉം സ്‌കോർ ചെയ്തു. എംബിബിഎസ്, ബിഡിഎസ്, ആയുഷ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള അഖിലേന്ത്യാ പരീക്ഷയുടെ ഫലം ജൂൺ നാലിന് പ്രഖ്യാപിച്ചതു മുതൽ നിരവധി ക്രമക്കേടുകളാണ് പുറത്തുവന്നത്. 67 വിദ്യാർഥികൾ 720/720 മാർക്ക് നേടി. അവരിൽ ആറ് പേർ ഹരിയാനയിലെ ഒരേ കേന്ദ്രത്തിൽ നിന്നുള്ളവരാണ്.