ലോകകപ്പ് ടീമിലുണ്ടാകുമോ, മനസിലെന്ത്; തുറന്നുപറഞ്ഞ് സഞ്ജു സാംസണ്‍
ദുബായ്: ഐപിഎല്ലിലെ തിളക്കം തുടര്‍ന്നാല്‍ മലയാളി താരം സഞ്ജു സാംസണിനെ കാത്തിരിക്കുന്നത് വലിയ അവസരങ്ങളാണ്. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ സ്ഥാനം ഉറപ്പിക്കാന്‍ സഞ്ജുവിനുള്ള സുവര്‍ണാവസരമാണ് ഐപിഎല്‍. സീസണിലെ ആദ്യ രണ്ട് മത്സരത്തിലും രാജസ്ഥാന്‍ റോയല്‍സിനായി വെടിക്കെട്ട് അര്‍ധ സെഞ്ചുറി നേടിയ സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമിലേക്കുള്ള സാധ്യതകളെ കുറിച്ച് മനസുതുറന്നിരിക്കുകയാണ്.
'ഇന്ത്യന്‍ ടീമില്‍ എത്തുന്നതിനെ കുറിച്ചൊന്നും ചിന്തിക്കുന്നില്ല. ദേശീയ ടീം തെരഞ്ഞെടുപ്പ് എന്‍റെ കയ്യിലല്ല. മികച്ച പ്രകടനം തുടരാനും പ്രകടനം മെച്ചപ്പെടുത്താനുമാണ് ഞാന്‍ ശ്രമിക്കുന്നത്'
ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തുന്നതിനെയും ലോകകപ്പ് ടീമില്‍ ഇടംപിടിക്കുന്നതിനെയും കുറിച്ചുള്ള ചോദ്യത്തിന് ഏഷ്യാനെറ്റ് ന്യൂസിനോട് സഞ്ജുവിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു.
സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തത് അത്ഭുതം നല്‍കുന്നു എന്ന് ഓസീസ് ഇതിഹാസം ഷെയ്‌ന്‍ വോണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
'എല്ലാ ഫോര്‍മാറ്റിലും സഞ്ജു കളിക്കുന്നില്ലെന്നുള്ളത് എന്നെ അതിശയിപ്പിക്കുന്നു. ക്രിക്കറ്റിലെ എല്ലാ ഷോട്ടുകളും കളിക്കാന്‍ പ്രാപ്തയുള്ളവനാണ് സഞ്ജു. ഓരോ ഇന്നിങ്‌സിലും ക്ലാസ് കാണാം. ആശ്ചര്യപ്പെടുത്തുന്ന പ്രകടനമായിരുന്നു അവന്റേത്. അവനെ വീണ്ടും ഇന്ത്യന്‍ കൂപ്പായത്തില്‍ കാണാനാകുമെന്നാണ് പ്രതീക്ഷ' എന്നും വോണ്‍ പറഞ്ഞു.
ഐപിഎല്‍ മുന്‍ സീസണുകളിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത താരമാണ് സഞ്ജു.
ഇതിനിടെ രണ്ട് തവണകളായി ദേശീയ ടീമിലേക്ക് ക്ഷണം വരികയും ചെയ്തു. 2013ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ സഞ്ജു 2015ല്‍ ഇന്ത്യയ്‌ക്ക് വേണ്ടി ടി20 കളിച്ചു.
എന്നാല്‍ അതിനുശേഷം ഇന്ത്യന്‍ ടീമില്‍ സ്ഥിരസാന്നിദ്ധ്യമാകാന്‍ സഞ്ജുവിന് സാധിച്ചില്ല. പിന്നീട് നാല് മത്സരങ്ങളില്‍ കൂടിയാണ് സഞ്ജുവിന് ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കാനായത്.
ഐപിഎല്ലില്‍ ഇക്കുറി സ്വപ്‌നഫോമിലാണ് സഞ്ജു സാംസണ്‍. കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും വെടിക്കെട്ട് അര്‍ധ സെഞ്ചുറി നേടി.
പഞ്ചാബിനെതിരെ രാജസ്ഥാന്‍ അവിശ്വസനീയ ജയം സ്വന്തമാക്കിയപ്പോള്‍ സഞ്ജു 42 പന്തില്‍ നാല് ഫോറും ഏഴ് സിക്‌സും സഹിതം 85 റണ്‍സെടുത്തു.
ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 32 പന്തില്‍ ഒന്‍പത് സിക്‌സുകള്‍ സഹിതം 74 റണ്‍സെടുത്തിരുന്നു.
2013ല്‍ ഐപിഎല്ലിലെത്തിയ സഞ്ജു തുടര്‍ച്ചയായി രണ്ട് അര്‍ധസെഞ്ചുറി നേടുന്നത് ആദ്യമാണ്.