ദിഷ രവി കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യാനി എന്ന് വ്യാജപ്രചരണം
രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് ക്രിസ്തീയ വിശ്വാസം വെല്ലുവിളിയാണെന്ന തരത്തിലാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. ദിഷ രവി ക്രിസ്ത്യാനിയാണെന്ന വിവരം മാധ്യമങ്ങള്‍ മറച്ചുവയ്ക്കുന്നുവെന്നാണ് ബിജെപി എംഎല്‍എയായ ദിനേഷ് ചൌധരി വാദിച്ചത്
ബെംഗലുരു: യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ അറസ്റ്റിന് പിന്നാലെ കേരളത്തിലെ സിറിയന്‍ ക്രിസ്ത്യാനികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം വ്യാപകം. ദിഷ രവി ജോസഫ് കേരളത്തില്‍ നിന്നുള്ള സിറിയന്‍ ക്രിസ്ത്യാനി ആണെന്നും, ഈ സമുദായത്തില്‍ നിന്നുള്ളവര്‍ എപ്പോഴും ഇന്ത്യയെ ഭിന്നിപ്പിക്കുന്നതില്‍ മുന്നിലാണെന്നുമാണ് പ്രചാരണങ്ങള്‍. വേരിഫൈഡ് അക്കൌണ്ടുകളില്‍ നിന്ന് അടക്കമാണ് ദിഷയുടെ മുഴുവന്‍ പേര് ദിഷ രവി ജോസഫ് എന്നാണെന്നും ദിഷ മലയാളിയാണെന്നുമുള്ള നിലയില്‍ പ്രചാരണം ശക്തമാവുന്നത്.
ടൂള്‍ കിറ്റ് കേസിലാണ് 22 കാരിയായ ദിഷയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ഫ്രൈഡേയ്സ് ഫോര്‍ ഫ്യൂച്ചര്‍ എന്ന പരിസ്ഥിതി സംഘടനയുടം ഇന്ത്യന്‍ ചാപ്റ്ററിന്‍റെ സഹ സ്ഥാപകയാണ് ദിഷ. കര്‍ഷക സമരവുമായി ബന്ധപ്പെട്ട ഗ്രേറ്റ തുന്‍ബെര്‍ഗിന്‍റെ ടൂള്‍കിറ്റുമായി ബന്ധപ്പെട്ടാണ് ഫെബ്രുവരി 13ന് ദിഷ അറസ്റ്റിലായത്. എന്നാല്‍ ദിഷയുടെ പേരില്‍ സാമുദായിക വൈരം പരത്താനുള്ള ശ്രമമാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. അഭിഭാഷകനായ പ്രശാന്ത് പട്ടേല്‍ ഉംറാവു അടക്കമുള്ളവരാണ് ഇത്തരത്തില്‍ വ്യാജ പ്രചാരണം നടത്തുന്നത്.
ട്വീറ്റിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ പ്രശാന്ത് പട്ടേല്‍ ഉംറാവു ട്വീറ്റ് നീക്കിയിരുന്നു. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് ക്രിസ്തീയ വിശ്വാസം വെല്ലുവിളിയാണെന്ന തരത്തിലാണ് പ്രചാരണങ്ങള്‍ നടക്കുന്നത്.
ദിഷ രവി ക്രിസ്ത്യാനിയാണെന്ന വിവരം മാധ്യമങ്ങള്‍ മറച്ചുവയ്ക്കുന്നുവെന്നാണ് ബിജെപി എംഎല്‍എയായ ദിനേഷ് ചൌധരി ട്വീറ്റ് ചെയ്തത്.
കര്‍ണാടക സ്വദേശിനിയായ ദിഷയുടെ മുഴുവന്‍ പേര് ദിഷ അന്നപ്പ രവി എന്നിരിക്കെയാണ് ഈ വ്യാജ പ്രചാരണങ്ങള്‍. കര്‍ണാടകയിലെ തുംകൂറിലെ ടിപ്ടൂറിലുള്ള ലിംഗായത്ത് വിഭാഗത്തിലെ കുടുബത്തില്‍ നിന്നുള്ളയാളാണ് ദിഷയെന്നാണ് കുടുംബാഗങ്ങള്‍ ബൂം ലൈവ് അടക്കമുള്ള മാധ്യമങ്ങളോട് വിശദമാക്കിയിരിക്കുന്നത്.