വണ്ടികള്‍ റോഡിലല്ല, പറന്ന് വായുവില്‍; വീഡിയോ കൊച്ചിയില്‍ നിന്നോ? Fact Check
റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ അപ്രതീക്ഷിതമായി കുതിച്ചുയരുന്ന വീഡിയോയാണ് കേരളത്തില്‍ വൈറലായിരിക്കുന്നത്
കൊച്ചി: വൈറ്റില കുണ്ടന്നൂർ മേൽപ്പാലത്തിലൂടെ കുതിച്ചുപായുന്ന കാര്‍ റോഡിന്‍റെ അശാസ്ത്രീയ നിര്‍മാണം കാരണം പറന്നുയരുന്നു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കില്‍ കാണാം. എന്താണ് ഈ വീഡിയോ പ്രചാരണത്തിന്‍റെ വസ്‌തുത?
പ്രചാരണം
'വൈറ്റില കുണ്ടന്നൂർ മേൽപ്പാലത്തിലെ അശാസ്ത്രീയ പാതയിലൂടെ വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക📢അപകടം പതിഞ്ഞിരുപ്പുണ്ട് !!! ....ഇതൊന്നും ശ്രദ്ധിക്കാൻ നമ്മുടെ സർക്കാരിന് നേരമില്ല .... വണ്ടിയുടെ മുന്നിലെ ലൈറ്റുകൾ പിടിക്കാനും മറ്റും എക്ട്രാ ഫിറ്റിങ്സുകൾ പിടക്കാനും അല്ലെ നേരം ഉള്ളൂ'- എന്ന കുറിപ്പോടെയാണ് ഒരു ഫേസ്‌ബുക്ക് യൂസര്‍ വീഡിയോ 2024 നവംബര്‍ 4ന് ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിട്ടുള്ളത്. ആദ്യം വരുന്ന ഒരു കാര്‍ റോഡില്‍ നിന്ന് കുതിച്ച് പറക്കുന്നതും, പിന്നാലെ വലിയ ട്രക്കുകള്‍ സമാനമായി റോഡില്‍ നിന്ന് ചാടിയുയരുന്നതും വീഡിയോയില്‍ കാണാം. 16 സെക്കന്‍ഡാണ് വീഡിയോയുടെ ദൈര്‍ഘ്യം.
വസ്‌തുതാ പരിശോധന
ഈ വീഡിയോ കുണ്ടന്നൂരില്‍ നിന്നുള്ളതല്ല എന്ന് സൂചിപ്പിക്കുന്ന കമന്‍റുകള്‍ എഫ‌്ബി പോസ്റ്റിന് താഴെ വന്നിരിക്കുന്നതാണ് വസ്‌തുത പരിശോധിക്കാന്‍ കാരണമായത്.
വൈറല്‍ വീഡിയോയുടെ പശ്ചാത്തലം പരിശോധിച്ചപ്പോള്‍ വീഡിയോ സഹിതം വാര്‍ത്ത ദേശീയ മാധ്യമങ്ങളായ ഇന്ത്യാ ടുഡേയും ഇക്കണോമിക് ടൈംസും 2024 ഒക്ടോബര്‍ മാസം പ്രസിദ്ധീകരിച്ചതാണ് എന്ന് മനസിലാക്കാനായി. ഹരിയാനയിലെ ഗുരുഗ്രാമില്‍ മാര്‍ക്ക് ചെയ്യാത്ത സ്‌പീഡ് ബംബിന് മുകളിലൂടെ കാറും ട്രക്കുകളും പറന്നുയരുന്ന വീഡിയോ വൈറലായി എന്ന തലക്കെട്ടോടെയാണ് ഈ വാര്‍ത്തകള്‍. കുണ്ടന്നൂരിലേത് എന്ന അവകാശവാദത്തോടെ ഇപ്പോള്‍ മലയാളം തലക്കെട്ടോടെ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്ന സമാന ദൃശ്യമാണ് വാര്‍ത്തകളില്‍ കാണുന്നത് എന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തം.
നിഗമനം
അശാസ്ത്രീയ നിര്‍മാണം കാരണം കൊച്ചിയിലെ റോഡില്‍ നിന്ന് വാഹനങ്ങള്‍ ഓട്ടത്തിനിടെ ചാടിയുയരുന്നതായുള്ള വീഡിയോ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്. ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നുള്ള ദൃശ്യമാണ് കൊച്ചിയിലേത് എന്ന ആരോപണത്തോടെ കേരളത്തില്‍ പ്രചരിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം