ലോക്കറുകളിൽ 50 കിലോ സ്വർണം, ആഡംബര കാറുകൾ; കണക്കുകളിലില്ലാത്ത 137 കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി റെയ്ഡ്
കണക്കിൽപെടാത്ത സമ്പാദ്യമെല്ലാം ആഡംബര കാറുകളായും റിയൽ എസ്റ്റേറ്റ് ആസ്തികളായും ഹോട്ടൽ ബിസിനസിലെ നിക്ഷേപമായുമെല്ലാം മാറ്റിയിരുന്നു.
ജയ്പൂർ: രാജസ്ഥാനിലെ പ്രമുഖ വ്യവസായിയിൽ നിന്ന് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് കണക്കിൽപെടാത്ത 137 കോടി രൂപ. ഉദയ്പൂർ ആസ്ഥാനമായി ട്രാൻസ്പോർട്ട് ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന ടികാം സിങ് റാവുവിന്റെ അനധികൃത സ്വത്ത് കണ്ടെത്താനായിരുന്നു വൻ സന്നാഹങ്ങളോടെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്. നാല് ദിവസം നീണ്ട പരിശോധനയ്ക്കൊടുവിൽ 23 സ്ഥലങ്ങളിൽ നിന്ന് ഏതാണ്ട് 137 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
നവംബർ 28ന് തുടങ്ങിയ പരിശോധന ഡിസംബർ ഒന്നാം തീയ്യതി വരെ നീണ്ടു. കണക്കിൽ പെടാതെ പണമായി മാത്രം സൂക്ഷിച്ചിരുന്നത് നാല് കോടി രൂപയാണ്. പലയിടങ്ങളിൽ നിന്ന് കണ്ടെത്തിയ 50 കിലോഗ്രാം സ്വർണത്തിൽ 45 കിലോയ്ക്കും ഉറവിടം വ്യക്തമല്ല. ടികാം സിങ് റാവുവിന്റെ ഉടമസ്ഥതയിലുള്ള ഉദയ്പൂർ ഗോൾഡൻ ട്രാൻസ്പോർട്ട് ആന്റ് ലോജിസ്റ്റിക്സിന് പുറമെ ഇയാളുടെ മറ്റ് സ്ഥാപനങ്ങളിലും പരിശോധനാ സംഘമെത്തി. കണക്കിൽപെടാത്ത സ്വത്തിന്റെ പൂർണ വിവരം ഇനിയും പുറത്തുവന്നിട്ടില്ല.
ഉദയ്പൂരിന് പുറമെ ജയ്പൂർ, മുംബൈ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലും പരിശോധന നടന്നു. പിടിച്ചെടുത്ത സ്വർണം അടക്കമുള്ള സാധനങ്ങളുടെ വിശദ പരിശോധന നടക്കുകയാണ്. അനധികൃത സ്വത്തുക്കളെല്ലാം ആഡംബര കാറുകളിലും, റിയൽ എസ്റ്റേറ്റിലും ഹോട്ടൽ ബിസിനസിലുമെല്ലാം ആയിരുന്നു നിക്ഷേപിച്ചിരുന്നതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഇവ സംബന്ധിക്കുന്ന രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. 250ലേറെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തത്. പിടിച്ചെടുത്ത രേഖകൾ ഉൾപ്പെടെ വിശദമായി പരിശോധിക്കുമ്പോൾ കൂടുതൽ അനധികൃത സമ്പാദ്യം വെളിച്ചത്തു വരാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം