വിമാനങ്ങളിൽ കേമൻ ആര്? എയർലൈൻ ഓഫ് ദി ഇയർ അവാർഡ് നേടി ഈ വിമാനകമ്പനി

കൂടുതല്‍ അന്താരാഷ്ട്ര കണക്റ്റിവിറ്റി, പ്രവര്‍ത്തനങ്ങളുടെ സുസ്ഥിരത വര്‍ധിപ്പിക്കുന്നതിലെ മികവ് എന്നിവ കണക്കിലെടുത്താണ് ഇന്‍ഡിഗോയ്ക്ക് അവാര്‍ഡ്

IndiGo wins 2024 Airline of the Year award by CAPA

സിഎപിഎ സെന്‍റര്‍ ഫോര്‍ ഏവിയേഷന്‍റെ  2024 ലെ ഗ്ലോബല്‍ ഏവിയേഷന്‍ അവാര്‍ഡ് ഫോര്‍ എക്സലന്‍സില്‍ ഇന്‍ഡിഗോയെ '2024 എയര്‍ലൈന്‍ ഓഫ് ദ ഇയര്‍' ആയി തിരഞ്ഞെടുത്തു.  ഇന്ത്യയില്‍ വാണിജ്യ വ്യോമയാനം വളര്‍ത്തുന്നതിലും പരിവര്‍ത്തനം ചെയ്യുന്നതിലും ഇന്‍ഡിഗോയുടെ പങ്ക്, കൂടുതല്‍ അന്താരാഷ്ട്ര കണക്റ്റിവിറ്റി, പ്രവര്‍ത്തനങ്ങളുടെ സുസ്ഥിരത വര്‍ധിപ്പിക്കുന്നതിലെ മികവ് എന്നിവ കണക്കിലെടുത്താണ് ഇന്‍ഡിഗോയ്ക്ക് അവാര്‍ഡ് നല്‍കിയതെന്ന് സിഎപിഎ വ്യക്തമാക്കി. ഇന്‍ഡിഗോയുടെ വളര്‍ച്ച അസാധാരണമാണെന്നും ഇന്ത്യയിലെ ആഭ്യന്തര വ്യോമയാന രംഗത്തെ പരിവര്‍ത്തനത്തിനുള്ള ശക്തിപകരുന്നതാണ് ഇന്‍ഡിഗോയുടെ മുന്നേറ്റമെന്നും സിഎപിഎ വിലയിരുത്തി. സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ നടന്ന എയര്‍ലൈന്‍സ് ലീഡര്‍ സമ്മിറ്റ് വേള്‍ഡിന്‍റെ ഭാഗമായി നടന്ന ചടങ്ങില്‍ ഇന്‍ഡിഗോയ്ക്ക് വേണ്ടി സ്ട്രാറ്റജി വിഭാഗം വൈസ് പ്രസിഡന്‍റ്  നേഹ നരേന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. വ്യോമയാന രംഗത്തെ മികവ്, പുതിയ  എയര്‍ലൈനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവ അംഗീകരിക്കുന്നതിനാണ് സിഎപിഎ അവാര്‍ഡുകള്‍ നല്‍കുന്നത്.

18 വര്‍ഷം മുമ്പ് ആരംഭിച്ച ഇന്‍ഡിഗോയുടെ യാത്ര അവിശ്വസനീയമായ ഒന്നായിരുന്നുവെന്നും ലോകത്തിലെ ഏറ്റവും വലുതും മികച്ചതുമായ ചില എയര്‍ലൈനുകള്‍ക്കിടയില്‍ ഈ അവാര്‍ഡ് ലഭിക്കുന്നത് പ്രോത്സാഹജനകവും അഭിമാനവുമാണെന്ന് കമ്പനി വ്യക്തമാക്കി. 360 ഓളം വിമാനങ്ങളുള്ള ഇന്‍ഡിഗോ പ്രതിദിനം 2,000 ഫ്ലൈറ്റുകള്‍ നടത്തുന്നുണ്ട്. നാലാം പാദത്തില്‍   കമ്പനിയുടെ ഏകീകൃത ലാഭം 1,895 കോടി രൂപയാണ്. 2023 മാര്‍ച്ചില്‍ കമ്പനി നേടിയ 919 കോടി രൂപയേക്കാള്‍ 100 ശതമാനം കൂടുതലാണിത്. വനിതകളായ യാത്രക്കാര്‍ക്ക് വിമാനത്തിലെ തൊട്ടടുത്ത സീറ്റിലിരിക്കുന്നത് പുരുഷനാണോ സ്ത്രീയാണോ എന്ന് നേരത്തെ അറിയുന്നതിനുള്ള  സൗകര്യം ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോയുടെ നടപടിക്ക് വ്യാപകമായ അഭിനന്ദനം ലഭിച്ചിരുന്നു. വെബ് ചെക്ക്-ഇന്‍ വേളയില്‍   മറ്റ് സ്ത്രീ യാത്രക്കാര്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത സീറ്റുകള്‍ ഏതൊക്കെയാണെന്ന് കാണാന്‍ ഇതിലൂടെ സാധിക്കും. വെബ് ചെക്ക്-ഇന്‍ പ്രക്രിയയില്‍ സ്ത്രീ യാത്രക്കാര്‍ ബുക്ക് ചെയ്ത സീറ്റുകള്‍ പിങ്ക് നിറത്തില്‍ കാണാവുന്നതാണ് . ബുക്കിംഗ് പ്രക്രിയയില്‍ സ്ത്രീകളാണെന്ന് തിരിച്ചറിയുന്നവര്‍ക്ക് മാത്രമേ ഫീച്ചര്‍ നിലവില്‍ ലഭ്യമാകൂ, പുരുഷ യാത്രക്കാര്‍ക്ക് ഈ വിവരങ്ങളിലേക്ക് പ്രവേശനമില്ല.

Latest Videos
Follow Us:
Download App:
  • android
  • ios