അതീവ ജാഗ്രത പാലിക്കുക; ട്രായ്‌യുടെ പേരിലുള്ള ആ ഫോണ്‍ കോള്‍ വ്യാജം, ആരും അതില്‍ വീഴരുത്
ടെലികോം റെഗുലേറ്ററി അതോററ്റി ഓഫ് ഇന്ത്യയില്‍ നിന്ന് വിളിക്കുന്നു എന്ന പേരിലാണ് ഫോണ്‍ കോളുകള്‍ വരുന്നത്
ദില്ലി: മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്യും എന്ന ഭീഷണിയോടെ ടെലികോം റെഗുലേറ്ററി അതോററ്റി ഓഫ് ഇന്ത്യയില്‍ (ട്രായ്) നിന്നെന്ന പേരില്‍ പലര്‍ക്കും ഒരു ഫോണ്‍ കോള്‍ ലഭിക്കുന്നുണ്ട്. ഈ കോള്‍ പലരെയും ആശയക്കുഴപ്പത്തിലാക്കിയ സാഹചര്യത്തില്‍ ഫോണ്‍വിളിയുടെ വസ്‌തുത എന്താണ് എന്ന് നോക്കാം.
പ്രചാരണം
ട്രായ്‌യില്‍ നിന്നെന്ന പേരില്‍ ഓഡിയോ കോളാണ് നിരവധിയാളുകളുടെ മൊബൈല്‍ ഫോണിലേക്ക് വരുന്നത്. അബ്‌നോര്‍മല്‍ ഫോണ്‍ ബിഹേവിയര്‍ കാരണം നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉടനടി ബ്ലോക്ക് ചെയ്യും എന്നാണ് ഫോണ്‍ വിളിക്കുന്നയാള്‍ പറയുന്നത്. കേരളത്തിലുള്ളവര്‍ക്ക് അടക്കം ഈ കോള്‍ ലഭിക്കുന്നുണ്ട്.
വസ്‌തുത
ഈ കോള്‍ ടെലികോം റെഗുലേറ്ററി അതോററ്റി ഓഫ് ഇന്ത്യയില്‍ നിന്നുള്ളതല്ല എന്നതാണ് യാഥാര്‍ഥ്യം. നമ്പര്‍ വിച്ഛേദിക്കുമെന്ന് പറഞ്ഞ് ട്രായ് ആര്‍ക്കും മെസേജ് അയക്കുകയോ കോള്‍ വിളിക്കുകയോ ചെയ്യില്ലെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി. ഇത്തരം സൈബര്‍ തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതി നല്‍കാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം