വില്യംസണ്‍ വരുമോ? ഡല്‍ഹിക്കെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സിന്റെ സാധ്യത ഇലവന്‍ ഇങ്ങനെ
അബുദാബി: ഡല്‍ഹി കാപ്റ്റല്‍സിനെതിരായ ഐപിഎല്‍ മത്സരത്തിനുള്ള ഹൈദരാബാദ് നിരിയല്‍ കെയ്ന്‍ വില്യംസണ്‍ മടങ്ങിയെത്തിയേക്കും. ഐപിഎല്‍ രണ്ട് മത്സരങ്ങള്‍ കളിച്ചെങ്കിലും ഹൈദരാബാദ് രണ്ടിലും പരാജയപ്പെട്ടു. അതുകൊണ്ട് തന്നെ മുഹമ്മദ് നബിക്ക് പകരം ന്യൂസിലന്‍ഡ് ക്യാപ്റ്റനായ വില്യംസണ്‍ ടീമിലെത്തും. ആദ്യജയം തേടിയാണ് ഹൈദരാബാദ് ഇറങ്ങുന്നത്. ഹൈദരാബാദിന്റെ പ്ലയിങ് ഇലവന്‍ നോക്കാം.
ഡേവിഡ് വാര്‍ണര്‍
ടീം ക്യാപ്റ്റനായ ഡേവിഡ് വാര്‍ണര്‍ ഇപ്പോഴും സ്വതസിദ്ധമായ ഫോമിലേക്ക് എത്തിയിട്ടില്ല. ആര്‍സിബിക്കെതിരെ ആറ് റണ്‍സിന് പുറത്തായ താരം രണ്ടാം മത്സരത്തില്‍ 36 റണ്‍സെടുത്തിരുന്നു.
ജോണി ബെയര്‍സ്‌റ്റോ
നന്നായി തുടങ്ങിയ താരമാണ് ബെയര്‍സ്‌റ്റോ. ആര്‍സിബിക്കെതിരെ 43 പന്തില്‍ 61 റണ്‍സാണ് താരം നേടിയത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ പരാജയമായി. പത്ത് പന്തുകള്‍ മാത്രം നേരിട്ട താരം അഞ്ച് റണ്‍സിന് പുറത്തായി.
കെയ്ന്‍ വില്യംസണ്‍
മുഹമ്മദ് നബിക്ക് പകരം ഇന്ന് വില്യംസണ്‍ ടീമിലെത്തുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മധ്യനിര ശക്തിപ്പെടുത്തുകയാണ് ടീമിന്റെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം ഹൈദരാബാദിനെ നയിച്ചിരുന്നത് വില്യംസണായിരുന്നു.
മനീഷ് പാണ്ഡെ
കളിച്ച രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനമായിരുന്നു മനീഷിന്റേത്. ആദ്യ മത്സരത്തില്‍ ആര്‍സിബിക്കെതിരെ 34 റണ്‍സ് നേടിയ താരം രണ്ടാം മത്സരത്തില്‍ 52 റണ്‍സ് സ്വന്തമാക്കി.
വൃദ്ധിമാന്‍ സാഹ
വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് സാഹ തുടര്‍ന്നേക്കും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഏറെ വിമര്‍ശനം കേട്ട താരമാണ് സാഹ. ടെസ്റ്റ് ശൈലിയില്‍ ബാറ്റേന്തിയ സാഹ 31 പന്തില്‍ 30 റണ്‍സാണ് നേടിയത്. ടീമിന്റെ മെല്ലപ്പോക്കിന് പ്രധാന കാരരണം സാഹയായിരുന്നു.
അഭിഷേക് ശര്‍മ
ഓള്‍ റൗണ്ടറായിട്ടാണ് അഭിഷേക് ടീമിലെത്തിയത്. ആര്‍സിബിക്കെതിരെ ഒരു വിക്കറ്റും വീഴ്ത്തി. എന്നാല്‍ ബാറ്റിങ്ങിനെത്തിയപ്പോള്‍ ഏഴ് റണ്‍സെടുത്ത് താരം റണ്ണൗട്ടായി. രണ്ടാം മത്സരത്തില്‍ ഒരു ഓവറില്‍ 11 റണ്‍സ് വഴങ്ങിയിരുന്നു.
പ്രിയം ഗാര്‍ഗ്
ആര്‍സിബിക്കെതിരായ മത്സരത്തില്‍ നാലാമനായി ക്രീസിലെത്തിയ അണ്ടര്‍ 19 താരത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 13 പന്ത്് നേരിട്ട് 12 റണ്‍സ് മാത്രമാണ് നേടിയത്. രണ്ടാം മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചതുമില്ല.
റാഷിദ് ഖാന്‍
രണ്ട് മത്സരങ്ങള്‍ കളിച്ചെങ്കിലും താരത്തിന് ഇതുവരെ ഒരു വിക്കറ്റ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഒരിക്കല്‍ മാത്രമാണ് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നത്. എന്നാല്‍ നിരാശപ്പെടുത്തുകയായിരുന്നു. അഞ്ച് പന്തില്‍ ആറ് റണ്‍സാണ് നേടിയത്.
ഭുവനേശ്വര്‍ കുമാര്‍
ഹൈദരാബാദിന്റെ പേസ് ബൗളിങ് വകുപ്പ് നയിക്കേണ്ട ചുമതലയാണ് ഭുവനേശ്വറിന്. രണ്ട് മത്സരങ്ങളിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിച്ചെങ്കിലും വിക്കറ്റെടുക്കാന്‍ താരത്തിന് സാധിക്കുന്നില്ല. രണ്ട് മത്സരങ്ങളിലും താരത്തിന് വിക്കറ്റ് ലഭിച്ചില്ല.
ഖലീല്‍ അഹമ്മദ്
കൊല്‍ക്കത്തയ്‌ക്കെതിരെ മൂന്ന് ഓവറാണ് ഖലീല്‍ എറിഞ്ഞത്. 28 റണ്‍സ് വഴങ്ങിയ താരം ഒരു വിക്കറ്റും നേടി. ആദ്യ മത്സരത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.
ടി നടരാജന്‍
രണ്ട് മത്സരങ്ങളിലും സാമാന്യം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത താരമാണ് നടരാജന്‍. ആദ്യ മത്സരത്തില്‍ ആര്‍സിബിക്കെതിരെ നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി. രണ്ടാം മത്സരത്തിലും താരത്തിന് വിക്കറ്റുണ്ടായിരുന്നു.