തിവാട്ടിയ അന്നേ പറഞ്ഞു, 'ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം എപ്പോള്‍ വേണമെങ്കിലും വരാം'; വൈറലായി ട്വീറ്റുകള്‍
ഒരൊറ്റ ദിവസം ക്രിക്കറ്റ് പ്രേമികളുടെയെല്ലാം പ്രചോദനമായിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് താരം രാഹുല്‍ തിവാട്ടിയ. കൈവിട്ട് പോയിടത്ത് നിന്ന് എല്ലാം തിരിച്ചുപിടിക്കാം എന്ന് ഇന്ത്യന്‍ പ്രീയിയര്‍ ലീഗിനെ ഒരു ഇന്നിങ്‌സ് കൊണ്ട് അദ്ദേഹം തെളിയിച്ചു. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ തെവാട്ടിയ പുറത്തെടുത്ത പ്രകടനത്തെ അവിശ്വനീയം എന്നല്ലാതെ മറ്റൊന്നും പറയാന്‍ പറ്റില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റില്‍ 223 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍ 19.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
പതിനാറാം ഓവറില്‍ സഞ്ജു പുറത്താവുമ്പോള്‍ രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത് 63 റണ്‍സാണ്. 21 പന്തില്‍ 14 റണ്‍സമായി തെവാട്ടിയ ക്രീസില്‍. രാജസ്ഥാന്‍ ആരാധകരുടെ പ്രതീക്ഷയെല്ലാം അസ്തമിച്ചു. ഒരുഘട്ടത്തില്‍ 19 പന്തില്‍ എട്ട് റണ്‍സാണ് തിവാട്ടിയ നേടിയിരുന്നത്. പന്തില്‍ ബാറ്റുകൊണ്ട് തൊടാന്‍ പോലുമാകാതെ താരം വിഷമിച്ചു.
കമന്റേറ്റര്‍മാര്‍ വരെ എഴുതിത്തള്ളി. രാജസ്ഥാന്‍ ഡഗ്ഔട്ടില്‍ പ്രതീക്ഷയില്ലാത്ത മുഖത്തോടെ മറ്റുതാരങ്ങള്‍. അവസാന മൂന്ന് ഓവറില്‍ വേണ്ടിയിരുന്നത് 51 റണ്‍സാണ്. 23 പന്തില്‍ 17 റണ്‍സ് നേടിയ തേവാട്ടിയ വീണ്ടും സ്‌ട്രൈക്ക് ചെയ്യുന്നു. എന്നാല്‍ ഷെല്‍ഡണ്‍ കോട്ട്രല്‍ എറിഞ്ഞ 18ാം ഓവറില്‍ അഞ്ച് സിക്‌സുകള്‍ പായിച്ച് തെവാട്ടിയ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.
ഇപ്പോള്‍ തെവാട്ടിയയുടെ പ്രകടനം മാത്രമല്ല പഴയ ചില ട്വീറ്റുകള്‍ കൂടി വൈറലായിരിക്കുകയാണ്. അദ്ദേഹം പുറത്തെടുത്ത പ്രകടനത്തോട് സാമ്യതയുള്ളതായിരുന്നു തിവാട്ടിയയുടെ ട്വീറ്റുകളും.
അതിലൊരു ടീമിന്റെ പൂര്‍ണരൂപം ഇങ്ങനെയായിരുന്നു. ''എപ്പോഴും സ്വയം വിശ്വാസമര്‍പ്പിക്കുക. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായി സമയം ഏത് നിമിഷവുമാവാം. പ്രതീക്ഷ കൈവിടാന്‍ പോകുന്ന സമയത്തായിരിക്കാം അത് സംഭവിക്കുന്നത്.'' തിവാട്ടിയയുടെ ഇന്നിങ്‌സിന് ശേഷം ട്വീറ്റ് വൈറലാവുകയും ചെയ്തു.
ഇന്നലെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ അദ്ദേഹം പറഞ്ഞത് പോലെതന്നെ സംഭവിച്ചു. പ്രതീക്ഷ കൈവിടാതിരുന്ന തിവാട്ടിയക്ക് ടീമിലെ വിജയത്തിലേക്ക് നയിക്കാനുമായി.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ ആദ്യ മത്സരത്തില്‍ ബൗളിംഗിലും തിളങ്ങാന്‍ തെവാട്ടിയക്ക് സാധിച്ചിരുന്നു. നാല് ഓവര്‍ എറിഞ്ഞ താരം 37 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്.