മദ്യനയക്കേസിൽ കെജ്രിവാളിന് ഉടൻ മോചനമില്ല, ജയിലിൽ തുടരും; ഇഡി ഹര്‍ജിയിൽ വിധി പിന്നീട്

ഇന്ന് ഉച്ചയോടെ കെജ്രിവാൾ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ജാമ്യം ലഭിച്ചതിന് പിന്നാലെ ഇന്നലെ തന്നെ ദില്ലിയിൽ ആം ആദ്മി പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിരുന്നു

Delhi liquor policy case Kejriwal has to stay in jail for more days

ദില്ലി: മദ്യനയക്കേസിൽ വിചാരണ കോടതിയിൽ ജാമ്യം ലഭിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ ജയിൽ മോചനം വൈകും. ജാമ്യം നൽകിയത് സ്റ്റേ ചെയ്ത ദില്ലി ഹൈക്കോടതി ഇഡി ഹര്‍ജിയിൽ വിധി പറയാൻ രണ്ട് മൂന്ന് ദിവസം സമയം വേണമെന്ന് പറഞ്ഞു. കേസ് ഈ മാസം 25 ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവച്ചു. ഇതോടെയാണ് ജയിൽ മോചനം വൈകുന്നത്. വിധി പറയുന്നത് വരെ കെജ്രിവാളിന്‍റെ ജാമ്യം തത്കാലത്തേക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി തുടരും.

ഇന്ന് ഉച്ചയോടെ കെജ്രിവാൾ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ജാമ്യം ലഭിച്ചതിന് പിന്നാലെ ഇന്നലെ തന്നെ ദില്ലിയിൽ ആം ആദ്മി പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിരുന്നു. എന്നാൽ ഇഡി അതിരാവിലെ ഹൈക്കോടതിയെ സമീപിച്ച് കേസിൽ അടിയന്തിരമായി വാദം കേൾക്കണമെന്നും ജാമ്യം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഹൈക്കോടതി ജാമ്യം സ്റ്റേ ചെയ്ത് കേസിൽ വാദം കേട്ട ശേഷം വിധി പറയാനായി മാറ്റിയതോടെയാണ് ജയിൽ മോചനം വൈകുമെന്ന് ഉറപ്പായത്.

അറസ്റ്റിലായി 91 ദിവസത്തിന് ശേഷമാണ് ദില്ലി മുഖ്യമന്ത്രിക്ക് ഇന്നലെ ജാമ്യം ലഭിച്ചത്. മദ്യ നയക്കേസ് പരിഗണിക്കുന്ന റൗസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. വിചാരണ കോടതി നടപടി സത്യത്തിന്റെ വിജയമാണെന്ന് എഎപി നേതാക്കൾ പ്രതികരിച്ചിരുന്നു. രാജ്യത്ത് ജനാധിപത്യം ശക്തിപ്പെടുമ്പോഴാണ് കെജ്രിവാൾ പുറത്തിറങ്ങുന്നതെന്നും എഎപി എംപി സഞ്ജയ് സിം​ഗ് പറഞ്ഞെങ്കിലും ദില്ലി ഹൈക്കോടതി വിധി സ്റ്റേ ചെയ്തത് ദില്ലി മുഖ്യമന്ത്രിക്കും എഎപിക്കും തിരിച്ചടിയായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios