ഞാന്‍ സഞ്ജുവിന്റെ ആരാധികയാണ്; മലയാളി താരത്തെ കുറിച്ച് സ്മൃതി മന്ഥാന
ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച തുടക്കമാണ് സഞ്ജു സാംസണ്‍ ലഭിച്ചത്. രണ്ട് മത്സരങ്ങളില്‍ നിന്നായി 214.86 സ്‌ട്രൈക്ക് റേറ്റില്‍ 159 റണ്‍സാണ് സഞ്ജു നേടിയത്. രണ്ട് മത്സരത്തിലും താരം അര്‍ധ സെഞ്ചുറി നേടി. ഒരുപാട് മുന്‍താരങ്ങളുടെ പ്രശംസയേറ്റുവാങ്ങാന്‍ സഞ്ജുവിനായി. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനെതിരെ 224 റണ്‍സ് പിന്തുടരുമ്പോള്‍ പ്രധാന പങ്കുവഹിച്ചത് സഞ്ജുവായിരുന്നു.
സഞ്ജുവിന്റെ പ്രകടനം കണ്ട് ആരാധികയായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥാന. ഇന്ത്യ ടുഡേയ്ക്ക് അനുവദിച്ച അഭമുഖത്തില്‍ താരം സഞ്ജുവിനോടുളള ആരാധനയെ കുറിച്ച് വ്യക്തമാക്കിയത്. സഞ്ജുവിന്റെ പ്രകടനങ്ങല്‍ പ്രചോദനമാണെന്നാണ് മന്ഥാന പറയുന്നത്.
''അദ്ദേഹത്തിന്റെ ബാറ്റിംഗ് എന്നെ പ്രചോദിപ്പിക്കുന്നു. സഞ്ജുവിന്റെ ആരാധികയാണ് ഞാന്‍. രാജസ്ഥാന്‍ റോയല്‍സിനെ ഞാന്‍ പിന്തുണയ്ക്കുന്നതിന് കാരണം സഞ്ജുവാണ്.'' മന്ഥാന പറഞ്ഞു.
നന്നായി പന്തെറിയുന്ന, ബാറ്റ് ചെയ്യുന്ന എല്ലാ താരങ്ങളില്‍ നിന്നും ഞാനെന്തിങ്കുമൊക്കെ പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഈ ഐപിഎല്ലില്‍ യുവതാരങ്ങളുടേത് ശ്രദ്ധേയമായ പ്രകടനമാണെന്നും മന്ഥാന കൂട്ടിച്ചേര്‍ത്തു.
കൊല്‍ക്കത്തയ്‌ക്കെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. കഴിഞ്ഞ രണ്ട് കളിയിലും വെടിക്കെട്ട് പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്.
ഇതുവരെ 16 സിക്‌സുകള്‍ താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. നിലവില്‍ ഈ സീസണില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയതിന്റെ റെക്കോഡ് സഞ്ജു സാംസണിന്റെ പേരിലാണ്.