ഓസ്റ്റിയോപൊറോസിസ്; ഈ കാരണങ്ങളെയും ലക്ഷണങ്ങളെയും തിരിച്ചറിയാതെ പോകരുതേ...
പ്രായം ഏറുന്നതുകൊണ്ടും ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോണിൽ വരുന്ന വത്യാസങ്ങൾ കൊണ്ടും എല്ലുകളുടെ ബലക്കുറവ് ഉണ്ടാകാം. അതല്ലാതെ പല കാരണങ്ങള്‍ കൊണ്ട് ഓസ്റ്റിയോപോറോസിസ് രോഗം വരാം.
അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയമാണ് ഓസ്റ്റിയോപൊറോസിസ്. അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്നതാണ് കാരണം. ഇതുമൂലം അസ്ഥികൾ വേഗത്തിൽ പൊട്ടാനും ഇടയാകുന്നു. പ്രായം ഏറുന്നതുകൊണ്ടും ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോണിൽ വരുന്ന വത്യാസങ്ങൾ കൊണ്ടും എല്ലുകളുടെ ബലക്കുറവ് ഉണ്ടാകാം. അതല്ലാതെ പല കാരണങ്ങള്‍ കൊണ്ട് ഓസ്റ്റിയോപോറോസിസ് രോഗം വരാം.
ഓസ്റ്റിയോപൊറോസിസ് സാധ്യതയെ കൂട്ടുന്ന കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
തെറ്റായ ജീവിതശൈലിയും ഭക്ഷണക്രമവും രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. കുടലിന്‍റെ ആരോഗ്യം മോശമായാല്‍ അത് സ്വാഭാവികമായും കാത്സ്യം ഉള്‍പ്പെടെയുള്ള പോഷകങ്ങളെ ആകിരണം ചെയ്യാന്‍ ശരീരത്തിന് സാധിക്കാതെ വരാം. അതുവഴി ഓസ്റ്റിയോപൊറോസിസ് സാധ്യത കൂടാം. അതിനാല്‍ കുടലിന്‍റെ ആരോഗ്യത്തിനായി ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍, പ്രോബയോട്ടിക്ക് ഭക്ഷണങ്ങള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
രണ്ട്...
കാത്സ്യത്തിന്‍റെ അഭാവും രോഗ സാധ്യതയെ കൂട്ടാം. കാത്സ്യം എല്ലുകളുടെ ആരോഗ്യത്തിന് അവശ്യം വേണ്ട പോഷകമാണ്. കാത്സ്യത്തിന്റെ അഭാവം എല്ലുകൾക്ക് ബലക്ഷയം ഉണ്ടാക്കാൻ കാരണമാകാം. അതിനാല്‍ പാല്‍, പാല്‍ക്കട്ടി, കട്ടിത്തൈര്, ബീന്‍സ്, മത്തി, ഇലക്കറികള്‍, റാഗി, സോയ, ഡൈ ഫ്രൂട്ട്സുകള്‍ തുടങ്ങിയ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
മൂന്ന്...
വിറ്റാമിന്‍ കെയുടെ കുറവും ഓസ്റ്റിയോപൊറോസിസ് സാധ്യതയെ കൂട്ടാം. വിറ്റാമിന്‍ കെയുടെ കുറവ് മൂലം എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെടാം. അതിനാല്‍ വിറ്റാമിന്‍ കെ അടങ്ങിയ ഇല്ലക്കറികള്‍, ലിവര്‍, സോയ തുടങ്ങിയവ കഴിക്കാം.
നാല്...
കായികാധ്വാനം ഇല്ലാത്തതും പലപ്പോഴും ഈ രോഗാവസ്ഥയ്ക്ക് കാരണമാകാം. അതിനാല്‍ പതിവായി വ്യായാമം ചെയ്യാം.
അഞ്ച്...
അമിത മദ്യപാനം, പുകയിലയുടെ ഉപയോഗം തുടങ്ങിയവയും രോഗ സാധ്യതയെ കൂട്ടാം. അതിനാല്‍ ഇവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
ആറ്...
ഉപ്പിന്‍റെ അമിത ഉപയോഗവും ഓസ്റ്റിയോപൊറോസിസ് സാധ്യതയെ കൂട്ടാം. അതിനാല്‍ അതും പരിമിതപ്പെടുത്തുക
ഏഴ്...
വിറ്റാമിന്‍ ഡിയുടെ കുറവും ഓസ്റ്റിയോപൊറോസിസ് സാധ്യതയെ കൂട്ടും. കാരണം കാത്സ്യത്തെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ ഡിയാണ്. പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാല്‍ ഉല്‍പന്നങ്ങള്‍, മഷ്റൂം, മുട്ട, സാല്‍മണ്‍ മത്സ്യം, തുടങ്ങിയവയില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും.
ഓസ്റ്റിയോപൊറോസിസിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഓസ്റ്റിയോപൊറോസിസ് പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാറില്ല. അസ്ഥി വേദന, അവ്യക്തമായ നടുവേദന, കഴുത്തു വേദന, നഖങ്ങള്‍ പെട്ടെന്ന് പൊട്ടുക, ഉയരം കുറയുക അല്ലെങ്കിൽ പുറം വളഞ്ഞു പോവുക, ശ്വാസം മുട്ടൽ തുടങ്ങിയവയൊക്കെ ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാകാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. അതുപോലെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: വൃക്കകളെ സംരക്ഷിക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍...