സിക്സര്‍ കിംഗായി കിഷന്‍, സഞ്ജുവിന് തൊട്ടടുത്ത് പാണ്ഡ്യ
ദുബായ്: ഇത്തവണ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്സ് പറത്തിയവരുടെ പട്ടികയില്‍ മലയാളി താരം സഞ്ജു സാംസണായിരുന്നു ഇന്നലെവരെ ഒന്നാമത്. എന്നാല്‍ ഐപിഎല്ലിലെ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മൂന്ന് സിക്സ് പറത്തി മുംബൈയുടെ യുവതാരം ഇഷാന്‍ കിഷന്‍ സഞ്ജുവിനെ മറികടന്നു. ഈ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ചവരുടെ പട്ടിക നോക്കാം.
ഇഷാന്‍ കിഷന്‍-മുംബൈ ഇന്ത്യന്‍സ്
ഇത്തവണ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ താരം മുംബൈ ഇന്ത്യന്‍സിന്‍റെ ഇഷാന്‍ കിഷനാണ്. 13 മത്സരങ്ങളില്‍ 29 സിക്സാണ് കിഷന്‍ പറത്തിയത്. ഡല്‍ഹിക്കെതിരെ ക്വാളിഫയറിന് ഇറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണൊപ്പമായിരുന്നു കിഷന്‍.
സഞ്ജു സാംസണ്‍-രാജസ്ഥാന്‍ റോയല്‍സ്
ഷാര്‍ജയില്‍ കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ സഞ്ജുവിന് അതേ ഫോം നിലനിര്‍ത്താനായില്ലെങ്കിലും സിക്സടിവീരന്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട് മലയാളി താരം. 14 മത്സരങ്ങളില്‍ നിന്ന് 26 സിക്സുകളാണ് സഞ്ജുവിന്‍റെ പേരിലുള്ളത്.
ഹര്‍ദ്ദിക് പാണ്ഡ്യ-മുംബൈ ഇന്ത്യന്‍സ്
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ വെടിക്കെട്ട് ഇന്നിംഗ്സോടെ സിക്സ് അടിയില്‍ സഞ്ജുവിന് തൊട്ടടുത്ത് എത്തിയിരിക്കുകയാണ് മുംബൈ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ. 13 മത്സരങ്ങളില്‍ 25 സിക്സുകളാണ് പാണ്ഡ്യയുടെ പേരിലുള്ളത്.
നിക്കോളാസ് പുരാന്‍-കിംഗ്സ് ഇലവന്‍ പഞ്ചാബ്
ഈ ഐപിഎല്ലില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ സിക്സ് പറത്തിയ പുരാനാണ് കൂടുതല്‍ സിക്സടിച്ചവരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത്. 106 മീറ്റര്‍ ദൂരത്തേക്ക് സിക്സ് പറത്തിയിട്ടുള്ള പുരാന്‍ 14 മത്സരങ്ങളില്‍ നിന്ന് 25 സിക്സുകളാണ് അടിച്ചുപറത്തിയത്.
ഓയിന്‍ മോര്‍ഗന്‍-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
പാതിവഴിയില്‍ കൊല്‍ക്കത്തയുടെ നായകനായ ഓയിന്‍ മോര്‍ഗന്‍ ലഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ രാജസ്ഥാനെതിരെ തകര്‍പ്പന്‍ പ്രകടനാണ് പുറത്തെടുത്തത്. 68 റണ്‍സുമായി പുറത്താകാതെ നിന്ന മോര്‍ഗന്‍ കൂടുതല്‍ സിക്സ് അടിച്ചവരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. 14 മത്സരങ്ങളില്‍ 24 സിക്സുകളാണ് മോര്‍ഗന്‍റെ പേരിലുളളത്.
ക്രിസ് ഗെയ്ല്‍-കിംഗ്സ് ഇലവന്‍ പഞ്ചാബ്
ഐപിഎല്‍ പകുതി എത്തിയപ്പോഴാണ് ഗെയ്ല്‍ പഞ്ചാബ് ജേഴ്സിയില്‍ അവതരിച്ചത്. ഗെയ്ല്‍ വന്നതോടെ അടിമുടി മാറിയ പഞ്ചാബ് പ്ലേ ഓഫിന് തൊട്ടടുത്ത് എത്തുകയും ചെയ്തു. വെറും ഏഴ് മത്സരങ്ങളില്‍ മാത്രമെ കളിച്ചുള്ളുവെങ്കിലും കൂടുതല്‍ സിക്സ് നേടിയവരുടെ ലിസ്റ്റില്‍ ആറാമതാണ് ഗെയ്ല്‍. ഏഴ് മത്സരങ്ങളില്‍ മാത്രം കളിച്ച ഗെയ്ല്‍ നേടിയത് 23 സിക്സുകള്‍.
എ ബി വില്ലിയേഴ്സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
ബാംഗ്ലൂരിനെ പ്ലേ ഓഫിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഡിവില്ലിയേഴ്സ് കൂടുതല്‍ സിക്സ് അടിച്ചവരുടെ പട്ടികയില്‍ ഏഴാമതാണ്. 14 മത്സരങ്ങില്‍ 23 സിക്സുകളാണ് ഡിവില്ലിയേഴ്സിന്‍റെ പേരിലുള്ളത്.
കെ എല്‍ രാഹുല്‍-കിംഗ്സ് ഇലവന്‍ പഞ്ചാബ്
റണ്‍വേട്ടയില്‍ ഒന്നാമതെത്തിയെങ്കിലും കെ എല്‍ രാഹുല്‍ സിക്സിനെക്കാള്‍ ഇരട്ടി നേടിയത് ബൗണ്ടറികളായിരുന്നു. എന്നാലും 14 കളികളില്‍ 23 സിക്സുകളുമായി രാഹുല്‍ എട്ടാം സ്ഥാനത്തുണ്ട്.
കീറോണ്‍ പൊള്ളാര്‍ഡ്-മുംബൈ ഇന്ത്യന്‍സ്
15 മത്സരങ്ങളില്‍ 22 സിക്സ് പറത്തിയ മുംബൈയുടെ കീറോണ്‍ പൊള്ളാര്‍ഡ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്.
ക്വിന്‍റണ്‍ ഡികോക്ക്-മുംബൈ ഇന്ത്യന്‍സ്
15 മത്സരങ്ങളില്‍ മുംബൈക്കായി 483 റണ്‍സടിച്ച് ടോപ് സ്കോററായ ക്വിന്‍റണ്‍ ഡീകോക്ക് ആണ് സിക്സ് അടിയില്‍ പത്താമത്. 21 സിക്സുകളാണ് ഡീകോക്ക് പറത്തിയത്.
കോലിയും ധോണിയും ഏറെ പിന്നില്‍, മോശമാക്കാതെ ഹിറ്റ്മാന്‍
11 മത്സരങ്ങളില്‍ 15 സിക്സ് പറത്തി മുംബൈ നായകന്‍ രോഹിത് ശര്‍മ പതിനാലാമതും 14 മത്സരങ്ങളില്‍ 11 സിക്സുകള്‍ പറത്തിയ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി 27-മതും 14 കളികളില്‍ ഏഴ് സിക്സ് പറത്തിയ ചെന്നൈ നായകന്‍ എം എസ് ധോണി 45-ാമതുമാണ്.