ഐപിഎല്‍ 2021: ആരാണ് മികച്ച ക്യാപ്റ്റന്‍? മോര്‍ഗന്‍ മോശമെന്ന് ഗംഭീര്‍! ധോണിയെ കുറിച്ചും വിലയിരുത്തല്‍
ഐപിഎല്‍ (IPL 2021) അതിന്റെ അവസാന ഘട്ടങ്ങളിലേക്ക് കടക്കുകയാണ്. ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (Chennai Super Kings)- ഡല്‍ഹി കാപിറ്റല്‍സ് (Delhi Capitals) മത്സരത്തോടെ പ്ലേഓഫ് ആരംഭിക്കും. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knigt Riders) എന്നിവരാണ് ആദ്യ നാലിലെത്തിയ മറ്റു ടീമുകള്‍. ഇപ്പോള്‍ നാല് ടീമകളുടേയും ക്യാപ്റ്റന്മാര്‍ക്ക് മാര്‍ക്കിട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.
കൊല്‍ക്കത്തയുടെ ഓയിന്‍ മോര്‍ഗനാണ് (Eion Morgan) ഗംഭീറിന്റെ പട്ടികയിലെ മോശം ക്യാപ്റ്റന്‍. എം എസ് ധോണിയെ (MS Dhoni) മികച്ച ക്യാപ്റ്റനായും ഗംഭീര്‍ തിരഞ്ഞെടുത്തു. വിരാട് കോലിയുടെ (Virat Kohli) ചില തീരുമാനങ്ങളെല്ലാം ഗംഭീരമാണെന്ന് മുന്‍ കൊല്‍ക്കത്ത ക്യാപ്റ്റന്‍ വ്യക്തമാക്കി. എന്നാല്‍ റിഷഭ് പന്തിന് (Rishabh Pant) ടീമില്‍ നിന്ന് ലഭിക്കുന്ന പിന്തുണ വലുതാണെന്നും ഗംഭീര്‍ പറഞ്ഞു.
എം എസ് ധോണി
നിലവില്‍ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ധോണിയെന്നുള്ളതില്‍ സംശയമൊന്നുമില്ലെന്നാണ് ഗംഭീറിന്റെ പക്ഷം. ''നായകനെന്ന നിലയില്‍ സമ്മര്‍ദ്ദം കൈകാര്യം ചെയ്യാനുള്ള മികവ് പരിശോധിച്ചാല്‍ എംഎസ് ധോണി തന്നെയാണ് ഏറ്റവും കേമന്‍.'' ഗംഭീര്‍ വ്യക്തമാക്കി.
ഇത്തവണ രണ്ടാം സ്ഥാനക്കാരായിട്ടാണ് ചെന്നൈ പ്ലേ ഓഫിനെത്തുന്നത്. മൂന്ന് തവണ ചെന്നൈയെ കിരീടത്തിലേക്ക് നയിച്ച ചെന്നൈ ഇത്തവണയും ജേതാക്കളാകുമെന്നാണ് കണക്കുകൂട്ടല്‍. വായ തുറന്നാല്‍ ധോണിയെ വിര്‍ശിക്കാറുള്ള ഗംഭീര്‍ ഇത്തവണ പ്രശംസിച്ചത് ആരാധകരേയും അമ്പരിപ്പിച്ചു.
വിരാട് കോലി
കോലിയുടെ ക്യാപ്റ്റന്‍ താന്‍ ആസ്വദിക്കാറില്ലെന്നാണ് ഗംഭീര്‍ പറയുന്നത്. ''കോലിയുടെ ക്യാപ്റ്റന്‍സി എനിക്ക് താല്‍പര്യമില്ല. എന്നാല്‍ ഇത്തവണ അദ്ദേഹമെടുത്ത പല തീരുമാനങ്ങളും മനോഹരമായിരുന്നു.'' ഗംഭീര്‍ വ്യക്താക്കി.
