ശത്രുവിന്റെ ബങ്കറിൽ അടക്കം സ്ഫോടക വസ്തു നേരിട്ട് സ്ഥാപിക്കാം, കരസേനയുടെ ഭാഗമായി മലയാളിയുടെ 'അഗ്നിയസ്ത്ര'
മലയാളി സൈനിക ഉദ്യോഗസ്ഥന്റെ ഡ്രോൺ അടക്കം സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് ലക്ഷ്യങ്ങൾ തകർക്കുന്ന സംവിധാനം ഇനി കരസേനയുടെ ഭാഗം.
ദില്ലി: കരസേനയ്ക്ക് ഊർജ്ജമാകാൻ മലയാളി ഉദ്യോഗസ്ഥന്റെ അഗ്നിയസ്ത്ര. ഡ്രോൺ അടക്കം സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് ലക്ഷ്യങ്ങൾ തകർക്കുന്ന സംവിധാനമാണ് അഗ്നിയസ്ത്ര. മലയാളി സൈനിക ഉദ്യോഗസ്ഥൻ മേജർ രാജ്പ്രസാദ് വികസിപ്പിച്ച സംവിധാനമാണ് അഗ്നിയസ്ത്ര. ഇന്ത്യൻ സൈന്യത്തിന്റെ ഭീകര വിരുദ്ധപ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ ഇനി അഗ്നിയസ്ത്രയുമുണ്ടാകും. നേരിട്ട് എത്തി ശത്രുവിന്റെ ബങ്കറുകൾ ഒളിസങ്കേതങ്ങൾ അടക്കം തകർക്കുന്ന പരമ്പരാഗത രീതിക്ക് പകരം ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ഇവയെ തകർക്കാൻ അഗ്നിയസ്ത്രയിലൂടെ കഴിയും.
കഴിഞ്ഞ വർഷമാണ് അഗ്നിയസ്ത്ര സംവിധാനം വ്യവസായിക അടിസ്ഥാനത്തിൽ നിർമ്മിച്ച് ഭാഗമാക്കാൻ സേന തീരുമാനിച്ചത്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടു പോകാൻ കഴിയുന്ന ഈ സംവിധാനത്തിന് സ്ഫോടക വസ്തു നേരിട്ട് ലക്ഷ്യങ്ങളിൽ സ്ഥാപിക്കാനാകും. അല്ലെങ്കിൽ ഡ്രോൺ ഉപയോഗിച്ച് ലക്ഷങ്ങളിൽ എത്തിക്കാം. ശത്രുവിൻറെ ഒളിതാവളം, ബങ്കർ, പാലങ്ങൾ തുടങ്ങിയവ ഈ സംവിധാനം വഴി തകർക്കാനാകും. സൈന്യത്തിനുള്ളിലെ സാങ്കേതിക നൈപുണ്യ വികസനപദ്ധതി പ്രകാരം മേജർ രാജ് പ്രസാദാണ് പദ്ധതി സമർപ്പിച്ചത്. പിന്നീട് പ്രതിരോധ സംവിധാനങ്ങൾ നിർമ്മിക്കുന്ന സ്റ്റാർട്ട് ആപ്പിന് നിർമ്മാണത്തിനായി കരാർ കൈമാറുകയായിരുന്നു.
സിക്കിമിൽ നടന്ന ആർമി കമാൻഡേഴ്സ് യോഗത്തിൽ ആദ്യ അഗ്നിയസ്ത്ര കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിക്ക് നൽകി ഉദ്ഘാടനം ചെയ്തു. ജമ്മു കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പുതിയ സംവിധാനം കരസേന ഉപയോഗിച്ച് തുടങ്ങും. ഈ വർഷം മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുമ്പാകെയും അഗ്നിയസ്ത്ര പ്രദർശിപ്പിച്ചിരുന്നു. പാലക്കാട് സ്വദേശിയായ മേജർ രാജ്പ്രസാദ് ഏട്ടു വർഷമായി കരസേനയിൽ സേവനം അനുഷ്ഠിക്കുകയാണ്. നേരത്തെ മേജർ രാജ് പ്രസാദ് നിർമ്മിച്ച വിദ്യുത് രക്ഷക് എന്ന സാങ്കേതിക സംവിധാനവും സേനയുടെ ഭാഗമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം