ഐസിസി ചട്ടം ലംഘിച്ചു; റെക്കോര്‍ഡിട്ടതിന് പിന്നാലെ മിശ്രയ്ക്കെതിരെ ആഞ്ഞടിച്ച് ആരാധകര്‍
അബുദാബി: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്- ഡല്‍ഹി കാപിറ്റല്‍സ് മത്സരത്തില്‍ മികച്ച പ്രകടനവുമായി കയ്യടി നേടിയെങ്കിലും അമിത് മിശ്രയ്ക്ക് ക്രിക്കറ്റ് ആരാധകരുടെ വിമര്‍ശനം. ട്വന്റി 20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടത്തിൽ എത്തിയതിന് പിന്നാലെയായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ വിമര്‍ശനം.
അമിത് മിശ്ര മത്സരത്തിനിടെ പന്തില്‍ തുപ്പല് പുരട്ടിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.
പന്തില്‍ തുപ്പല് പുരട്ടുന്നത് കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഐസിസി വിലക്കിയിരുന്നു.
മിശ്ര പന്തില്‍ തുപ്പല് പുരട്ടിയെങ്കിലും അംപയര്‍മാര്‍ ശ്രദ്ധിക്കാതിരുന്നതിനാല്‍ പന്ത് അണുവിമുക്തമാക്കിയില്ല.
പന്ത് അംപയര്‍ വാങ്ങി വൃത്തിയാക്കിയ ശേഷമേ കളി തുടരാവൂ എന്നാണ് ചട്ടം.
റെക്കോര്‍ഡിട്ട് മിശ്ര
അതേസമയം മത്സരത്തില്‍ റെക്കോര്‍ഡിട്ട് കയ്യടി വാങ്ങുകയും ചെയ്തു മിശ്ര.
ട്വന്റി 20 ബൗളിംഗില്‍ അമിത് മിശ്രയ്ക്ക് വീണ്ടും ഇന്ത്യന്‍ റെക്കോര്‍ഡ്.
ട്വന്റി 20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടത്തിലാണ് അമിത് മിശ്രയെത്തിയത്.
255 വിക്കറ്റുകളുമായി പിയൂഷ് ചൗളയുടെ നേട്ടത്തിനൊപ്പമെത്തി.
ഇന്നലെ രണ്ട് വിക്കറ്റാണ് ഡൽഹി താരമായ മിശ്ര വീഴ്ത്തിയത്. ഐപിഎല്‍ വിക്കറ്റുവേട്ടയിൽ രണ്ടാം സ്ഥാനത്താണ് മിശ്ര.
ആകെ 159 വിക്കറ്റുകള്‍ ഐപിഎല്ലില്‍ മിശ്ര നേടിയിട്ടുണ്ട്. 170 വിക്കറ്റുകളുമായി ലസിത് മലിംഗയാണ് ഒന്നാമത്.
ജയം സണ്‍റൈസേഴ്സിന്
ഐപിഎല്ലില്‍ സ്പിന്നര്‍ റാഷിദ് ഖാന് തിളങ്ങിയ മത്സരത്തില്‍ സൺറൈസേഴ്സ് ഹൈദരാബാദ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി.
ഡൽഹി കാപിറ്റൽസിനെ 15 റൺസിന് ഹൈദരാബാദ് തോൽപ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍(33 പന്തില്‍ 45), ജോണി ബെയര്‍സ്റ്റോ(48 പന്തില്‍ 53), ടീമില്‍ മടങ്ങിയെത്തിയ കെയ്ന്‍ വില്യംസണ്(26 പന്തില്‍ 41) എന്നിവരുടെ മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റിന് 162 റണ്‍സെടുത്തു.
അമിത് മിശ്രയും കാഗിസോ റബാഡയും രണ്ട് വിക്കറ്റ് വീതം നേടി.
താരമായി റാഷിദ് ഖാന്
മറുപടി ബാറ്റിംഗില്‍ ഡല്‍ഹി യുവനിരയെ തുടക്കത്തിലെ സണ്‍റൈസേഴ്സ് പ്രതിരോധത്തിലാക്കി.
ഡല്‍ഹിക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 147 റണ്‍സേ നേടാനായുള്ളൂ. റാഷിദ് ഖാന് മൂന്നും ഭുവനേശ്വര്‍ കുമാര്‍ രണ്ടും ഖലീല്‍ അഹമ്മദും ടി നടരാജനും ഓരോ വിക്കറ്റും നേടി.
34 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ടോപ് സ്കോറര്‍. ഋഷഭ് പന്ത് 28നും ഷിമ്രോന്‍ ഹെറ്റ്മെയര്‍ 21നും ശ്രേയസ് അയ്യര്‍ 17നും പുറത്തായി.
നാല് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത റാഷിദ് ഖാന് ആണ് മാന്‍ ഓഫ് ദ് മാച്ച്.