'മുഖ്യമന്ത്രി രാജിവക്കണം, സുപ്രീംകോടതി കണ്ടെത്തിയത് സർക്കാരിന്‍റെ അധികാരദുർവിനിയോഗം'; ആശ്രിതനിയമനത്തിൽ സുധാകരൻ

'ഹൈക്കോടതി റദ്ദാക്കിയ നിയമനമാണ് സുപ്രീംകോടതിയും ശരിവച്ചത്. പരമോന്നത കോടതിയില്‍നിന്ന് വരെ തിരിച്ചടി കിട്ടിയ മുഖ്യമന്ത്രിക്ക് ഇനി അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല'

K Sudhakaran demanded CM Pinarayi resign immediately after Supreme Court canceled compassionate appointment

തിരുവനന്തപുരം: ചെങ്ങന്നൂര്‍ മുന്‍ എം എല്‍ എ കെ. കെ രാമചന്ദ്രന്റെ മകന്റെ നിയമനത്തില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന്റെ അധികാരദുര്‍വിനിയോഗവും സ്വജനപക്ഷപാതവും കണ്ടെത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടനടി രാജിവയ്ക്കണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. ഹൈക്കോടതി റദ്ദാക്കിയ നിയമനമാണ് സുപ്രീംകോടതിയും ശരിവച്ചത്. പരമോന്നത കോടതിയില്‍നിന്ന് വരെ തിരിച്ചടി കിട്ടിയ മുഖ്യമന്ത്രിക്ക് ഇനി അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് സുധാകരൻ പറഞ്ഞു.

'എംഎൽഎയുടെ മകന് എങ്ങനെ ആശ്രിത നിയമനം?'; കെ കെ രാമചന്ദ്രന്‍ നായരുടെ മകന്‍റെ നിയമനം സുപ്രീം കോടതി റദ്ദാക്കി

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2017 ല്‍ അജണ്ടയ്ക്കു പുറത്തുള്ള വിഷയങ്ങളായി കൊണ്ടുവന്നാണ് മന്ത്രിസഭ മൂന്നു വിവാദ വിഷയങ്ങള്‍ പാസാക്കിയത്. കെകെ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് സാമ്പത്തിക സഹായവും മകന് ജോലിയും, അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ സഹായം, കോടിയേരി ബാലകൃഷ്ണന് അകമ്പടി പോകുമ്പോള്‍ അന്തരിച്ച പോലീസുകാരന്‍ പ്രവീണിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായം എന്നിവയാണവ. ആശ്രിത നിയമനം നടത്താന്‍  പ്രത്യേക അധികാരമുണ്ടെന്ന സര്‍ക്കാരിന്റെ അവകാശവാദമാണ് സുപ്രീംകോടതിയില്‍ പൊളിഞ്ഞത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള അവകാശമാണ് ആശ്രിതനിയമനം. അത് പാര്‍ട്ടിക്കാര്‍ക്കും സ്വന്തക്കാര്‍ക്കും നല്കാന്‍ മന്ത്രിമാര്‍ക്ക് അധികാരമില്ലെന്ന് സുവ്യക്തമാണ്. 

ഇതോടനുബന്ധിച്ച് ദുരിതാശ്വസനിധി ദുരുപയോഗം ചെയ്ത കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ലോകായുക്തയില്‍ കേസുണ്ടായെങ്കിലും അവ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രിയെ  സംരക്ഷിച്ചു. സുപ്രീംകോടതി വിധി ലോകായുക്തയുടെ കണ്ണുതുറപ്പിക്കണം. സ്വജനപക്ഷപാതത്തിലൂടെയും ബന്ധുനിയമനത്തിലൂടെയും പിണറായി സര്‍ക്കാര്‍ നിരവധി പാര്‍ട്ടിക്കാര്‍ക്കാണ് നിയമനം നല്കിയത്. സര്‍വകലാശാലാ നിയമനങ്ങള്‍ ഏതാണ്ട് പൂര്‍ണമായും ഡിവൈഎഫ്‌ഐ നേതാക്കളുടെ ഭാര്യമാര്‍ക്കു നല്കി. മന്ത്രിമാരായ ഇപി ജയരാജന്‍, കെടി ജലീല്‍ തുടങ്ങിയവര്‍ക്ക് ബന്ധുനിയമനത്തിന്റെ പേരില്‍ രാജിവയ്‌ക്കേണ്ടി വന്നു. ഇതിനെല്ലാം ഒത്താശ നല്കുന്നത് മുഖ്യമന്ത്രിയാണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ രാജി അനിവാര്യമാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios