ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണം ഇപ്പോള്‍ വലിയ ബാധ്യത; നരെയ്‌ന്‍റെ മരുന്ന് തീര്‍ന്നോ?
അബുദാബി: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണമായിരുന്നു സ്‌പിന്നർ സുനിൽ നരെയ്‌നെ ഓപ്പണറാക്കാനുള്ള തീരുമാനം. രണ്ട് സീസണുകളിൽ ഇത് ഫലം കണ്ടെങ്കിലും ഈ പരീക്ഷണം തുടരുന്നത് ഇപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് തിരിച്ചടിയായി മാറുകയാണ്. ഇനിയും ഈ ഭാഗ്യപരീക്ഷണത്തിന് കെകെആര്‍ തയ്യാറാകുമോ?
2017ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്ഡ് ക്യാപ്റ്റൻ ഗൗതം ഗംഭീറിന്റെ പരീക്ഷണം കണ്ട് എല്ലാവരും അമ്പരന്നു.
ഓപ്പണറായി ക്രീസിലെത്തിയ സുനിൽ നരെയ്‌ൻ ബൗളർമാരുടെ അന്തകനായി മാറി.
2012ൽ ഐപിഎല്ലിൽ എത്തിയ സുനിൽ നരെയ്‌ൻ അതിന് മുൻപ് രണ്ടക്കം കണ്ട ഇന്നിംഗ്സുകൾ വിരളം.
2015 സീസണില്‍ എട്ട് മത്സരത്തിൽ കളിച്ചിട്ടും ഒറ്റ റൺ പോലും വിൻഡീസ് താരത്തിന്റെ പേരിൽ കുറിക്കപ്പെട്ടില്ല.
പക്ഷേ, ഗംഭീർ സ്ഥാനക്കയറ്റം നൽകി ക്രീസിലേക്ക് വിട്ടപ്പോൾ നരെയ്‌ൻ നിരാശപ്പെടുത്തിയില്ല.
വാലറ്റക്കാരെ ഗൗനിക്കാതിരുന്ന എതിർടീമുകൾ നരെയ്‌ന്റെ ബാറ്റിന് മറുതന്ത്രമില്ലാതെ വലഞ്ഞു.
2017ൽ 224ഉം 2018ൽ 357ഉം റൺസാണ് നരെയ്‌ൻ അടിച്ചുകൂട്ടിയത്.
എന്നാല്‍ എതിരാളികൾ കളി പഠിച്ചതോടെ കഴിഞ്ഞ സീസണിൽ നരെയ്‌ന്റെ ബാറ്റിൽ നിന്ന് പിറന്നത് 143 റൺസ് മാത്രം.
ഈ സീസണിൽ ആദ്യ ഇന്നിംഗ്സിൽ നേടാനായത് ഒൻപത് റൺസും.
സുനിൽ നരൈനെതിരെ കൃത്യമായ പദ്ധതികളുമായാണ് എതിരാളികൾ എത്തുന്നത്.
സ്‌പെഷ്യലിസ്റ്റ് ഓപ്പണർമാരെ പോലെ ബൗളിംഗ് കരുത്തിനെ മറികടക്കാനുള്ള ആയുധങ്ങൾ ഏറെയൊന്നും കൈയിലില്ല നരെയ്‌ന്.
അതിനാല്‍ ഈ സീസണിൽ റൺസ് വാരിക്കൂട്ടുക അത്ര എളുപ്പമായിരിക്കില്ല. ഇത് കൊൽക്കത്തയുടെ തുടക്കത്തേയും സാരമായി ബാധിക്കും.