ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജേഴ്‌സിയിലെ പേര് മാറ്റി, ഇനി മുതല്‍ ഭാരത്; ശരിയോ? Fact Check
ടീം ഇന്ത്യയുടെ ജേഴ്‌സി ഭാരത് എന്നാക്കിയെന്നൊരു പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമാണ്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്‌സിയില്‍ ഇന്ത്യ എന്നത് മാറ്റി ഭാരത് എന്നാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. രാജ്യത്തിന്‍റെ പേര് ഭാരത് എന്നാക്കി മാറ്റാന്‍ പോകുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്. ഇതിന്‍മേല്‍ വലിയ ചര്‍ച്ചകള്‍ നടന്നതിന് തുടര്‍ച്ചയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്‌സിയിലെ എഴുത്ത് മാറ്റിയോ? ടീം ഇന്ത്യയുടെ ജേഴ്‌സി ഭാരത് എന്നാക്കിയെന്നൊരു പ്രചാരണം ശക്തമാണ്. എന്താണ് ഇതിലെ വസ്‌തുത എന്ത് നോക്കാം.
പ്രചാരണം
ഇനി മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ കുപ്പായത്തില്‍ ഇന്ത്യ എന്നതിന് പകരം ഭാരത് എന്നായിരിക്കും രേഖപ്പെടുത്തുക എന്നാണ് ചിത്രം സഹിതം തരുണ്‍ മലാക്കര്‍ എന്നയാള്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും സൂപ്പര്‍ താരം വിരാട് കോലിയും ഭാരത് എന്നെഴുതിയ ജേഴ്‌സിയണിഞ്ഞ് നില്‍ക്കുന്ന ചിത്രവും പോസ്റ്റിലുണ്ടായിരുന്നു. ഇതോടെ ആരാധകര്‍ വലിയ ആശങ്കക്കുഴപ്പത്തിലായതായി കമന്‍റ് ബോക്‌സില്‍ നോക്കിയാല്‍ മനസിലാകും. അതിനാല്‍ തന്നെ ഈ പ്രചാരണത്തിന്‍റെ വസ്‌തുത എന്തെന്ന് തിരയാം.
വസ്‌തുത
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്‌സിയില്‍ ഇപ്പോഴും ഇന്ത്യ എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്. കിറ്റ് സ്‌പോണ്‍സര്‍മാരായ അഡിഡാസിന്‍റെ വെബ്‌സൈറ്റില്‍ കയറി പരിശോധിച്ചപ്പോള്‍ ഇക്കാര്യം ബോധ്യപ്പെട്ടു. വെബ്‌സൈറ്റില്‍ വില്‍പനയ്‌ക്ക് വച്ചിരിക്കുന്ന ജേഴ്‌സികളില്‍ ഇന്ത്യ എന്നാണ് എഴുതിയിരിക്കുന്നത്. ഇന്ത്യ എന്നെഴുതിയ കുപ്പായം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, ശുഭ്‌മാന്‍ ഗില്‍ തുടങ്ങിയ താരങ്ങളുടേതായി അഡിഡാസിന്‍റെ വൈബ്‌സൈറ്റില്‍ കണ്ടെത്താനായി. ഇന്ത്യന്‍ ടീമിന്‍റെ ജേഴ്‌സിയില്‍ പേര് ഭാരത് എന്നെഴുതിയിരിക്കുന്നു എന്ന പ്രചാരണം വ്യാജമാണ്. ഇന്ത്യ എന്ന സ്ഥാനത്ത് ഭാരത് എന്ന് എഡിറ്റ് ചെയ്‌ത് ചേര്‍ത്ത ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
അഡിഡാസ് വെബ്‌സൈറ്റില്‍ നിന്നുള്ള സ്ക്രീന്‍ഷോട്ട്
Read more: പടുകൂറ്റന്‍ കെട്ടിടത്തിന്‍റെ സ്ഥാനത്ത് പൊടിപടലം മാത്രം; ചില്ലുപോലെ ഉടഞ്ഞ് മഹാമന്ദിരം- Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം