വാണി വിശ്വനാഥ് തിരിച്ചെത്തുന്നു; ബാബുരാജിന്‍റെ നായികയായി ക്രൈം ത്രില്ലര്‍ ചിത്രത്തില്‍
ഒരു നല്ല കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്താന്‍ ഏറെ സന്തോഷമെന്ന് വാണി വിശ്വനാഥ്
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ക്യാമറയ്ക്കു മുന്നിലേക്ക് മലയാളികളുടെ പ്രിയതാരം വാണി വിശ്വനാഥ് (Vani Viswanath). 2014ല്‍ പുറത്തിറങ്ങിയ 'മാന്നാര്‍ മത്തായി സ്‍പീക്കിംഗ് 2' എന്ന ചിത്രത്തിലെ അതിഥിവേഷത്തിനു ശേഷം വാണി സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. നായികയായുള്ള തിരിച്ചുവരവ് ചിത്രത്തിലെ നായകന്‍ ഭര്‍ത്താവ് ബാബുരാജ് (Baburaj) തന്നെയാണ്. നവാഗതനായ ജിതിന്‍ ജിത്തു സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ ചിത്രത്തിന്‍റെ പേര് 'ദ് ക്രിമിനല്‍ ലോയര്‍' (The Criminal Lawyer) എന്നാണ്. ചിത്രത്തിന്‍റെ ടൈറ്റില്‍ ലോഞ്ച് (Title Launch) തിരുവനന്തപുരത്ത് നടന്നു.
ഒരു നല്ല കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്താന്‍ ഏറെ സന്തോഷമുണ്ടെന്ന് വാണി വിശ്വനാഥ് വേദിയില്‍ പറഞ്ഞു- "വീണ്ടും എന്‍റെ മലയാളി പ്രേക്ഷകരെ കാണാന്‍ പോകുന്നു എന്നതില്‍ വളരെ സന്തോഷമുണ്ട്. അത് നല്ലൊരു കഥാപാത്രത്തിലൂടെയാവുന്നതില്‍ അതിലേറെ സന്തോഷം. നല്ലൊരു കഥാപാത്രത്തിനുവേണ്ടി വാണിച്ചേച്ചി കാത്തിരിക്കുകയായിരുന്നോ എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. തീര്‍ച്ഛയായിട്ടും അല്ല. എന്‍റേതായ ചില കാര്യങ്ങള്‍ക്കുവേണ്ടി ഞാന്‍ സിനിമ മാറ്റിവച്ചു എന്നേയുള്ളൂ. തിരിച്ചുവരുമ്പോള്‍ അത് നല്ലൊരു കഥാപാത്രത്തിലൂടെയായി എന്നത് നിമിത്തം മാത്രം. ഞാന്‍ ത്രില്ലര്‍, ക്രൈം പടങ്ങളുടെ വലിയൊരു ആരാധികയാണ്. ഈ സിനിമയുടെ ത്രെഡ് എനിക്ക് വളരെ ഇഷ്‍ടപ്പെട്ടു. അങ്ങനെ ഇത് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. മാന്നാര്‍ മത്തായിക്കുശേഷം നിങ്ങള്‍ എനിക്കു തന്ന പിന്തുണയും പ്രോത്സാഹനവും ചെറുതല്ല. അത് എന്നും ഉണ്ടായിരിക്കണം. റിയലിസ്റ്റിക് ആയ പടങ്ങള്‍ മാത്രം കാണുന്ന മലയാളി പ്രക്ഷകരുടെയിടയില്‍ കുറച്ച് റിയലിസ്റ്റിക് അല്ലാത്ത കഥാപാത്രങ്ങള്‍ ചെയ്‍ത് കയ്യടി വാങ്ങിയിട്ടുള്ളവളാണ്. അതുപോലെയുള്ള പിന്തുണ എപ്പോഴും ഉണ്ടായിരിക്കുക", വാണി പറഞ്ഞുനിര്‍ത്തി.
തേര്‍ഡ് ഐ മീഡിയ മേക്കേഴ്സിന്‍റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രത്തിന്‍റെ തിരക്കഥ ഉമേഷ് എസ് മോഹന്‍ ആണ്. ജഗദീഷ്, നിര്‍മ്മാതാവ് സുരേഷ് കുമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ടൈറ്റില്‍ ലോഞ്ചിന് എത്തിയിരുന്നു.