ഒരു പക്ഷെ നായകനായുള്ള അവസാന സീസണ്‍ ആയതുകൊണ്ട് അവന്‍ നന്നായി ആസ്വദിക്കുന്നതുകൊണ്ടാവാമെന്നും ഗംഭീര്‍ പറഞ്ഞു. ശാന്തതയോടെയാണ് കോലി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഇത്തവണ മികച്ച ബൗളര്‍മാരെയും കോലിക്ക് ലഭിച്ചു. -ഗംഭീര്‍ പറഞ്ഞു.
ആര്‍സിബിയുടെ ക്യാപ്റ്റനായി അവസാന സീസണായിരിക്കും ഇതെന്ന് കോലി നേരത്തെ അറിയിച്ചിരുന്നു. ഒരിക്കലെങ്കിലും ഐപിഎല്‍ കിരീടം നേടാനുള്ള ശ്രമവും ടീം മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടാവുന്നുണ്ട്.
യുഎഇയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഫോമാണ് ആര്‍സിബിയുടെ രക്ഷാകവചം. ശ്രീകര്‍ ഭരതും മികച്ച പ്രകടനം പുറത്തെടുക്കുന്നു. ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ബൗളിംഗിലും മികവ് കാണിക്കുന്നു.
വിരാട് കോലി, എബി ഡിവില്ലിയേഴ്, ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ സ്വതസിദ്ധമായ കളിയിലേക്കുയര്‍ന്നാല്‍ ബാംഗ്ലൂരിനെ പിടിച്ചാല്‍ കിട്ടില്ല. മൂന്ന് തവണ ഫൈനലിലെത്തിയിട്ടും നിരാശ മാത്രമായിരുന്നു ആര്‍സിബിക്ക് ലഭിച്ചത്. ഇത്തവണ കിരീടം പൊക്കുമെന്ന് വാശിയിലാണ് ടീം.
റിഷഭ് പന്ത്
മികച്ച ടീമാണ് പന്തിന് തുണയായതെന്നാണ് ഞാന്‍ കരുതുന്നെന്നും ഗംഭീര്‍ വ്യക്തമാക്കി. ''അശ്വിന്‍, സ്മിത്ത് തുടങ്ങിയ പല സീനിയര്‍ താരങ്ങളും ഡല്‍ഹിക്കൊപ്പമുണ്ട്. അശ്വിന്‍ രണ്ട് സീസണില്‍ പഞ്ചാബ് കിങ്സിനെ നയിക്കുകയും ചെയ്തിരുന്നു.'' ഗംഭീര്‍ പറഞ്ഞു.
ഒന്നാം സ്ഥാനക്കാരായിട്ടാണ് ഡല്‍ഹി പ്രാഥമിക മത്സരങ്ങള്‍ അവസാനിപ്പിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം സീസണില്‍ ഡല്‍ഹി ഫൈനലിനെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ബാറ്റിംഗില്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ പന്ത് പ്രശംസ പിടിച്ചുപറ്റി.
ആദ്യ പാദത്തില്‍ സ്ഥിരം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഡല്‍ഹിയെ നയിക്കാന്‍ പന്തിന് അവസരം തെളിഞ്ഞത്. രണ്ടാംപാദം ആയപ്പോഴേക്കും അയ്യര്‍ തിരിച്ചെത്തിയെങ്കിലും പന്ത് തുടര്‍ന്നു.
ഓയിന്‍ മോര്‍ഗന്‍
ഗംഭീറിന്റെ പട്ടികയിലെ മോശം ക്യാപ്റ്റന്‍ മോര്‍ഗനാണ്. അദ്ദേഹത്തെ കുറിച്ച് ഗംഭീര്‍ പറുന്നതിങ്ങനെ... ''ഫീല്‍ഡില്‍ ഇറങ്ങിയതുകൊണ്ട് മാത്രം ക്യാപ്റ്റനാവില്ല. മോര്‍ഗന്‍ കൊല്‍ക്കത്ത ക്യാപ്റ്റനാണോ എന്നെനിക്ക് ഉറപ്പില്ല. വീഡിയോ അനലിസ്റ്റനെ നോക്കി കാര്യങ്ങള്‍ നടപ്പിലാക്കുന്ന രീതിയാണ് മോര്‍ഗന്റേത്.'' ഗംഭീര്‍ വിമര്‍ശിച്ചു.