30 വർഷമായി പ്രവർത്തിക്കുന്ന റസ്റ്റോറന്റിന്റെ പേരിനെതിരെ 'ബർഗർ കിങ്'; താത്കാലിക വിലക്കേർപ്പെടുത്തി കോടതി
അമേരിക്കൻ കമ്പനിയായ ബർഗർ കിങ് ഇന്ത്യയിൽ ഫ്രാഞ്ചൈസികൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രവർത്തിച്ച് തുടങ്ങിയതാണ് ഹോട്ടലെന്ന് ഉടമകൾ കോടതിയിൽ വാദിച്ചു.
മുംബൈ: പൂനെയിലെ റസ്റ്റോറന്റിനെതിരെ അമേരിക്കൻ ഫാസ്റ്റ് ഫുഡ് ശൃംഖലയായ 'ബർഗർ കിങ്' നടത്തുന്ന ട്രേഡ് മാർക്ക് നിയമ യുദ്ധത്തിൽ ഇടക്കാല വിധി. ബർഗർ കിങ് എന്ന പേര് ഉപയോഗിക്കുന്നതിൽ നിന്ന് പൂനെയിലെ റസ്റ്റോറന്റിനെ താത്കാലികമായി തടയുന്ന വിധിയാണ് ബോംബൈ ഹൈക്കോടതി ഇന്ന് പുറപ്പെടുവിച്ചത്. കേസിൽ വാദം കേട്ട് തീർപ്പാക്കും വരെ താത്കാലിക വിലക്ക് തുടരും.
ബർഗർ കിങ് എന്ന പേരിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിനെതിരെ കമ്പനി നേരത്തെ പൂനെയിലെ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ 1992 മുതൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റാണ് ഇതെന്നും അമേരിക്കൻ ഫാസ്റ്റ് ഫുഡ് ശൃംഖലയായ ബർഗർ കിങ് അക്കാലത്ത് ഇന്ത്യയിൽ ഫ്രാഞ്ചൈസികൾ തുടങ്ങിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. ഇതിനെതിരെ ബർഗർ കിങ് ബോംബൈ ഹൈക്കോടതിയെ സമീപിച്ചാണ് ഇപ്പോൾ ഇടക്കാല വിധി നേടിയത്.
അതേസമയം കേസിൽ തീർപ്പാകുന്നത് വരെയുള്ള ഇടക്കാല വിധി മാത്രമാണിതെന്നും എല്ലാ തെളിവുകളും വിശദമായി പരിശോധിക്കുകയും വിശദമായി വാദം കേൾക്കുകയും ചെയ്യേണ്ടതുണ്ടെന്നും ജസ്റ്റിസ് എ.എസ് ചന്ദ്രുകർ, രാജേഷ് പാട്ടിൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു. അത് പൂർത്തിയാവുന്നത് വരെ ഇടക്കാല ഉത്തരവ് നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തെ സാമ്പത്തിക ഇടപാടുകളുടെയും നികുതി അടച്ചതിന്റെയും രേഖകൾ സൂക്ഷിക്കണമെന്നും കോടതി രണ്ട് കമ്പനികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കൻ ഫാസ്റ്റ് ഫുഡ് ശൃംഖലയായ 'ബർഗർ കിങിന്' നിലവിൽ ഇന്ത്യയിൽ നാനൂറോളം റസ്റ്റോറന്റുകളുണ്ട്. ഇവയിൽ ആറെണ്ണം പൂനെയിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം