ഒമ്പത് സിക്സും രണ്ടു ഫോറും പറത്തി, എന്നിട്ടും ഇഷാന്‍ കിഷന്‍ സൂപ്പര്‍ ഓവറില്‍ ഇറങ്ങാതിരുന്നതിന് കാരണം
ദുബായ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആവേശ പോരാട്ടത്തില്‍ സൂപ്പര്‍ ഓവറില്‍ ബാംഗ്ലൂര്‍ ജയിച്ചു കയറിയെങ്കിലും ആരാധകരുടെ ഹൃദയം കവര്‍ന്നത് മുംബൈ ഇന്ത്യന്‍സിന്‍റെ യുവതാരം ഇഷാന്‍ കിഷന്‍റെ ബാറ്റിംഗായിരുന്നു. 58 പന്തില്‍ 99 റണ്‍സടിച്ച കിഷന്‍ ഒമ്പത് സിക്സും രണ്ട് ഫോറും പറത്തി. എന്നാല്‍ സൂപ്പര്‍ ഓവറില്‍ മുംബൈ അവരുടെ ടോപ് സ്കോററെ ബാറ്റിംഗിനയക്കാതിരുന്നത് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു.
തോല്‍വി ഉറപ്പിച്ചിടത്തുനിന്ന് കീറോണ്‍ പൊള്ളാര്‍ഡിനൊപ്പം മുംബൈയെ വിജയത്തിന് തൊട്ടടുത്ത് എത്തിച്ചത് ഇഷാന്‍ കിഷനായിരുന്നു. ഇരുവരും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയാണ് മുംബൈയെ വിജയത്തിന് അടുത്തെത്തിച്ചത്.
എന്നാല്‍ അവസാന ഓവറില്‍ 99 റണ്‍സില്‍ നില്‍ക്കെ കിഷന്‍ പുറത്തായി. പിന്നീട് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടതോടെ ആദ്യം ബാറ്റ് ചെയ്ത മുംബൈക്കായി സൂപ്പര്‍ ഓവറില്‍ ബാറ്റിംഗിനിറങ്ങിയതാകട്ടെ കീറോണ്‍ പൊള്ളാര്‍ഡും ഹര്‍ദ്ദിക് പാണ്ഡ്യയുമായിരുന്നു.
നേരത്തെ തകര്‍ത്തടിച്ച പൊള്ളാര്‍ഡിന് പക്ഷെ നവദീപ് സെയ്നി എറിഞ്ഞ സൂപ്പര്‍ ഓവറില്‍ കാര്യമായി സ്കോര്‍ ചെയ്യാനായിരുന്നില്ല. ഒരു ബൗണ്ടറിയടക്കം ഏഴ് റണ്‍സ് മാത്രമാണ് മുംബൈ സൂപ്പര്‍ ഓവറില്‍ നേടിയത്.
സൂപ്പര്‍ കിഷനെ ഓവറില്‍ കളിപ്പിക്കാതിരുന്നതിനുള്ള കാരണം മത്സരശേഷം മുംബൈ നായകന്‍ രോഹിത് ശര്‍മ തന്നെ വിശദീകരിച്ചു.
ദുബായിലെ കനത്ത ചൂടില്‍ നീണ്ട ഇന്നിംഗ്സിനുശേഷം ക്ഷീണിതനായ ഇഷാന്‍ കിഷന്‍ വീണ്ടും ബാറ്റ് ചെയ്യാവുന്ന അവസ്ഥയിലായിരുന്നില്ലെന്ന് രോഹിത് ശര്‍മ വ്യക്തമാക്കി. സൂപ്പര്‍ ഓവറില്‍ ആദ്യം കിഷനെ അയക്കാനായിരുന്നു തീരുമാനിച്ചതെങ്കിലും അതിനുള്ള ശാരീരികക്ഷമത ഇല്ലാത്തതിനാല്‍ തീരുമാനം മാറ്റുകയായിരുന്നുവെന്നും രോഹിത് പറഞ്ഞു.
സൂപ്പര്‍ ഓവറില്‍ അവസാന പന്തിലാണ് മുംബൈ ഉയര്‍ത്തിയ ഏഴ് റണ്‍സിന്‍റെ വിജയലക്ഷ്യം ബാംഗ്ലൂര്‍ മറികടന്നത്.